| Tuesday, 7th April 2026, 8:05 am

കേരളത്തേക്കാൾ മികച്ചത് തെലങ്കാന ; കേരളത്തിന്റെ നേട്ടങ്ങൾക്ക് പിന്നിൽ കോൺഗ്രസ് സർക്കാരുകളും; കേരളാ മുഖ്യമന്ത്രിക്ക് മറുപടിയുമായി രേവന്ത് റെഡ്ഡി

മുഹമ്മദ് നബീല്‍

ഹൈദരാബാദ്:  യു.ഡി.എഫിന് വേണ്ടി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ രൂക്ഷമായ പരാമർശങ്ങൾക്ക് മറുപടിയുമായി രേവന്ത് റെഡ്ഡി .

എൽ.ഡി.എഫ് സർക്കാരിന് കീഴിലുള്ള കേരളത്തിന്റെ വികസനത്തിന് മേൽ വസ്തുതാധിഷ്ഠിതമായ ചർച്ചയ്ക്കായി ഏപ്രിൽ 7 ന് (ഇന്ന്) താൻ തിരുവനന്തപുരം സന്ദർശിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പിണറായി വിജയന്റെ ട്വീറ്റുകൾ താൻ അതീവ താത്പര്യത്തോടും ബഹുമാനത്തോടും കൂടിയാണ് വായിച്ചതെന്നും എന്നാൽ അതിൽ പല തെറ്റായ പ്രസ്താവനകളും, വിട്ടുപോയ കാര്യങ്ങളും ഉണ്ടെന്ന് തനിക്ക് തോന്നിയതായും തെലങ്കാന മുഖ്യമന്ത്രി ഇന്നലെ പിണറായി വിജയനയച്ച തുറന്ന കത്തിൽ വ്യക്തമാക്കി.

പിണറായി വിജയൻ ഉദ്ധരിച്ച കണക്കുകളെല്ലാം നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ നിന്നുള്ളതാണെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ഈ കാലയളവിൽ തെലുങ്കാനയിൽ ബി.ആർ.എസ് സർക്കാർ ആയിരുന്നെന്നും തങ്ങളുടെ സർക്കാർ വരുന്നതിന് മുമ്പുള്ള വിവരങ്ങൾ വെച്ചുകൊണ്ടാണ് തങ്ങളെ അളക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിതി ആയോഗിന്റെ 2023-24 സുസ്ഥിര വികസന സൂചികയിൽ 79 പോയിന്റോടെ കേരളം ഒന്നാമതെത്തിയെന്ന പിണറായി വിജയന്റെ വാദത്തിനും തെലങ്കാന മുഖ്യമന്ത്രി മറുപടി നൽകി.

പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തനത്തിന്റെ ഫലമാണിതെന്നും, അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച മുൻ കോൺഗ്രസ് മുഖ്യമന്ത്രി കെ. കരുണാകരന്റെയും, ക്ഷേമവും വികസനവും തുല്യമായി കൊണ്ടുപോയ ഉമ്മൻ ചാണ്ടിയുടെയും പ്രവർത്തനങ്ങൾ ഇതിലുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

കേരളത്തിന്റെ ദാരിദ്ര്യ നിരക്ക് 0.55 ശതമാനമായി കുറഞ്ഞത് ഇടത് വലത് മുന്നണികളുടെ പരിശ്രമങ്ങളും ഗൾഫിൽ നിന്നുമുള്ള പണവും മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

നരസിംഹം എന്ന സിനിമയിലെ പ്രശസ്തമായ ‘നീ പോ മോനെ ദിനേശാ’ എന്ന സംഭാഷണത്തോടെയാണ് രേവന്ത് റെഡ്ഡി തന്റെ കത്ത് അവസാനിപ്പിച്ചത്.

ശമ്പളവും പെൻഷനുകളും നിരന്തരം മുടക്കുന്ന ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽനിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്നും, രേവന്ത് റെഡ്ഡി കേരളത്തിൽ വന്ന് വികസനം പഠിക്കട്ടേയെന്നും പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Content Highlight: Revanth Reddy responds to Pinarayi Vijayan’s remarks against him

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more