രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് ഒരുപോലെ പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയ ചിത്രമാണ് ഭൂതകാലം. വിനു എന്ന കഥാപാത്രമായി ഷെയ്ൻ നിഗവും ആശ എന്ന കഥാപാത്രമായി രേവതിയും ചിത്രത്തിലെത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളികളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ ഒരു ചിത്രം കൂടിയായിരുന്നു ഭൂതകാലം.
സൈക്കോളജിക്കൽ ത്രില്ലർ അല്ലെങ്കിൽ ഹൊറർ സിനിമ എന്നു പറയുമ്പോൾ സാധാരണയായി അതിലൊരു ആവർത്തിക്കപ്പെടുന്ന ഫോർമുല ഉണ്ടാകും. എന്നാൽ അത്തരത്തിലുള്ള സമവാക്യങ്ങളിൽ ഒതുങ്ങാത്ത, വ്യത്യസ്തമായ അനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ഭൂതകാലം.
ഇപ്പോഴിതാ താൻ ഭൂതകാലം സിനിമ കണ്ടിട്ടില്ലെന്നും ഹൊറർ സിനിമകളോട് പേടിയുള്ളതിനാൽ അത് കാണാൻ കഴിയില്ലെന്ന് സംവിധായകനോട് ആദ്യമേ പറഞ്ഞിരുന്നുവെന്നും രേവതി പറയുന്നു.
ഭൂതകാലം, Photo: Prime Video
‘ഭൂതകാലം സിനിമ ഞാൻ കണ്ടിട്ടില്ല. എനിക്ക് പ്രേത സിനിമകൾ ഇഷ്ടമല്ല. അത് ഞാൻ രാഹുലിന്റെ അടുത്ത് ആദ്യം തന്നെ പറഞ്ഞിരുന്നു. ‘ഞാൻ ഈ പടം കാണില്ലാട്ടോ, എനിക്ക് കാണാൻ പറ്റില്ല. ഞാൻ അഭിനയിക്കാം, പക്ഷെ ഞാൻ കാണില്ല’ എന്ന്. ഇനിയിപ്പോ എപ്പോഴെങ്കിലും വോളിയം ഒക്കെ മ്യൂട്ട് ആക്കിയിട്ട് ഒരിക്കൽ കാണാം,’ എന്നാണ് രേവതി പറഞ്ഞത്.
ഒരു സിനിമക്ക് പ്രേക്ഷകരെ ഇത്രത്തോളം ഭയപ്പെടുത്താൻ കഴിയുക എന്നത് ചെറിയ കാര്യമല്ല. ഹൊറർ ചിത്രങ്ങൾ അങ്ങനെ തന്നെയാണെങ്കിലും ഭൂതകാലം മുഴുവൻ കണ്ട് തീർക്കാൻ പോലും പേടിച്ചുപോയ ഒരുപാട് പ്രക്ഷകരുണ്ട്. മലയാളത്തിൽ മാത്രമല്ല, മറ്റ് ഭാഷകളിലെ പ്രക്ഷകർക്കിടയിലും ചർച്ചയായ ചിത്രമായിരുന്നു ഭൂതകാലം.
ഭൂതകാലം, Photo: YouTube/ Screengrab
മലയാളത്തിൽ മികച്ച ഹൊറർ സിനിമകൾ വളരെ കുറവായിരുന്ന സമയത്താണ് രാഹുൽ സദാശിവൻ ഭൂതകാലവുമായി എത്തിയത്. ഇന്ത്യൻ ഹൊറർ സിനിമകളിൽ പലതും ഗുണമേന്മ കുറഞ്ഞതായി വിമർശിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ, ഒരു പുതിയ അനുഭവമായി ഈ ചിത്രം എത്തിയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
കൗതുകകരമായ മറ്റൊരു കാര്യം എന്തെന്നാൽ, ഹൊറർ സിനിമകളോട് പേടിയുള്ളതിനാൽ ഭൂതകാലം ഇതുവരെ കണ്ടിട്ടില്ലെന്ന് പറയുന്ന രേവതിക്കാണ് ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചതെന്നും പ്രേക്ഷകർ ഓർമിക്കുന്നു.
Content Highlight: Revathi talk about the movie Bhoothakaalam