ഭാരതിരാജയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മണ്‍ വാസനൈ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് രേവതി. കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ രേവതി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിച്ചു. സംവിധാനരംഗത്തും താരം തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
രേവതിയുടെ കരിയറില്‍ ഒരുപാട് ആരാധകരുള്ള ചിത്രമാണ് മൗന രാഗം. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍, കാര്‍ത്തിക് എന്നിവരായിരുന്നു നായകന്മാര്‍. കാലങ്ങള്‍ക്കിപ്പുറവും ചര്‍ച്ച ചെയ്യപ്പെടുന്ന മൗന രാഗത്തെക്കുറിച്ച് സംസാരിക്കുകയാണ് രേവതി. ആ ചിത്രത്തില്‍ മോഹന്റെ കഥാപാത്രം പറയുന്ന ചില ഡയലോഗുകള്‍ പൊളിറ്റിക്കലി ഇന്‍കറക്ടാണെന്ന് ഇപ്പോള്‍ മനസിലായതെന്ന് താരം പറഞ്ഞു.
ആ കഥാപാത്രം ഒരു റെഡ് ഫ്‌ളാഗാണെന്നും എന്നാല്‍ അത്തരം കാര്യങ്ങള്‍ അന്ന് മനസിലായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡബ്ല്യൂ.സി.സിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് പുതിയ തലമുറയിലെ നടിമാര്‍ പറയുമ്പോഴാണ് പണ്ട് താന്‍ നേരിട്ട പല കാര്യങ്ങളും ഫ്‌ളര്‍ട്ടിങ്ങാണെന്ന് തിരിച്ചറിഞ്ഞതെന്നും രേവതി പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു രേവതി.
‘മൗന രാഗം എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സംവിധായകനാണ് ആ സിനിമ ചെയ്തത്. എന്നാല്‍ ആ സിനിമയില്‍ മോഹന്റെ കഥാപാത്രം എന്റെ കഥാപാത്രത്തെ നല്ലൊരു ഭാര്യയാക്കി കാണിക്കാം എന്ന് പറയുന്ന ഡയലോഗില്‍ പ്രശ്‌നമുണ്ടെന്ന് ഇന്നാണ് മനസിലായത്. അത് മാത്രമല്ല, വേറെ പല കാര്യങ്ങളും ഇപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്.
ഡബ്ല്യൂ.സി.സിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് പല നടിമാരും പറഞ്ഞ് കേട്ടിട്ടുണ്ടായിരുന്നു ‘ഇതൊന്നും അവസാനിച്ചിട്ടില്ല’ എന്ന്. എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചതെന്ന് ചോദിച്ചപ്പോള്‍ അവര്‍ നേരിടുന്ന ചില ദുരനുഭവങ്ങളായിരുന്നു. ഇതെല്ലാം ഞാനും നേരിട്ടിരുന്നു. എന്നാല്‍ അന്നത്തെ പ്രായത്തില്‍ അത് തിരിച്ചറിയാന്‍ എനിക്ക് സാധിച്ചില്ല. അതായത്, ചില സമയത്ത് അറിയാതെ അവിടെയും ഇവിടെയും കൈ തട്ടുന്നതൊക്കെ ചിലര്‍ മനപ്പൂര്‍വം ചെയ്യുന്നതായിരുന്നു.
ഇതെല്ലാം ഇപ്പോഴുള്ള തലമുറക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. അവരില്‍ നിന്ന് പലതും ഞാന്‍ പഠിക്കുന്നുണ്ട്. എന്താണ് ശരി, എന്താണ് തെറ്റ് എന്നൊക്കെയുള്ള കാര്യത്തില്‍ അവര്‍ക്ക് വ്യക്തമായ അഭിപ്രായമുണ്ട്. അതിലൂടെയാണ് ഇത്തരം കാര്യങ്ങള്‍ ശരിയല്ലെന്നും മോഹന്റെ കഥാപാത്രം റെഡ് ഫ്‌ളാഗാണെന്ന് തിരിച്ചറിയുന്നതും,’ രേവതി പറഞ്ഞു.
Content Highlight: Revathi saying Maniratnam’s Mouna Ragam movie hero character is a Red flag