ഹൈദരാബാദ്: കേന്ദ്ര മന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകനെതിരായ പോക്‌സോ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ ഡി.ജി.പി സി.വി ആനന്ദിനോട് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.
മെയ് എട്ടിന് കേസ് രജിസ്റ്റർ ചെയ്തിട്ടും എന്തുകൊണ്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും രേവന്ത് റെഡ്ഡി വിശദീകരണം തേടിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. പ്രതികൾക്കെതിരെ പെറ്റ് ബഷീറാബാദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉടൻ അന്വേഷണം ആരംഭിക്കാൻ രേവന്ത് റെഡ്ഡി ഡി.ജി.പി ആനന്ദിനോട് നിർദ്ദേശിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തെത്തുടർന്നാണ് കേന്ദ്ര മന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ഭഗീരഥിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ പ്രതി ഈ ആരോപണം നിഷേധിക്കുകയും പെൺകുട്ടിയുടെ മാതാപിതാക്കൾ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയാണെന്ന് പ്രത്യാരോപണം ഉന്നയിക്കുകയും ചെയ്തു. തന്റെ മകളുമായി പ്രണയത്തിലായിരുന്ന ഭഗീരഥ് അവളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ അമ്മയുടെ പരാതി.
എന്നാൽ പെൺകുട്ടിയുടെ കുടുംബം തന്നെ കല്യാണത്തിന് നിർബന്ധിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി ഭഗീരഥ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കല്യാണത്തിന് വിസമ്മതിച്ചതോടെ കുടുംബം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുനെന്നും ഭഗീരഥ് ആരോപിച്ചു.
മുതിർന്നവർ ഇടപെട്ട് ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കുകയോ അല്ലെങ്കിൽ നിയമത്തിന്റെ വഴിക്ക് പോകാൻ അനുവദിക്കുകയോ ചെയ്യണമെന്ന പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി പൊന്നം പ്രഭാകറിന്റെ വിവാദമായ ഒരു നിർദേശവും ഈ വിഷയത്തിൽ പുറത്തുവന്നു. ബി.ജെ.പി നേതാവിന്റെ മകനെ സർക്കാർ പ്രതികാരബുദ്ധിയോടെ വേട്ടയാടുന്നു എന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
Content Highlight: Revanth Reddy appoints special investigation team in POCSO case against Union Minister’s son