| Wednesday, 14th April 2010, 12:17 pm

ചിദംബരത്തിന്റെ രീതിയോട് യോജിക്കാനാവില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിഗ്‌വിജയ് സിങ്

ഐ ഐ സി സി ജന. സെക്രട്ടറി

ന്തവാഡെയില്‍ അടുത്തിടെയുണ്ടായ മാവോവാദി ആക്രമണത്തില്‍ 76 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് നക്‌സലുകളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും കുറിച്ച് ചൂടേറിയ വാദങ്ങള്‍ നടന്ന് കൊണ്ടിരിക്കയാണ്. നക്‌സലുകള്‍ക്കെതിരെ ശക്തമായ സൈനിക നടപടി വേണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. അവരെ ഭീകരരെന്ന് വിളിച്ച് സായുധ സേനയെ ആക്രമണത്തിനായി വിന്യസിക്കണമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ മറുവിഭാഗം നക്‌സലുകള്‍ക്കെതിരെയുള്ള സൈനിക നടപടിയെ എതിര്‍ക്കുന്നു.

മുതിര്‍ന്ന രാഷ്്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും മണിക്കൂറുകളോളം ഈ ചര്‍ച്ചയിലാണ്. തെറ്റായ ആശയങ്ങളാല്‍ നയിക്കപ്പെടുന്നവരാണ് മാവോവാദികള്‍ . നിലവിലെ വ്യവസ്ഥിതിയില്‍ വിശ്വാസം നഷ്ടപ്പെട്ട അവര്‍ തോക്കിന്‍ കുഴലിലൂടെ മാത്രമേ മാറ്റമുണ്ടാവൂവെന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍ ഇവരുടെ പ്രദേശത്ത് വ്യാപാരികളും ഫോറസ്റ്റ് കോണ്‍ട്രാക്ടര്‍മാരും വ്യവസായികളും ഖനന കമ്പനികളും ഒരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിക്കുന്നു. ഇവരില്‍ നിന്നെല്ലാം സംരക്ഷണ നികുതി വാങ്ങുന്നുണ്ട് മാവോവാദികള്‍ .

സര്‍ക്കാര്‍ മാവോവാദികള്‍ക്കെതിരെ സൈനിക നടപടി ശക്തമാക്കുന്നതിന് പിന്നില്‍ സര്‍ക്കാറുമായി എം ഒ യു ഒപ്പുവെച്ച ഖനന മാഫിയകള്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കാുകയാണ് ലക്ഷ്യമെന്ന് മാവോവാദികളെ അനുകൂലിക്കുന്നവര്‍ പറയുന്നുണ്ട്. എന്നാല്‍ ഖനന മേഖലയില്‍ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സര്‍ക്കാറിന് കഴിയുമോ?. അവിടത്തെ തൊഴിലാളികള്‍ക്ക് മാന്യമായ വേതനവും ജീവിത സാഹചര്യവും നല്‍കാന്‍ സര്‍ക്കാറിന് കഴിയുമോ?. മാവോവാദി മേഖലയില്‍ വിന്യസിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ അവരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം പ്രദേശത്തിന്റെ വികസനത്തിനായി നല്‍കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.

മാവോവാദികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ലിബറല്‍ സിവില്‍ സമൂഹത്തിന്റെ പിന്തുണ എപ്പോഴും അവര്‍ക്ക് കിട്ടിയിട്ടുണ്ട്. മത യാഥാസ്ഥിതികത്വത്തെ മാവോവാദികള്‍ എപ്പോഴും എതിര്‍ക്കുകയും ചെയ്യുന്നു. പക്ഷെ മാവോവാദികള്‍ക്ക് നിയന്ത്രണമുള്ള പോളിങ് ബൂത്തുകളില്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ കൂടുതലായി വിജയിക്കുന്നതെന്താണ്?. 2003 മുതല്‍ ഛത്തീസ്ഗഡില്‍ ബി ജെ പിയായിരുന്നു അധികാരത്തില്‍. അക്കാലത്ത് അവര്‍ സാല്‍വജുദൂമിന്റെ പിന്തുണയോടെ മാവോവാദികള്‍ക്കെതിരെ ശക്തമായ നടപടികളാണെടുത്തത്. എന്നിട്ടും 2008ലെ സംസ്ഥാന തിരഞ്ഞെടുപ്പിലും 2009ലെ ലോകസഭാ തിരഞ്ഞെടുപ്പിലും അവര്‍ക്ക് മാവോവാദികളുടെ പിന്തുണ ലഭിച്ചു.

തിരഞ്ഞെടുപ്പുകളില്‍ വന്‍ വ്യവസായികള്‍ക്കാണ് എപ്പോഴും മാവോവാദി പിന്തുണ ലഭിക്കുന്നത്. ബി ജെ പി നേതാവായ ജഗദ്പൂരിലെ സിറ്റിങ് എം പിക്കായിരുന്നു തിരഞ്ഞെടുപ്പില്‍ മാവോവാദികളുടെ പിന്തുണ. മാവോവാദികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിയാതെ വന്നപ്പോള്‍ എം പിയുടെ വസതി ആക്രമിക്കപ്പെട്ടു. ആക്രമണത്തില്‍ എം പിയുടെ ഒരു മകന്‍ കൊല്ലപ്പെടുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍ മാവോവാദികളുടെ ഇടനിലക്കാരനായി നിന്ന രാജ് നന്ദഗോണിലെ ബി ജെ പി നേതാവ് കൊല്ലപ്പെട്ടു.

