| Saturday, 28th March 2026, 3:31 pm

ഫലസ്തീൻ വിഷയത്തിലെ പ്രതികരണം തെറ്റായി പ്രചരിക്കപ്പെട്ടു; നിലപാട് മാറ്റി രമേഷ് പിഷാരടി

മുഹമ്മദ് നബീല്‍

പാലക്കാട്: ഫലസ്‌തീൻ വിഷയത്തിലെ തന്റെ നിലപാട് ചർച്ചയായതോടെ മലക്കം മറിഞ്ഞ് പാലക്കാട് നിയമസഭാ യു.ഡി.എഫ് സ്ഥാനാർഥി രമേശ് പിഷാരടി.

സൗഹൃദത്തെ ബാധിക്കാതിരിക്കാനാണ് താൻ ലിറ്ററേച്ചർ ഫെസ്റ്റ് വേദിയിൽ അത്തരം ഒരു നിലപാട് പറഞ്ഞതെന്നാണ് പിഷാരടിയുടെ വിശദീകരണം.

ലോകത്തെവിടെയോ നടക്കുന്ന വിഷയങ്ങളെ കുറിച്ച് ചർച്ചചെയ്ത് നമ്മളെന്തിനാണ് തല്ലുകൂടുന്നത് എന്നായിരുന്നു ലിറ്ററർ ഫെസ്റ്റ് വേദിയിൽ രമേഷ് പിഷാരടി പറഞ്ഞത്.

ഫലസ്‌തീനെ അനുകൂലിച്ചോ, പ്രതികൂലിച്ചോ, ഐക്യദാർഢ്യം പ്രകടിപ്പിച്ചോ നമ്മൾ ചെയ്യുന്ന കാര്യങ്ങൾക്കൊണ്ട് ജാതിപറഞ്ഞോ മതം പറഞ്ഞോ തമ്മിലടിപ്പിക്കാം എന്നല്ലാതെ ഒരു ഫലവുമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നെതന്യാഹുവും ഐക്യരാഷ്ട്ര സഭയും ഒക്കെ ചർച്ചചെയ്ത് തീരുമാനമാകേണ്ട വിഷയങ്ങൾ എന്തിനാണ് നമ്മൾ ചർച്ച ചെയ്യുന്നതെന്നും അന്ന് അദ്ദേഹം ചോദിച്ചിരുന്നു.

തെരഞ്ഞെടുപ്പടുത്തതോടെ പിഷാരടിയുടെ അരാഷ്ട്രീയത ചർച്ചയായതാണ് ഇപ്പോൾ നിലപാട് മാറ്റത്തിന് കാരണമായത്.

താൻ പറഞ്ഞതിനെ ദുർവ്യാഖ്യാനിച്ചു എന്നതാണ് പിഷാരടിയുടെ വിശദീകരണം. ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പല കാര്യങ്ങളിലും സിനിമാ താരങ്ങൾ പ്രതികരിക്കുന്നില്ലെന്ന് ഒരു സാഹിത്യ ഫെസ്റ്റിവലിൽ ഒരാൾ എന്നോട് ചോദിച്ചു. എല്ലാ വിഷയത്തിലും ഇരു വശമുണ്ട്. അങ്ങനെ ഒരു വിഷയത്തിൽ പ്രതികരിച്ചാൽ അയാളുടെ കമന്റ് ബോക്‌സിൽ പലരും അഭിപ്രായം പറഞ്ഞ് യുദ്ധകളമായി മാറുകയാണ് ചെയ്യുകയെന്നാണ് ഞാൻ പറഞ്ഞത്,’ രമേഷ് പിഷാരടി വിശദീകരിച്ചു.

ഫലസ്‌തീൻ വിഷയത്തിൽ മാത്രമല്ല പള്ളുരുത്തിയിലെ ഹിജാബ് വിഷയത്തിലും അന്ന് താൻ പ്രതികരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘പള്ളുരുത്തിയിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ അവർ വട്ടം കൂടിയിരുന്നും, പലസ്തീൻ വിഷയം നെതന്യാഹും മറ്റും കൂടിയിരുന്നും തീർക്കേണ്ടതാണ്. അതിനെ ചൊല്ലി നമ്മൾ ഇവിടെ സംസാരിക്കുമ്പോൾ മുസ്ലിം സഹോദരനും ഹിന്ദു സഹോദരനും ക്രിസ്ത്യൻ സഹോദരനും കൂടി ഈ വിഷയം ചർച്ച ചെയ്ത് നമ്മുടെ ബന്ധത്തെ അത് ബാധിക്കരുത്’, രമേഷ് പിഷാരടി പറഞ്ഞു.

‘ഫലസ്തീനിൽ ഇസ്രഈൽ നടത്തിയത് കൂട്ടക്കുരുതിയാണെന്ന അഭിപ്രായം എനിക്കുണ്ട്. നമ്മൾ ഇപ്പോൾ ഈ പറഞ്ഞില്ലേ. ഇനി ഇതിന്റെ താഴെ നമ്മുടെ നാട്ടിലെ ആളുകൾ തമ്മിൽ ഒരു തർക്കം വരും. ആ തർക്കം ഒഴിവാക്കുന്നതാണ് നല്ലത്. തർക്കിക്കേണ്ടെന്നല്ല. ഒഴിവാക്കുന്നതാണ് നമ്മുടെ സമാധാനത്തിനും ഐക്യത്തിനും നല്ലത് എന്നേയുള്ളൂ,’ അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങിയതോടെ പാലക്കാട് സ്ഥാനാർത്ഥിയായി അവതരിപ്പിച്ച രമേഷ് പിഷാരടിയുടെ അരാഷ്ട്രീയ നിലപാടുകളിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

Content Highlight:Response on Palestine issue was misrepresented; Ramesh Pisharody changes stance

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more