ന്യൂദല്‍ഹി: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ തത്വാധിഷ്ഠിത പുനരേകീകരണമുണ്ടാകണമെന്നത് സി.പി.ഐയുടെ സുസ്ഥിര നിലപാടാണെന്ന് സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ. മറ്റുപാര്‍ട്ടികള്‍ ഈ നിലപാടിനെ എങ്ങനെയെടുക്കുന്നു എന്നത് അവവരവരുടെ വിഷയമാണെന്നും താന്‍ സി.പി.ഐയുടെ നിലപാടാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പുനരേകീകരണത്തെ കുറിച്ച് സി.പി.ഐ വാദിക്കുമ്പോള്‍ സി.പി.ഐ.എം അതിനെ ഗൗനിക്കാറില്ലല്ലോ എന്ന ചോദ്യത്തോട് അതിന് വിശദീകരണം നല്‍കേണ്ടത് സി.പി.ഐ.എം ആണെന്നായിരുന്നു ഡി. രാജയുടെ മറുപടി.
ഇന്ത്യയിലേത് ഫാസിസ്റ്റ് സര്‍ക്കാറാണെന്ന് സി.പി.ഐ തറപ്പിച്ച് പറയുമ്പോള്‍ നവഫാസിസ്റ്റ് പ്രവണതകള്‍ പ്രകടമാക്കുന്ന സര്‍ക്കാരാണ് ഇന്ത്യയിലേത് എന്നാണല്ലോ സി.പി.ഐ.എമ്മിന്റെ നിലപാടെന്ന ചോദ്യത്തിനും ആ പാര്‍ട്ടിയാണ് വിശദീകരണം നല്‍കേണ്ടതെന്നും ഡി.രാജ പറഞ്ഞു. ആര്‍.എസ്.എസ്. നിര്‍ദേശിക്കുന്ന ഫാസിസ്റ്റ് അജണ്ടയാണ് ബി.ജെ.പി. രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് കമ്യൂണിസ്റ്റ് പുനരേകീകരണം പ്രസക്തമാകുന്നതെന്നും ഡി. രാജ പറഞ്ഞു.
ഇടതുപക്ഷം ശക്തിപ്പെടണമെന്നതും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ തത്വാധിഷ്ഠിത പുനരേകീകരണമുണ്ടാകണമെന്നതും സി.പി.ഐയുടെ സുസ്ഥിരമായ നിലപാടാണെന്നും ഡി.രാജ പറഞ്ഞു. പാര്‍ലമെന്റിലും നിയമസഭകളിലും ഇടതുപക്ഷ അംഗങ്ങളുടെ സാന്നിധ്യം ശക്തമാകേണ്ടതുണ്ടെന്നും അതില്ലാത്തത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഈ പരിമിതി മറികടക്കുന്നതിനായി ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അതിനായി സി.പി.ഐ. കൂടുതല്‍ ഫലപ്രദമായ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയില്‍ ഉള്‍പ്പടെ പാര്‍ട്ടിക്ക് എങ്ങനെ സ്വാധീനം നഷ്ടപ്പെട്ടു എന്നത് ഗൗരവമായ വിഷയമാണെന്നും ഡി. രാജ വ്യക്തമാക്കി. ബീഹാറിലും യു.പിയിലുമെല്ലാം ഒരു കാലത്ത് ശക്തമായ സ്വാധീനമുണ്ടായിരുന്നെന്നും പാറ്റ്‌നയിലും ഫൈസാബാദിലും മുംബൈയിലും വാരണാസിയിലുമെല്ലാം മുമ്പ് തങ്ങള്‍ വിജയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇവിടങ്ങളിലെല്ലാം എങ്ങനെ തങ്ങള്‍ പിറകിലായി എന്നും ആ ശക്തി തിരിച്ചുപിടിക്കുന്നതിനെ കുറിച്ചും വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയുണ്ടാകുമെന്നും ഡി. രാജ കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന ബിഹാര്‍, കേരള, തമിഴ്‌നാട് തെരഞ്ഞെടുപ്പുകളിള്‍ നേട്ടമുണ്ടാക്കുന്നതിനെ കുറിച്ചും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ അനങ്ങാതിരിക്കരുതെന്നും ജനങ്ങളിലേക്കിറങ്ങി അവരുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച മുതല്‍ ചണ്ഡീഗഢില്‍ വെച്ചാണ് സി.പി.ഐയുടെ 25ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.
content highlights: Reunification of Communist Parties Is CPI’s Standing Position: D. Raja