ഹൈദരാബാദ്: സംസ്ഥാനത്തെ മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ ആഹ്വാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മാവോയിസ്റ്റുകള്‍ സംസ്ഥാന പൊലീസിന് മുന്നില്‍ കീഴടങ്ങണമെന്നാണ് റെഡ്ഡി ആവശ്യപ്പെട്ടിരിക്കുന്നത്. മാവോയിസ്റ്റുകള്‍ അക്രമം വെടിഞ്ഞ് രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളികളാകണം. മുഖ്യധാരയിലേക്ക് കടന്നുവരണമെന്നും തെലങ്കാന മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകളെ കീഴടക്കാനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് തെലങ്കാന മുഖ്യമന്ത്രിയുടെ പ്രസ്താവന.
തെലങ്കാനയില്‍ ഒരു കാലത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായിരുന്നു. സംസ്ഥാനം അന്ന് വളരെയേറെ കഷ്ടപ്പെട്ടിരുന്നു. സമീപകാലത്ത് നിരവധി മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി.
പൊലീസ് ഇടപെടലില്‍ മാവോയിസ്റ്റുകളുടെ ആക്രമണം കുറഞ്ഞുവെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
കീഴടങ്ങിയ മാവോയിസ്റ്റുകളെ മാതൃകയാക്കി മറ്റുള്ളവരും ആയുധം താഴെവെയ്ക്കണമെന്ന് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. ഹൈദരാബാദില്‍ നടന്ന പൊലീസ് അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തെലങ്കാന മുഖ്യമന്ത്രി.
മാതൃകാപരമായ സേവനമാണ് തെലങ്കാന പൊലീസ് മാവോയിസ്റ്റുകളെ ഇല്ലാതാക്കുന്നതിനായി കാഴ്ചവെച്ചത്. 2008 ജൂണില്‍ ഒഡീഷയില്‍ മാവോയിസ്റ്റുകളെ നേരിടുന്നതിനിടെ 33 പൊലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നും അവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 200 ചതുരശ്ര യാര്‍ഡ് വീടുകള്‍ അനുവദിച്ചെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
സോഷ്യല്‍മീഡിയയിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെയും രേവന്ത് റെഡ്ഡി സംസാരിച്ചു. പൊതുജനങ്ങളുടെ പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പൊലീസ് കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് മുന്നറിയിപ്പ് നല്‍കി.
അതേസമയം, കഴിഞ്ഞദിവസം ദീപാവലി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷങ്ങളിലായി നിരവധി ഗ്രാമങ്ങളെ മാവോയിസ്റ്റുകളില്‍ നിന്നും മോചിപ്പിച്ചെന്നും ഇപ്പോള്‍ ആ ഗ്രാമങ്ങളില്‍ ദീപാവലി ആഘോഷിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു പതിറ്റാണ്ട് മുമ്പ് 125 ജില്ലകളിലുണ്ടായിരുന്ന മാവോയിസ്റ്റുകളുടെ സാന്നിധ്യം ഇപ്പോള്‍ വെറും 11 ജില്ലകളിലേക്ക് ചുരുങ്ങിയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
സുരക്ഷാ സേനയുടെ ധൈര്യമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തിന് നിര്‍ണായകമായ നാഴികക്കല്ല് പിന്നിടുന്നതിന് സഹായകരമായത്. മാവോയിസ്റ്റ് ഭീകരതയെ ഉന്മൂലനം ചെയ്യാന്‍ രാജ്യത്തിനായി. നക്സല്‍-മാവോയിസ്റ്റ് ഭീകരതയില്‍ നിന്ന് രാജ്യം മോചനത്തിലേക്കുള്ള പാതയിലാണെന്നും മോദി പറഞ്ഞിരുന്നു.
Content Highlight: Revanth Reddy asks to surrender Maoists