തലവരയുടെ തിരക്കഥ തികച്ചും വ്യത്യസ്തമായതുകൊണ്ടാണ് താന്‍ അത് തെരഞ്ഞെടുത്തതെന്ന് നടി രേവതി ശര്‍മ. കഥ കേള്‍ക്കുമ്പോള്‍ അടുത്തത് എന്തായിരിക്കും എന്ന് ഊഹിക്കാമെന്നും എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായിരുന്നു തലവരയുടെ സ്റ്റോറിയെന്നും രേവതി പറഞ്ഞു. അര്‍ജുന്‍ അശോകന്‍ പ്രധാനവേഷത്തിലെത്തിയ തലവരയില്‍ സന്ധ്യ എന്ന കഥാപാത്രത്തെയാണ് രേവതി അവതരിപ്പിച്ചത്.
ഗരുഡന്‍, 1947 ഓഗസ്റ്റ് 16 എന്നീ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് പരിചിതയാണ് രേവതി. തലവരയിലൂടെ മലയാളത്തിലേക്ക് ചുവടുവെച്ച നടി സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു. തലവരയുടെ കഥ മാത്രമല്ല സംവിധായകന്‍ കഥപറയുന്ന രീതിയും വ്യത്യസ്തമായിരുന്നുവെന്നും ഊഹിച്ചതില്‍നിന്ന് തികച്ചും വ്യത്യസ്തമായ കഥയും കാഴ്ചപ്പാടുമാണ് തനിക്ക് കിട്ടിയതെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘ഓരോ കഥാപാത്രവും യാഥാര്‍ഥ്യവുമായി വളരെ ചേര്‍ന്നുനില്‍ക്കുന്നതായി തോന്നി കൂടാതെ വിറ്റിലിഗോ അവസ്ഥയിലുള്ള കഥാപാത്രമായിരുന്നു അര്‍ജുന്‍ അശോകന്റേത്. അധികം സിനിമകളൊന്നും അതേപ്പറ്റി സംസാരിച്ചിട്ടില്ല.
സിനിമയില്‍ വിറ്റിലിഗോ എന്ന അവസ്ഥയെ അസാധാരണമായ ഒരു കാര്യമായിട്ടല്ല അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങള്‍ ആ അവസ്ഥകൊണ്ടുമാത്രമല്ല, അതിനെക്കാള്‍ പ്രധാനപ്പെട്ട മറ്റുകാര്യങ്ങള്‍കൊണ്ടുകൂടിയാണ് എന്ന് സിനിമ പറയുന്നുണ്ട്,’ രേവതി പറയുന്നു.
ഷെബിന്‍ ബക്കര്‍, മഹേഷ് നാരായണന്‍ എന്നിങ്ങനെ വലിയൊരു പ്രൊഡക്ഷന്റെ ഭാഗമാവാമെന്നതും ഈ സിനിമയിലേക്ക് തന്നെ സ്വാധീനിച്ചുവെന്നും രേവതി പറഞ്ഞു. ഈ സിനിമ തെരഞ്ഞെടുക്കാന്‍ തനിക്ക് പ്രത്യേകിച്ച് ആലോചിക്കേണ്ടിവന്നില്ലെന്നും എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് താന്‍ ഓക്കെ ആകുമോ എന്നായിരുന്നു തന്റെ പേടിയെന്നും നടി കൂട്ടിച്ചേര്‍ത്തു.
Content highlight: Revathi Sharma said that she chose Tavalara because its script was completely different