ന്യൂദല്‍ഹി: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു. ശനിയാഴ്ച രാത്രി 11:40 ഓടെ റോയിട്ടേഴ്‌സിന്റെ അക്കൗണ്ട് രാജ്യത്ത് ലഭ്യമല്ലാതായെന്നാണ് വിവരം. നിയമപരമായ ഒരു കാരണത്താല്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്നാണ് എക്‌സ് ഹാന്‍ഡിലില്‍ കാണാന്‍ കഴിയുന്നത്.
അതേസമയം അക്കൗണ്ട് മരവിപ്പിക്കലില്‍ റോയിട്ടേഴ്‌സിന് പങ്കില്ലെന്ന് കേന്ദ്രം അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്കൗണ്ട് തടഞ്ഞുവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എക്‌സുമായി പുനഃസ്ഥാപനത്തിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കേന്ദ്ര വക്താവ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
‘റോയിട്ടേഴ്‌സിന്റെ അക്കൗണ്ട് തടഞ്ഞുവെക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് താത്പര്യമില്ല. എക്സിന്റേത് ഒരു വൈകിയ നടപടിയാണ്. മുമ്പ് നല്‍കിയ ഒരു അപേക്ഷയുടെ ഭാഗമായാണ് വാര്‍ത്താ ഏജന്‍സിയുടെ അക്കൗണ്ട് മരവിപ്പിച്ചത്. പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ റോയിട്ടേഴ്സിന്റേത് ഉള്‍പ്പെടെ നൂറുകണക്കിന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
8,000ത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് നിരവധി അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ റോയിട്ടേഴ്‌സിനെതിരെ ഇപ്പോഴാണ് നടപടിയുണ്ടാകുന്നത്,’ കേന്ദ്ര വക്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റോയിട്ടേഴ്സിനെതിരായ സെന്‍സര്‍ഷിപ്പ് പിന്‍വലിക്കാമെന്ന് എക്സിനെ അറിയിച്ചിട്ടുണ്ടെന്നും അക്കൗണ്ട് ഉടന്‍ പുനഃസ്ഥാപിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ റോയിട്ടേഴ്സിന്റെ അന്താരാഷ്ട്ര അക്കൗണ്ട് ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക അക്കൗണ്ടുകള്‍ ഇന്ത്യയില്‍ മരവിപ്പിച്ചിട്ടുണ്ട്. റോയിട്ടേഴ്‌സും റോയിട്ടേഴ്സ് വേള്‍ഡുമാണ് തടയപ്പെട്ടത്.
എന്നാല്‍ എക്‌സ് അക്കൗണ്ടിനെതിരായ നടപടിയില്‍ റോയിട്ടേഴ്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം റോയിട്ടേഴ്സ് ടെക് ന്യൂസ്, റോയിട്ടേഴ്സ് ഫാക്ട് ചെക്ക്, റോയിട്ടേഴ്സ് ഏഷ്യ എന്നിവയ്ക്ക് രാജ്യത്ത് അക്‌സസുണ്ട്.
Content Highlight: Reuters’ X account in India frozen; Report says Centre has not requested action