| Tuesday, 7th October 2025, 6:01 pm

റിയലിസ്റ്റിക്കായ സിനിമ; തലവരയിലെ സന്ധ്യയാകാന്‍ അധികം മുന്നൊരുക്കങ്ങള്‍ വേണ്ടി വന്നില്ല: രേവതി ശര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തലവരയില്‍ സന്ധ്യ എന്ന കഥാപാത്രത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് നടി രേവതി ശര്‍മ. തമിഴ് പ്രേക്ഷകര്‍ക്ക് സുപരിചിതയായ രേവതിയുടെ മലയാളത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു തലവര. സിനിമയില്‍ ഒരു തമിഴ് കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

സന്ധ്യ തനിക്ക് വളരെയധികം റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമായിരുന്നുവെന്ന് രേവതി പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു നടി.

‘വളരെ റിയലിസ്റ്റിക്കായ സിനിമയാണ് തലവര. അതിലെ കഥയും കഥാപാത്രങ്ങളും യഥാര്‍ഥമാണ്. അതിനാല്‍ വളരെ സ്വാഭാവികമായി അവതരിപ്പിച്ചാല്‍ മതിയെന്ന് അഖില്‍ പറഞ്ഞിരുന്നു. അതിനാല്‍ അധികം മുന്നൊരുക്കങ്ങളൊന്നും വേണ്ടിവന്നില്ല.

സിനിമയിലൂടെയും സന്ധ്യ എന്ന കഥാപാത്രത്തിലൂടെയും ഉദ്ദേശിക്കുന്ന പൊരുള്‍ പ്രേക്ഷകരിലേക്കും എത്തിച്ചേരണം. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ എനിക്ക് സന്ധ്യയോട് തോന്നിയതെന്തോ അത് ഒന്നോ രണ്ടോ ആള്‍ക്കെങ്കിലും തോന്നണം. വികാരാധീനമായ രംഗങ്ങളുണ്ട്.

സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍തന്നെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തിരുന്നുവെന്നും എത്രത്തോളം കഷ്ടപ്പെട്ടിട്ടാണോ സിനിമ എടുത്തത്, അതുപോലെ പ്രേക്ഷകര്‍ക്കും സിനിമ ആസ്വദിക്കാനാവണം എന്നത് മാത്രമായിരുന്നു തങ്ങളുടെ ആഗ്രഹമെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

അഖില്‍ അനില്‍കുമാറും അപ്പു അസ്‌ലമും ചേര്‍ന്ന് തിരക്കഥയെഴുതി അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത് ഓഗസ്റ്റ് 22 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് തലവര. ഷെബിന്‍ ബാക്കര്‍ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ ഷെബിന്‍ ബാക്കറും മൂവിങ് നറേറ്റീവ്‌സിന്റെ ബാനറില്‍ മഹേഷ് നാരായണനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Content highlight:  Revathi Sharma talks about the preparations she made for the role of Sandhya in Thalavara

We use cookies to give you the best possible experience. Learn more