മികച്ച നടനെന്ന പേര് സ്വന്തമാക്കിയപ്പോഴും ഒരുകാലത്ത് കൈപ്പിടിയിലൊതുക്കിയ ബോക്‌സ് ഓഫീസ് പവര്‍ തിരികെ പിടിക്കാനാകാതെ നില്ക്കുകയാണ് സൂര്യ. മികച്ച സംവിധായകര്‍ക്കൊപ്പം കൈകോര്‍ക്കുമ്പോഴും ബോക്‌സ് ഓഫീസില്‍ നല്ലൊരു തിരിച്ചുവരവ് സൂര്യക്ക് ഇപ്പോഴും അന്യമാണ്. വന്‍ ഹൈപ്പിലെത്തിയ പല സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് സൂര്യക്ക് തിരിച്ചടിയാകുന്നത്.
ഈ വര്‍ഷം തമിഴ്‌നാട്ടില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ സിനിമകളുടെ ലിസ്റ്റ് ട്രാക്കര്‍മാര്‍ പുറത്തുവിട്ടിരിക്കുകയാണ്. അജിത് നായകനായ ഗുഡ് ബാഡ് അഗ്ലിയാണ് ലിസ്റ്റില്‍ ഒന്നാമത്. 170 കോടിയിലധികമാണ് ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം നേടിയത്. രജിനികാന്ത് ചിത്രം കൂലി രണ്ടാമതും അജിത്തിന്റെ വിടാമുയര്‍ച്ചി മൂന്നാമതുമാണ് ഉള്ളത്.
ലിസ്റ്റില്‍ പത്താം സ്ഥാനത്താണ് റെട്രോ. 52 കോടിയാണ് ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. വിശാല്‍ നായകനായ മദ ഗജ രാജയെക്കാള്‍ കുറവ് കളക്ഷനാണ് റെട്രോക്ക് തമിഴ്‌നാട്ടില്‍ നിന്ന് നേടാനായത്. 53 കോടിയാണ് മദ ഗജ രാജയുടെ തമിഴ്‌നാട് കളക്ഷന്‍. 12 വര്‍ഷത്തോളം പെട്ടിയില്‍ കിടന്ന സിനിമയുടെ കളക്ഷന്‍ പോലും സൂര്യക്ക് നേടാനായിട്ടില്ലെന്നാണ് വിമര്‍ശനം.
വിശാലിനെ നായകനാക്കി സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രമാണ് മദ ഗജ രാജ. 2013ല്‍ ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രം പലവിധ കാരണങ്ങളാല്‍ റിലീസ് നീണ്ടുപോവുകയായിരുന്നു. ഒടുവില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയ മദ ഗജ രാജ വന്‍ വിജയം സ്വന്തമാക്കിയ് സിനിമാലോകത്ത് വലിയ ചര്‍ച്ചയായി മാറി.
കങ്കുവയുടെ വന്‍ പരാജയം സൂര്യയെ വ്യക്തിപരമായും സിനിമയുടെ രീതിയിലും ബാധിച്ചിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. റെട്രോയുടെ പ്രൊമോഷനിലെല്ലാം മുഖത്ത് സന്തോഷമില്ലാത്ത സൂര്യയുടെ ചിത്രങ്ങള്‍ ചര്‍ച്ചാവിഷയമായിരുന്നു. ഇനി സൂര്യയുടേതായി പുറത്തിറങ്ങുന്ന സിനിമക്ക് എക്‌സ്ട്രാ പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിച്ചാല്‍ മാത്രമേ തിരിച്ചു വരാനാകുള്ളൂ എന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പാണ് സൂര്യയുടെ അടുത്ത റിലീസ്. ഈ വര്‍ഷം ദീപാവലിക്ക് പുറത്തിറങ്ങുമെന്നറിയിച്ച ചിത്രം റിലീസ് മാറ്റിവെക്കുകയായിരുന്നു. ജനുവരി 23നാകും ചിത്രം റിലീസ് ചെയ്യുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന സൂര്യ 46, ജിത്തു മാധവന്‍ ചിത്രം എന്നിവയാണ് സൂര്യയുടെ ലൈനപ്പിലുള്ള പ്രൊജക്ടുകള്‍.
Content Highlight: Retro movie collected less than Madha Gaja Raja in Tamilnadu