| Monday, 16th February 2026, 6:30 pm

ഇന്നസെന്റേട്ടന്റെ പെര്‍ഫോമന്‍സ് കണ്ട് ചിരിയടക്കാനായില്ല, പ്രിയനോട് ചോദിച്ച് ഞാന്‍ ക്യാമറക്ക് പിന്നില്‍ പോയി നിന്നു: രേവതി

അമര്‍നാഥ് എം.

മലയാളികളുടെ പ്രിയനടിമാരില്‍ ഒരാളാണ് രേവതി. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലൂടെയാണ് രേവതി സിനിമാജീവിതം ആരംഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സംവിധാനരംഗത്തും രേവതി തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും താരത്തെ തേടിയെത്തി.

മലയാളത്തില്‍ നിരവധി സിനിമകള്‍ രേവതി ചെയ്തിട്ടുണ്ടെങ്കിലും ഇന്നും പലരുടെയും ഫേവറെറ്റ് കിലുക്കമാണ്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തില്‍ നന്ദിനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഓര്‍മകള്‍ രേവതി പങ്കുവെച്ച അഭിമുഖം വൈറലായിരിക്കുകയാണ്. പുതിയ ചിത്രമായ അസ്സിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മിര്‍ച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു രേവതി.

രേവതി Photo: Screen grab/ MediaOne Tv

ചിത്രത്തെക്കുറിച്ച് ഇന്നും പലരും സംസാരിക്കുമ്പോള്‍ ആദ്യം പറയുന്ന ഡയലോഗ് ‘വട്ടാണല്ലേ’ എന്നാണെന്ന് താരം പറയുന്നു. ഒരുപാട് ആസ്വദിച്ച് ചെയ്ത സിനിമകളിലൊന്നായിരുന്നു കിലുക്കമെന്നും ആര്‍ട്ടിസ്റ്റുകള്‍ തമ്മിലുള്ള ഗിവ് ആന്‍ഡ് ടേക്കാണ് കിലുക്കത്തിന്റെ വിജയമെന്നും രേവതി കൂട്ടിച്ചേര്‍ത്തു. ഷൂട്ടിന്റെ സമയത്ത് ചിരിയടക്കാനാകാത്ത ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു.

‘ഇന്നസെന്റേട്ടന് തിലകന്‍ ചേട്ടനോട് ഡയലോഗ് പറയുന്ന സീനുണ്ടല്ലോ, ലോട്ടറിയടിച്ചതിന് ശേഷം. ‘മൂക്ക് കൊണ്ട് ക്ഷ, ഞ, ഒക്കെ വരപ്പിക്കും’ എന്ന് പറയുന്ന സീനില്‍ ഞാന്‍ ക്യാമറയുടെ സൈഡിലാണ് നില്‍ക്കുന്നത്. ആദ്യം എനിക്ക് തന്ന പൊസിഷന്‍ അതല്ലായിരുന്നു. പക്ഷേ, ഈ പെര്‍ഫോമന്‍സ് കണ്ട് ചിരിക്കുമെന്നായപ്പോള്‍ ഞാന്‍ പ്രിയനോട് പറഞ്ഞിട്ട് പിന്നോട്ട് പോയതാണ്.

കിലുക്കം Photo: Screen grab/ Sree Movies

അല്ലെങ്കില്‍ നമ്മുടെ ചിരി കാരണം റീടേക്ക് പോകേണ്ടി വരും. അത് അവരുടെ പെര്‍ഫോമന്‍സിനെ ബാധിക്കും. ഞാന്‍ ഏറ്റവും സ്ട്രഗിള്‍ ചെയ്തത് എന്റെ മുടി വെട്ടുന്ന സീനിലായിരുന്നു. ഞങ്ങള്‍ മൂന്ന് പേരും പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്ത് എങ്ങനെ ഇത് പ്രസന്റ് ചെയ്യണമെന്ന കാര്യത്തില്‍ ആദ്യമേ ഒരു തീരുമാനത്തിലെത്തും. എന്നിട്ടാണ് ടേക്കിലേക്ക് പോകുന്നത്,’ രേവതി പറയുന്നു.

കിലുക്കം Photo: Screen grab/ Sree Movies

ഇന്നും ക്ലാസിക്കായി നിലനില്‍ക്കുന്ന സിനിമയാണ് കിലുക്കമെന്നും വല്ലാത്തൊരു മാജിക് ആ ചിത്രത്തിനുണ്ടെന്നും താരം പറഞ്ഞു. കഥയുടെയും അഭിനയിച്ച ആര്‍ട്ടിസ്റ്റുകളുടെ പ്രത്യേകതയുമാണ് കിലുക്കത്തെ ക്ലാസിക്കായി നിലനിര്‍ത്തുന്നതെന്നും ആളുകള്‍ ഇപ്പോഴും ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നത് സന്തോഷം നല്‍കുന്നുണ്ടെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

Content Highlight: Revathi shares the shooting experience of Kilukkam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more