ന്യൂദൽഹി: ഹൈദരാബാദിൽ നടന്ന ഭാരത് ഉച്ചകോടി രഹസ്യയോഗമായിരുന്നില്ലെന്നും കേന്ദ്രസർക്കാരിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദ്.
ഉച്ചകോടിയിൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവ് ജിയാക്കോമോ ഫിലിബെക്ക് നടത്തിയ വിവാദ പരാമർശങ്ങളുടെ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന ഹരജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഖുർഷിദിന്റെ പ്രതികരണം. ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
നവംബർ 13, 14 തീയതികളിൽ നടന്ന ഉച്ചകോടിയിലേക്ക് വിദേശ പ്രതിനിധികളെ എത്തിക്കുന്നതിൽ വിദേശകാര്യ മന്ത്രാലയം തടസങ്ങൾ സൃഷ്ടിച്ചതായി ഖുർഷിദ് ആരോപിച്ചു.
116 വിദേശ പ്രതിനിധികൾക്ക് സർക്കാർ വിസ നിഷേധിച്ചു. ഒരു നോർവീജിയൻ മാധ്യമപ്രവർത്തകയ്ക്ക് ആദ്യം വിസ അനുവദിച്ച ശേഷം അവസാന നിമിഷം റദ്ദാക്കുകയും ചെയ്തു. എങ്കിലും ഏകദേശം 200 വിദേശ പ്രതിനിധികൾ പങ്കെടുത്ത ഉച്ചകോടി വൻ വിജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സമാപന സമ്മേളനത്തിനിടെ ജിയാക്കോമോ ഫിലിബെക്ക് ‘വോട്ട് ചോർ, ഗദ്ദി ഛോഡ്’ എന്ന് മുദ്രാവാക്യം വിളിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഇന്ത്യാവിരുദ്ധ നിലപാടുകൾക്ക് കോൺഗ്രസ് വേദിയൊരുക്കിയെന്ന ബി.ജെ.പിയുടെ ആരോപണം ഖുർഷിദ് തള്ളിക്കളഞ്ഞു.
‘ഞങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിലും വിയോജിക്കാനുള്ള അവകാശത്തിലും വിശ്വസിക്കുന്നവരാണ്. ഇന്ത്യയിലേക്ക് വരുന്നവർക്ക് എന്ത് പറയണം, എന്ത് പറയരുത് എന്ന് നിർദേശിക്കാൻ കഴിയില്ല. ഒരാൾ പറയുന്ന കാര്യത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ എന്നത് മറ്റൊരു വിഷയമാണ്,’ അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ പുരോഗമന രാഷ്ട്രീയ പാർട്ടികളുമായി വിദേശനയവും നിക്ഷേപ സാധ്യതകളും ചർച്ച ചെയ്യുന്നതിനായാണ് കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ ഉച്ചകോടി സംഘടിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിക്ക് വിസ അനുവദിച്ചത് കേന്ദ്രസർക്കാർ തന്നെയാണ്. ജനാധിപത്യത്തിലും സുതാര്യതയിലും വിശ്വസിക്കുന്നവർക്കൊപ്പം സുപ്രീംകോടതി നിലകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൽമാൻ ഖുർഷിദ് കൂട്ടിച്ചേർത്തു.
Content Highlight:‘Bharat Summit’ controversy: ‘Event held with government permission; restrictions cannot be imposed on foreigners,’ says Salman Khurshid.