| Monday, 10th August 2026, 10:40 pm

ഞാനാണ് ബൈക്ക് ഓടിക്കുന്നതെന്നറിഞ്ഞപ്പോള്‍ ഉര്‍വശിക്ക് ടെന്‍ഷനായി, പേടിച്ച് വിറച്ചതുകൊണ്ട് എനിക്ക് വണ്ടിയോടിക്കാന്‍ പറ്റിയില്ല: രേവതി

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരിലൊരാളാണ് രേവതി. കമല്‍ സംവിധാനം കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികളിലൂടെ കരിയറാരംഭിച്ച രേവതി സിനിമാലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. സംവിധായികയായും താരം സിനിമാലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്.

കരിയറില്‍ താന്‍ ഒന്നിച്ചഭിനയിച്ച നടിമാരെക്കുറിച്ച് സംസാരിക്കുകയാണ് രേവതി. ഉര്‍വശിയുമായി താന്‍ അഭിനയിച്ചപ്പോളെല്ലാം കൂടെ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടിയിരുന്നെന്ന് രേവതി പറഞ്ഞു. ആദ്യമായി ഒന്നിച്ച മഗളീര്‍ മട്ടും എന്ന ചിത്രത്തില്‍ മറക്കാനാകാത്ത ധാരാളം അനുഭവങ്ങളുണ്ടെന്നും താരം പറഞ്ഞു. കമല്‍ ഹാസനായിരുന്നു ആ ചിത്രത്തിന്റെ നിര്‍മാതാവെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

രേവതി.photo.screen grab/youtube

ചിത്രത്തില്‍ നാസര്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തെ ചെയ്‌സ് ചെയ്യുന്ന സീനുണ്ടെന്നും ബൈക്കിലാണ് ചെയ്‌സ് ചെയ്തതെന്നും രേവതി പറയുന്നു. ആ സീനില്‍ തന്നോടാണ് സംവിധായകന്‍ ബൈക്ക് ഓടിക്കാന്‍ പറഞ്ഞതെന്നും ആദ്യം തനിക്ക് ടെന്‍ഷനായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജെ.എഫ്.ഡബ്ല്യൂ ബിഞ്ചിനോട് സംസാരിക്കുകയായിരുന്നു താരം.

‘യെസ്ഡീയുടെ ഒരു ബൈക്കായിരുന്നു എനിക്ക് ഓടിക്കാന്‍ തന്നത്. സിംഗിതം സാര്‍ എന്നോട് ഓടിക്കാനറിയാമോ എന്നൊക്കെ ചോദിച്ചു. അത്യാവശ്യം നല്ല രീതിയില്‍ ഓടിക്കാന്‍ പറ്റുമെന്ന് മറുപടി നല്‍കി. അദ്ദേഹത്തിന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഈ വിവരം കേട്ടതും ഉര്‍വശിക്ക് ടെന്‍ഷനായി. ഞാന്‍ അവളെ വീഴ്ത്തിയിടുമോ എന്നായിരുന്നു അവളുടെ ടെന്‍ഷന്‍.

എന്റെയടുത്ത് വന്നിട്ട് ‘നിനക്ക് ശരിക്കും ബൈക്ക് ഓടിക്കാന്‍ അറിയുമോ, എന്നെ വീഴ്ത്തിയടുകയൊന്നും ഇല്ലല്ലോ’ എന്ന് ചോദിച്ചുകൊണ്ടേയിരുന്നു. ഓക്കെയാണെന്നൊക്കെ ഞാന്‍ ആശ്വസിപ്പിച്ചെങ്കിലും അവളുടെ ടെന്‍ഷന്‍ മാറിയില്ല. ഒടുവില്‍ എന്റെയും രോഹിണിയുടെയും നടുക്ക് ഉര്‍വശിയെ ഇരുത്തിയിട്ടാണ് ആ സീന്‍ എടുത്തത്,’ രേവതി പറയുന്നു.

ഇന്ത്യന്‍ സിനിമയിലെ ലെജന്‍ഡറി സംവിധായകനായ സിംഗിതം  ശ്രീനിവാസ റാവു സംവിധാനം ചെയ്ത് 1994ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഗളീര്‍ മട്ടും. മൂന്ന് സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് പറയുന്ന കഥ കോമഡിയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയത്. ചിത്രത്തിന് ഇന്നും സിനിമാപേജുകളില്‍ വലിയ ഫാന്‍ ബേസുണ്ട്.

Content Highlight: Revathi shares the unforgettable shooting experience with Urvashi

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more