തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലയില്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. 58 വയസ് പൂര്‍ത്തിയായി സര്‍വീസില്‍ നിന്ന് വിരമിച്ച ഡോ. പി. മുരളിക്ക് വീണ്ടും മില്‍മ എം.ഡിയായി പുനര്‍നിയമനം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ഇന്ന് (വ്യാഴം) രാവിലെ ആറ് മണി മുതല്‍ പണിമുടക്ക് ആരംഭിച്ചു. ഐ.എന്‍.ടി.യു.സി-സി.ഐ.ടി.യു സംയുക്തമായാണ് തിരുവനന്തപുരം മേഖലയില്‍ പണിമുടക്ക് നടത്തുന്നത്. മലബാര്‍ മേഖല യൂണിയന്‍ എം.ഡിയായിരിക്കെ തിരുവനന്തപുരം യൂണിയനിലും എം.ഡിയായിരുന്നു ഡോ. പി മുരളി.
നിലവില്‍ തലസ്ഥാനത്ത് പാല്‍ പ്രതിസന്ധിയില്ലെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയോടെ പാല്‍ വണ്ടികള്‍ പുറപ്പെട്ടിട്ടുണ്ടെന്നും ഇന്നലെ (ബുധന്‍) രാത്രി കടകളില്‍ പാല്‍ എത്തിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പണിമുടക്ക് ആരംഭിച്ചതോടെ പാല്‍ വിതരണത്തില്‍ തടസം നേരിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം പ്രതിസന്ധിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
‘മില്‍മ എന്നത് അവശ്യസര്‍വീസ് മേഖലയാണ്. എന്നാല്‍ അത്രയും ഗൗരവതരമായ സാഹചര്യത്തില്‍ മാത്രമേ പണിമുടക്കിന് നോട്ടീസ് നല്‍കാറുള്ളൂ. കഴിഞ്ഞ 33 വര്‍ഷത്തിനിടെ നാലോ അഞ്ചോ പണിമുടക്ക് മാത്രമേ തിരുവനന്തപുരം മേഖലയില്‍ ഉണ്ടായിട്ടുള്ളു.
മലബാറില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എം.ഡിയായ വന്ന ഉദ്യോഗസ്ഥനാണ് പി. മുരളി. 2025 ഏപ്രിലില്‍ അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചതാണ്. അതിന്റെ എല്ലാ ആനുകൂല്യങ്ങളും അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍ പി. മുരളിക്ക് രണ്ട് വര്‍ഷം കൂടി പുനര്‍നിയമനം നല്‍കുകയാണ് ചെയ്തത്. അതിനെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്,’ ഐ.എന്‍.ടി.യു.സി നേതാവ് സുധീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പണിമുടക്ക് ആരംഭിച്ചതോടെ ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് മില്‍മ ഫെഡറേഷന്‍ എം.ഡി ട്രേഡ് യൂണിയനുകളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും പി. മുരളിയുടെ നിയമനം പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാവുകയുള്ളുവെന്നുമാണ് ഐ.എന്‍.ടി.യു.സിയുടെ നിലപാട്.
ചൊവ്വാഴ്ച യൂണിയന്‍ പ്രതിനിധികളുമായി ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ലേബര്‍ കമ്മീഷണര്‍ സമരം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് അറിയിക്കുകയായിരുന്നു. മില്‍മ പ്ലാന്റുകളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമരക്കാര്‍ അറിയിച്ചിട്ടുണ്ട്.
Content Highlight: Retired official reappointed; Trade unions at Milma go on indefinite strike