| Saturday, 3rd October 2026, 2:16 pm

കലിനിന്‍ഗ്രാഡിന് നേരെ ആക്രമണമുണ്ടായാല്‍ തിരിച്ചടി അതിശക്തമാകും; നാറ്റോയ്ക്ക് പുടിന്റെ മുന്നറിയിപ്പ്

അഞ്ജു ചന്ദ്രന്‍

മോസ്‌കോ: റഷ്യയുടെ കലിനിന്‍ഗ്രാഡ് പ്രദേശം ഒറ്റപ്പെടുത്താനോ ആക്രമിക്കാനോ അല്ലെങ്കില്‍ ഉക്രൈന്‍ യുദ്ധം ബാള്‍ട്ടിക് മേഖലയിലേക്ക് വ്യാപിപ്പിക്കാനോ നാറ്റോ ശ്രമിച്ചാല്‍ ആണവായുധങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആയുധങ്ങളും ഉപയോഗിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍. മോസ്‌കോയില്‍ നടന്ന വാല്‍ദായ് ചര്‍ച്ചാ വേദിയിലായിരുന്നു പുടിന്റെ പ്രതികരണം.

റഷ്യയുടെ പടിഞ്ഞാറന്‍ മേഖലയായ കലിനിന്‍ഗ്രാഡിന് നേരെ  ആക്രമണമുണ്ടായാല്‍ രാജ്യത്തിന്റെ മുഴുവന്‍ ആയുധശേഖരവും ഉപയോഗിക്കുന്ന കാര്യം പരിഗണിക്കേണ്ടിവരുമെന്ന് പുടിന്‍ പറഞ്ഞു.

പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയില്‍ ബാള്‍ട്ടിക് കടലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന റഷ്യന്‍ പ്രദേശമാണ് കലിനിന്‍ഗ്രാഡ്. റഷ്യന്‍ ഭൂപ്രദേശത്തിന്റെ പ്രധാന ഭാഗത്തോട് നേരിട്ട് അതിര്‍ത്തിയില്ലാത്ത ഈ പ്രദേശം തന്ത്രപ്രധാനമായ സൈനിക മേഖലയാണ്.

കലിനിന്‍ഗ്രാഡിനെ ഒറ്റപ്പെടുത്താനോ അവിടെ റഷ്യന്‍ നിയന്ത്രണത്തെ വെല്ലുവിളിക്കാനോ ശ്രമിക്കുന്ന നടപടികളെ റഷ്യ ഗൗരവകരമായി കാണുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

ബാള്‍ട്ടിക് കടലില്‍ നാറ്റോ രാജ്യങ്ങള്‍ നടത്തുന്ന തുടര്‍ച്ചയായ സൈനിക അഭ്യാസങ്ങളും റഷ്യന്‍ കപ്പലുകളെ തടയാനുള്ള ശ്രമങ്ങളും സംഘര്‍ഷം വര്‍ധിപ്പിക്കുന്നതാണെന്ന് പുടിന്‍ ആരോപിച്ചു.

‘കലിനിന്‍ഗ്രാഡിനെ ലക്ഷ്യമിട്ടുള്ള ഏതെങ്കിലും നേരിട്ടുള്ള സൈനിക നീക്കം റഷ്യയ്‌ക്കെതിരായ ആക്രമണമായി കണക്കാക്കുമെന്നും അത്തരം സാഹചര്യമുണ്ടായാല്‍ രാജ്യത്തിന്റെ കൈവശമുള്ള എല്ലാ ആയുധങ്ങളും ഉപയോഗിക്കുന്ന കാര്യം അജണ്ടയിലെത്തും,’ പുടിന്‍ പറഞ്ഞു.

അതേസമയം യൂറോപ്യന്‍ രാജ്യങ്ങളെ ആക്രമിക്കാന്‍ റഷ്യയ്ക്ക് പദ്ധതിയില്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യ സമാധാനപരമായ സഹവര്‍ത്തിത്വമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ റഷ്യന്‍ പ്രദേശത്തിന് നേരെ ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും പുടിന്‍ പറഞ്ഞു.

Content Highlights: Retaliation would be severe if Kaliningrad were attacked; Putin’s warning to NATO.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more