1985ന് പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ പി ചിദംബരത്തെ എനിക്കറിയാം. അദ്ദേഹം അതിബുദ്ധമാനാണ്. പ്രതിബദ്ധതയും ആത്മാര്‍ഥതയുമുള്ള നേതാവാണ്. പക്ഷെ ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ അതില്‍ വിട്ട് വീഴ്ച ചെയ്യാന്‍ അദ്ദേഹം തയ്യാറല്ല. അദ്ദേഹത്തിന്റെ ബുദ്ധിപരമായ ഇത്തരം ധാര്‍ഷ്ട്യത്തിന് പലതവണ ഇരയായ ഒരാളാണ് ഞാന്‍ . പക്ഷെ ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ പരിഗണിക്കാതെ സൈനിക നടപടിയെടുക്കുന്ന ചിദംബരത്തിന്റെ രീതിയോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. ആദിവാസി മേഖലകളിലെ യഥാര്‍ഥ പ്രശ്‌നം പഠിക്കാതെ ഇതൊരു ക്രമസമാധാന പ്രശ്‌നമായാണ് ചിദംബരം കണക്കാക്കുന്നത്. ഇക്കാര്യം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അവിടത്തെ ജനതയെ സംരക്ഷിക്കല്‍ തന്റെ ഉത്തരവാദിത്വമല്ലെന്നാണ് ചിദംബരം പറഞ്ഞത്. തന്റെ സ്വന്തം ഇടുങ്ങിയ ചിന്ത വെച്ച് ആലോചിക്കാതെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തോടെ പ്രശ്‌നം കൈകാര്യം ചെയ്യണമെന്നാണ് തന്റെ നിലപാട്. മന്ത്രസഭാ കോര്‍ഗ്രൂപ്പിലെ അംഗം കൂടിയാണ് ചിദംബരം.

ക്രമസമാധാന പ്രശ്‌നമായാണ് പരിഗണിക്കുന്നതെങ്കില്‍ അത് ആ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരാണ് കൈകാര്യം ചെയ്യേണ്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രിയല്ല. സംസ്ഥാന പോലീസിനെ സഹായിക്കാന്‍ സംസ്ഥാനത്തിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര സേനയെത്തേണ്ടത്. അവരെ എവിടെ വിന്യസിക്കണമെന്ന് സംസ്ഥാന സര്‍ക്കാറാണ് തീരുമാനിക്കേണ്ടത്. ദന്തവാഡെ സംഭവത്തില്‍ സംസ്ഥാന പോലീസിനെ ഒന്നും അവിടെ കാണാനില്ലായിരുന്നു. ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ മാത്രമാണ് സംഭവ സ്ഥലത്തുണ്ടായിരുന്നെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഈ പ്രദേശത്തെ ജനതയുടെ ആശയും അഭിലാഷവും പരിഗണിക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. പൊതു വിതരണ സമ്പ്രദായത്തിന്റെ നേട്ടം അവിടത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ?. എം എന്‍ ആര്‍ ഇ ജി എ, എന്‍ ആര്‍ എച്ച് എം, വന, ഖനന, ഭൂ, ജല നയങ്ങള്‍ ഇവിടെ എത്രത്തോളം നടപ്പിലാക്കി. വിപ്ലവകരമായ ആദിവാസി പഞ്ചായത്ത് നിയമനിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്?. ഈ നിയമം നടപ്പാക്കി ആദിവാസി ജനതക്ക് ആത്മ വിശ്വാസവും പിന്തുണയും നല്‍കാന്‍ ഏതെങ്കിലും സംസ്ഥാന സര്‍ക്കാറുകള്‍ തയ്യറായോ?.

ജനങ്ങളുടെ പിന്തുണയില്ലാതെ പോലീസും പട്ടാളവും ഉപയോഗിച്ച് നക്‌സല്‍ പ്രശ്‌നം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?. കായികവും വിദ്യാഭ്യാസപരവുമായി ഏറെ മുന്നോട്ട് പോയ ഒരു ബറ്റലാലിയന്‍ ആദിവാസി മേഖലയില്‍ വളര്‍ന്നു വരുന്നുണ്ടെന്ന നാം മനസിലാക്കണം. പ്രദേശത്തെക്കുറിച്ച് വളരെ കുറച്ച് മാത്രം അറിവുള്ള സൈന്യത്തിന് അവിടെ ഒന്നും ചെയ്യാനാകില്ല.

ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയും മാവോവാദി നേതാക്കളെ മാത്രം ലക്ഷ്യം വെച്ചും ആന്ധ്രപ്രദേശില്‍ നടപ്പിലാക്കിയ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ആരും തയ്യാറാകുന്നില്ല. മാവോവാദി പ്രസ്ഥാനത്തിന്റെ നേതാക്കളില്‍ ഭൂരിപക്ഷവും ആന്ധ്രപ്രദേശുകാരാണ്. അതു തന്നെ ഖമ്മം, വാറങ്കല്‍ ജില്ലക്കാരും.

പരിഷ്‌കൃത സമൂഹത്തിലും ജനാധിപത്യത്തിന്റെ ഫലപ്രദമായ രീതിയിലും ജനമാണ് അടിസ്ഥാനപരമായ പരിഹാരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രദേശത്തെ ജനതയെ ശാക്തീകരിച്ച് കൊണ്ട് മാത്രമേ വാവോവാദി പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബസാതറിനെ ഒരു യുദ്ധക്കളമാക്കി മാറ്റുന്നതിന് മുമ്പ് ഈ പ്രശ്‌നം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സൈന്യമായാലും മാവോവാദികളായും അവരുടെ വെടിയുണ്ടകള്‍ക്കിരയാകുന്നത് പാവപ്പെട്ട ഇന്ത്യന്‍ പൗരന്‍മാരാണ്.

(മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമാണ് ലേഖകന്‍)

We use cookies to give you the best possible experience. Learn more