സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു റെട്രോ. തമിഴിലെ മികച്ച സംവിധായകരിലൊരാളായ കാര്‍ത്തിക് സുബ്ബരാജിനൊപ്പം സൂര്യ ആദ്യമായി കൈകോര്‍ക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകരില്‍ പ്രതീക്ഷയുണര്‍ത്തുന്നതായിരുന്നു. മെയ് ഒന്നിന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിനം മുതല്‍ ലഭിച്ചത്.
ഇപ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുകയാണ് റെട്രോയുടെ നിര്‍മാതാക്കളായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ്. ആഗോളതലത്തില്‍ 104 കോടി രൂപ റിലീസ് ചെയ്ത് ആറാം ദിനം റെട്രോ സ്വന്തമാക്കിയതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
1960 മുതല്‍ 85 വരെയുള്ള കാലഘട്ടത്തിലൂടെയാണ് സിനിമ അതിന്റെ കഥ പറയുന്നത്. ചിരിക്കാനറിയാത്ത, വയലന്‍സ് കൈവിടാനാകാത്ത നായകന്‍ തന്റെ പ്രണയത്തിനായി വയലന്‍സ് ഉപേക്ഷിക്കുന്നതും അതിനിടയില്‍ നടക്കുന്ന പ്രശ്നം കാരണം അയാള്‍ക്ക് പഴയ പാതയിലേക്ക് തന്നെ തിരിച്ചുപോകേണ്ടി വരുന്നതുമാണ് റെട്രോയുടെ ഇതിവൃത്തം.
സൂര്യ എന്ന നടന്റെ മികച്ച പെര്‍ഫോമന്‍സ്, സന്തോഷ് നാരായണന്‍ ഒരുക്കിയ സംഗീതം, കേച്ചയുടെ സംഘട്ടനം, അതിഗംഭീരമായ മേക്കിങ് തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രധാന പോസിറ്റീവ്. എന്നാല്‍ ശക്തമല്ലാത്ത തിരക്കഥയാണ് റെട്രോയുടെ പ്രധാന നെഗറ്റീവായി പറയുന്നത്.
പൂജ ഹെഗ്‌ഡേ നായികയായ ചിത്രത്തില്‍ മലയാളികളായ ജോജു ജോര്‍ജ്, ജയറാം തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. റെട്രോയുടെ ഒ.ടി.ടി അവകാശം നെറ്റ്ഫ്‌ലിക്‌സ് റെക്കോഡ് തുകയ്ക്കാണ് സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Retro Movie Enters To 100 Crore Club