| Friday, 2nd January 2026, 8:48 pm

ഗസ സഹായങ്ങൾക്കുമേലുള്ള നിയന്ത്രണം; ഇസ്രഈലിനുമേൽ സമ്മർദം ചെലുത്തി എട്ട് രാജ്യങ്ങൾ

ശ്രീലക്ഷ്മി എ.വി.

ഇസ്താംബൂൾ: ഗസയിലേക്കുള്ള സഹായങ്ങൾക്കുമേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ നീക്കാൻ ഇസ്രഈലിനുമേൽ സമ്മർദം ചെലുത്തി എട്ട് രാജ്യങ്ങൾ.

തുർക്കി, ഈജിപ്ത്, ജോർദാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്ഥാൻ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളാണ് ഇസ്രഈലിന് മേൽ സമ്മർദം ചെലുത്തി രംഗത്തെത്തിയത്.

ഗസയിലെ മാനുഷിക സ്ഥിതി അനുദിനം മോശമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര മെഡിക്കൽ ചാരിറ്റിയായ ഡോക്‌ടേഴ്‌സ് വിത്ത്ഔട്ട് ബോർഡേഴ്സ് അടക്കമുള്ള 37 സംഘടനകളെ നിരോധിക്കുമെന്ന് ഇസ്രഈൽ പറഞ്ഞിരുന്നു.

ഗസയിലെ പ്രതികൂല കാലാവസ്ഥയും നിലവിലുള്ള സഹായ നിയന്ത്രണങ്ങളും ജീവൻ രക്ഷാ സാമഗ്രികളുടെ ഗുരുതരമായ ക്ഷാമത്തെ വർധിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

‘ഷെൽട്ടറുകളിൽ താമസിക്കുന്ന 1.9 ദശലക്ഷം ആളുകളെയും കുടിയിറക്കപ്പെട്ട കുടുംബങ്ങളെയും നിലവിലുള്ള മാനുഷിക സാഹചര്യങ്ങൾ ദുർബലപ്പെടുത്തുന്നു,’ തുർക്കി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.

വളരെ ദുഷ്‌കരവും സങ്കീർണവുമായ സാഹചര്യങ്ങളിൽ സഹായം നൽകുന്നത് തുടരുന്ന യു.എൻ ഏജൻസികൾ, യു.എൻ.ആർ.ഡബ്ല്യു.എ, അന്താരാഷ്ട്ര മാനുഷിക സംഘടനകളെയും രാജ്യങ്ങൾ പ്രശംസിച്ചു.

ഗസയിലെ ദുരിതങ്ങൾക്ക് ഉത്തരം ലഭിക്കാതെ പോകില്ലെന്ന് തുർക്കി പ്രസിഡഡന്റ് റജബ് തയ്യിപ് എർദോഗൻ പറഞ്ഞു.

താൽക്കാലിക കൂടാരങ്ങളിൽ താമസിക്കുന്ന ഗാസയിലെ കുട്ടികളുടെ കഷ്ടപ്പാടുകൾക്ക് ഉത്തരം ലഭിക്കാതെ പോകില്ലെന്നും നെതന്യാഹു ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുവത്സര ദിനത്തിൽ ഇസ്തംബൂളിൽ നടന്ന ഫലസ്തീൻ അനുകൂല റാലിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഫലസ്തീൻ ഒറ്റയ്ക്കല്ലെന്ന സന്ദേശമാണ് റാലിയിലൂടെ പങ്കുവെച്ചതെന്നും എർദോഗൻ പറഞ്ഞു.

ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെയുള്ളവർ റാലിയിൽ പങ്കെടുത്തു. അവരുടെ ശാപം ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഏറ്റുവാങ്ങേണ്ടി വരും. അദ്ദേഹം ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Restrictions on Gaza aid; Eight countries put pressure on Israel

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more