മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രേവതി. ഭാരതിരാജ സംവിധാനം ചെയ്ത മണ്‍ വാസനൈ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച രേവതി, കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറി. കമല്‍ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലൂടെ യാണ് താരം ശ്രദ്ധിക്കപ്പെട്ടത്.
മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ച രേവതി സംവിധാനത്തിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. രേവതിയുടെ കരിയറിലെ മികച്ച പെര്‍ഫോമന്‍സിലൊന്നായിരുന്നു ദേവാസുരത്തിലെ ഭാനുമതി. മോഹന്‍ലാലും രേവതിയും പധാനവേഷങ്ങളിലെത്തിയ ചിത്രം രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി. ശശിയാണ് സംവിധാനം ചെയ്തത്.
നര്‍ത്തകിയായ ഭാനുമതി എന്ന ശക്തമായ വേഷത്തിലാണ് രേവതി സിനിമയില്‍ എത്തിയത്. സിനിമയില ഐക്കോണിക് സീനുകളില്‍ ഒന്നാണ് മംഗലശേരി നീലകണ്ഠന്റെ മുന്നിലേക്ക് നൃത്തം ചെയ്തതിന് ശേഷം ചിലങ്ക വലിച്ചെറിയുന്നത്. ഇപ്പോള്‍ റെഡ് എഫ്.എമ്മുമായുള്ള അഭിമുഖത്തില്‍ ദേവാസുരം സിനിമയെ കുറിച്ചും ആ സീനിനെ കുറിച്ചും സംസാരിക്കുകയാണ് രേവതി.
‘ദേവാസുരത്തിന്റെ കഥ എന്റെയടുത്ത് വന്ന് പറഞ്ഞത് രഞ്ജിത്താണ്. ശശിയേട്ടനും കൂടെയുണ്ടായിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ യെസ് പറഞ്ഞിരുന്നു. ഭാനുമതി എന്ന കഥാപാത്രത്തെ ശരിക്കും മനസിലാക്കാന്‍ വേണ്ടി ഞാന്‍ ശശിയേട്ടന്റെ കൂടെ കുറെ ഇരുന്നിട്ടുണ്ട്.
അവളുടെ രീതി എങ്ങനെയാണ്. എങ്ങനെയാണ് അവള്‍ ഇത്രയും ബോള്‍ഡായ ആളായി മാറിയത് എന്നൊക്കെ ഞാന്‍ ചോദിച്ചിട്ടുണ്ട്. അങ്ങനെ കുറെ ചോദ്യങ്ങള്‍ ഞാന്‍ രഞ്ജിത്തിനോട് ചോദിച്ചിട്ടുണ്ട്. ഒരോ സംശയം ഞാന്‍ ചോദിക്കുമ്പോള്‍ ‘ അതിന്റെ ഉത്തരം ഞാന്‍ വേണമെങ്കില്‍ രജിത്തിനോട് ചോദിക്കാം എന്ന് ശശിയേട്ടന്‍ പറയുമായിരുന്നു.
ചിലങ്ക വലിച്ചെറിയുന്ന സീന്‍ അങ്ങ് സംഭവിച്ച് പോയതാണ്, ഞാന്‍ അതിന് പ്രത്യേകിച്ച് എഫേര്‍ട്ട് ഒന്നും എടുത്തിട്ടില്ല. ശശിയേട്ടന് എന്നില്‍ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു, അതുകൊണ്ടാണ് നല്ലരീതിയില്‍ ആ സീന്‍ ചെയ്യാന്‍ കഴിഞ്ഞത്,’ രേവതി പറയുന്നു.
പാരലല്‍ സിനിമ കൊമേഴ്ഷ്യല്‍ സിനിമ എന്നീ ഴോണറുകള്‍ മുമ്പ് സിനിമയിലുണ്ടായിരുന്നുവെന്നും അതൊക്കെ ഇന്ന് ഒരുപാട് മാറിയെന്നും രേവതി പറയുന്നു. കൊമേഴ്ഷ്യല്‍, റിയലസ്റ്റിക് എന്നീ എലമെന്റുകളൊക്കെ ഒരുമിച്ചാണ് ഇപ്പോള്‍ സിനിമയില്‍ വരുന്നതെന്നും അതൊരു നല്ല മാറ്റമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
അസ്സിയാണ് രേവതിയുടേതായി വരാനിരിക്കുന്ന ചിത്രം ദപ്പട് സിനിമയ്ക്കു ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തപ്‌സി പന്നുവാണ് നായിക. സിനിമയില്‍ രേവതിയും കനി കുസൃതിയും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
Content Highlight: Revathi talks about the movie Devasuram and the scene with mohanlal