| Sunday, 12th July 2026, 11:34 am

ഗവി പ്രിയദര്‍ശിനി ബസില്‍ നിയന്ത്രണം; പരമാവധി യാത്രക്കാരുടെ എണ്ണം 55

നിഷാന. വി.വി

ഗവി: ഗവി പ്രിയദര്‍ശിനി ബസില്‍ നിയന്ത്രണം. പരമാവധി യാത്രക്കാരുടെ എണ്ണം 55 ആക്കി ചുരുക്കി.
പത്തനംത്തിട്ടയില്‍ നിന്നും ഗവിയിലേക്ക് പുറപ്പെട്ട പ്രിയദര്‍ശിനി ബസ് കാടിനുള്ളില്‍ ബ്രേക്ക് ഡൗണായതിന് പിന്നാലെയാണ് പുതിയ തീരുമാനം.

35 പേരുടെ സിറ്റിങ് കപ്പാസിറ്റിയുള്ള ബസില്‍ 70 പേരായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെയാണ് യാത്രക്കരുടെ എണ്ണം നിയന്ത്രിച്ച് കൊണ്ടുള്ള പുതിയ നടപടി. ഗവിയില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെ കാറ്റാടിക്കുന്നിലെത്തിയപ്പോഴായിരുന്നു ബസ് ബ്രേക്ക് ഡൗണായത്.

തൊട്ടുപിന്നിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം ബസിലെ മെക്കാനിക്കെത്തി നന്നാക്കിയതോടെയാണ് വീണ്ടും യാത്ര തുടരാനായത്. യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവിനെക്കുറിച്ച് നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. രണ്ട് സര്‍വീസുകളാണ് നിലവില്‍ ഗവിയിലേക്കുള്ളത്. ഇത് കൂട്ടണമെന്ന് നാട്ടുകാര്‍ അടക്കം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അപകടകരമായ വളവുകളും ഇടുങ്ങിയ വനപാതയുമാണ് ഗവിയിലേക്കുള്ള വഴി. ഭൂരിഭാഗം ഇടങ്ങളിലും മൊബൈല്‍ ശൃംഖല പോലുമില്ല. മഴക്കാലമായതിനാല്‍ റോഡ് കൂടുതല്‍ അപകടകരവുമാണ്. യാത്രക്കാരുടെ എണ്ണം അനിയന്ത്രിതമായി കൂടുന്നതില്‍ ജീവനക്കാരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Content Highlight: Restrictions on Gavi Priyadarshini bus; maximum passenger capacity set at 55.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more