ഗുവാഹത്തി: വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള ഭൂമിയിടപാടിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമനടപടിക്ക് അംഗീകാരം നല്‍കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഒരേ മതവിഭാഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള ഭൂമിയിടപാടുകള്‍ മാത്രം പ്രോത്സാഹിപ്പിക്കുന്ന വിവാദ നിയമം നിലവില്‍ വരുന്നതോടെ കേരളത്തില്‍ നിന്നടക്കമുള്ള വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവും.
വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള ഭൂമിയിടപാടിന് അസം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയതോടെ ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരുടെ ഭൂമി മുസ്‌ലിംങ്ങള്‍ക്കോ തിരിച്ചോ കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല.
കേരളത്തില്‍ നിന്നുള്ള മുസ്‌ലിം, ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍ അസമില്‍ ഭൂമി വാങ്ങുകയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍, പുതിയ നിയമപ്രകാരം പുറത്തുനിന്നുള്ള സംഘടനകള്‍ക്ക് അസമില്‍ ഭൂമി വാങ്ങാനോ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനോ സാധിക്കാത്ത സാഹചര്യമാണ് വന്നിരിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള മുസ്‌ലിം സംഘടനകള്‍ ഉള്‍പ്പടെയുള്ളവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എല്ലാ മതവിഭാഗത്തിലുള്ളവര്‍ക്കും പ്രവേശനം നല്‍കുന്നതാണ്. പുതിയ നിയമത്തോടെ സംഘടനകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്നാല്‍ സാമൂഹികമായും വലിയ തിരിച്ചടിയാണ് സംഭവിക്കുക.
ബി.ജെ.പി ഭരിക്കുന്ന അസം സര്‍ക്കാരിന്റെ തീരുമാനത്തിന് ചുവടുപിടിച്ച് മറ്റ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും സമാനമായ നിയമം കൊണ്ടുവരികയാണെങ്കില്‍ വലിയ രീതിയില്‍ പ്രത്യാഘാതങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് മാത്രം സംഭവിക്കും.
ഹിമന്ത ബിശ്വ ശര്‍മയുടെ ബി.ജെ.പി സര്‍ക്കാര്‍ അംഗീകാരം നല്‍കിയ പുതിയ നിയമപ്രകാരം വ്യത്യസ്ത മതക്കാര്‍ തമ്മില്‍ ഭൂമി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യണമെങ്കില്‍ ആദ്യം സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കണം. ഈ ശുപാര്‍ശയെ കുറിച്ച് ഡെപ്യൂട്ടി കമ്മിഷണര്‍ റവന്യു വകുപ്പിനെ അറിയിക്കണം. റവന്യൂ വകുപ്പ് പ്രത്യേകം നിയമിക്കുന്ന നോഡല്‍ ഓഫീസര്‍ ഇതുസംബന്ധിച്ച അനുമതിയും വിവരങ്ങളും പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് അയക്കും.
തുടര്‍ന്ന് പോലീസ് ഈ ഭൂമി ഇടപാടിനെ കുറിച്ച് വിശദമായി പരിശോധിക്കും. വഞ്ചന, കള്ളപ്പണം, ഭീഷണി തുടങ്ങിയ കാരണങ്ങള്‍ ഭൂമി ഇടപാടിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കും. കൂടാതെ, ദേശസുരക്ഷയ്ക്ക് ഭീഷണിയാണോയെന്നും പരിശോധിക്കും. ഇതില്‍ നിന്നെല്ലാം ക്ലിന്‍ ചിറ്റ് ലഭിച്ചാല്‍ മാത്രമെ ഭൂമി ഇടപാടിന്റെ നൂലാമാലകള്‍ അവസാനിപ്പിച്ച് അനുമതി ലഭിക്കുകയുള്ളൂ.
കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനകള്‍ അസമില്‍ ഭൂമി വാങ്ങുന്നത് ഭാവിയില്‍ ദേശീയ സുരക്ഷക്ക് ഭീഷണിയാകുമെന്ന് ബിശ്വ ശര്‍മ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് ലാന്‍ഡ് ജിഹാദ് നടക്കുന്നുണ്ട് എന്ന ആരോപണവും ബിശ്വ ശര്‍മ മുന്നോട്ട് വെച്ചിരുന്നു. നിയമം ഉടന്‍ നടപ്പിലാക്കുമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ വൈകാതെ പുറത്തിറക്കുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പുതിയ നിര്‍ദേശം ജനങ്ങളെ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നതാണെന്ന് എ.ഐ.യു.ഡി.എഫ് ജനറല്‍ സെക്രട്ടറി ഹാഫിസ് റഫീഖ് ഉല്‍ ഇസ്‌ലാം വിമര്‍ശിച്ചു. സാധാരണക്കാരെ അപമാനിക്കുന്നതാണ് ഈ നിയമനടപടി.പണത്തിന് ആവശ്യം വരുമ്പോഴും മറ്റൊരിടത്തേക്ക് താമസം മാറാനുമൊക്കെയാണ് സാധാരണയായി ജനങ്ങള്‍ ഭൂമി വില്‍ക്കാറുള്ളത്.
എന്നാല്‍ പുതിയ നിയമപ്രകാരം ഭൂമിയിടപാടുകള്‍ റവന്യു ഡിപ്പാര്‍ട്ടുമെന്റിന് പകരമായി അസാം പൊലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ചും സി.ഐ.ഡിയും കൈകാര്യം ചെയ്യുന്ന അവസ്ഥയാണ്. പുതിയ നടപടി പ്രകാരം ഭൂമി ഇടപാട് സങ്കീര്‍ണമായി മാറിയിരിക്കുകയാണ്. അപേക്ഷകര്‍ക്ക് അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ മരിച്ചുപോകേണ്ട അവസ്ഥ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlight: Restriction on land transfers between different religious communities in Assam