| Tuesday, 24th February 2026, 10:07 am

നോര്‍ക്ക കെയര്‍ പദ്ധതിയില്‍ മടങ്ങിയെത്തിയ പ്രവാസികളെ ഉള്‍പ്പെടുത്തിയില്ല; നോര്‍ക്ക റൂട്‌സിന് ഹൈക്കോടതി നോട്ടീസ്

നിഷാന. വി.വി

തിരുവനന്തപുരം: നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മടങ്ങിയെത്തിയ പ്രവാസികളെ ഉള്‍പ്പെടുത്താത്തതിനെതിരെ പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയില്‍ നോര്‍ക്കയ്ക്ക് നോട്ടീസയച്ച് ഹൈക്കോടതി.

ജസ്റ്റിസ് ബിച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് റിട്ട് ഹരജി പരിഗണിക്കുകയും എതിര്‍കക്ഷിയായ നോര്‍ക്കയ്ക്ക് നോട്ടിസയക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതെന്ന് പ്രവാസി ലീഗല്‍ സെല്‍ അറിയിച്ചു.
വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി നോര്‍ക്ക റൂട്‌സ് ആവിഷ്‌കരിച്ച് നടപ്പാക്കിയ നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മടങ്ങിയെത്തിയ പ്രവാസികളെയും ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ അവര്‍ക്കായി സമാനമായ പ്രത്യേക പദ്ധതി രൂപീകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തിരുന്നു.

വിഷയത്തില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നതായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ വിധി വന്ന് നാല് മാസം കഴിഞ്ഞിട്ടും നോര്‍ക്ക റൂട്‌സ് ഉത്തരവ് പുറപ്പെടുവിക്കാത്തതിനെ തുടര്‍ന്നാണ് റിട്ട് ഹരജി നല്‍കാന്‍ നിര്‍ബന്ധിതരായതെന്ന് പ്രവാസി ലീഗല്‍ സെല്‍ പ്രസ്താവനയില്‍ പറയുന്നു.

‘ഇതിനിടെ പ്രവാസി ലീഗല്‍ സെല്‍ ‘സി.എം. വിത്ത് മി’ എന്ന മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ വിഷയം സജീവ പരിഗണനയിലാണെന്നും, ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നുമാണ് ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക കെയറിന്റെ മാതൃകയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്,’ പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Returning expatriates not included in Norka Care scheme; High Court notice to Norka Roots

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more