തിരുവനന്തപുരം: ചിന്ത ജെറോമിനെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിമര്‍ശനവുമായി ഫേസ്ബുക്കിലെ ഇടത് അനുകൂലികള്‍. ചിന്തയെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പുറമെ ഈ വിവരം ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ എങ്ങനെ അറിഞ്ഞു എന്ന് ചോദിച്ചും വിമര്‍ശനം ഉയരുന്നുണ്ട്. ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ തീരുമാനിക്കേണ്ട ഭാരവാഹികളെ നേരത്തെ തന്നെ തീരുമാനിച്ച് ഉറപ്പിച്ചോയെന്നും ആ വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നോ എന്നും ഇത്തരം വിമര്‍ശമനം ഉന്നയിക്കുന്നവര്‍ ചോദിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി കാരണവും പാര്‍ട്ടി കണ്ണുതുറന്നില്ലെന്ന് ചിന്ത ജെറോമിനെ ഡി.വെ.എഫ്.ഐ സെക്രട്ടറിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ചില ഇടത് അനുകൂലികള്‍ ഫേസ്ബുക്ക് പോസ്റ്റുകളില്‍ പറഞ്ഞു. ‘തിരിച്ചടികള്‍ കണ്ണു തുറപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ എന്തെങ്കിലും പാഠം പഠിച്ചതായി തോന്നുന്നില്ല. എന്റെ തോന്നലാകാം,’ എന്ന് ഇത്തരം ഒരു പോസ്റ്റില്‍ പറയുന്നു.
‘ഗോവിന്ദന്‍ മാഷെ പോലുള്ള ഒരു അതികായന്‍ പാര്‍ട്ടി സെക്രട്ടറി ആയി ഇരിക്കുമ്പോള്‍ ഡി.വൈ.എഫ്.ഐക്കും ആ ലെവല്‍ ഉള്ള നേതൃത്വം തന്നെ വേണം. എന്നാലെ സംഘടന എണ്ണ ഇട്ട യന്ത്രം കണക്കെ ഓടുകയുള്ളു,’ എന്നാണ് മറ്റൊരു ഇടത് അനുകൂല യൂസറുടെ പോസ്റ്റ്.
‘ഇലക്ഷന്‍ കഴിഞ്ഞു പാര്‍ട്ടി സഖാക്കളേ കേട്ട ശേഷം നടത്തിയ ആദ്യ തിരുത്തലുകളില്‍ ഒന്ന്. പാര്‍ട്ടിക്കാര്‍ പറഞ്ഞത് മുഴുവന്‍ പാര്‍ട്ടി ശ്രദ്ധിച്ചു തന്നെ കേട്ടു എന്ന് തന്നെ ഉറപ്പിക്കുന്ന തീരുമാനം?,’ എന്നും പോസ്റ്റില്‍ പറയുന്നു.
ഡി.വൈ.എഫ്.ഐയുടെ പുതിയ നേതൃത്വം ആരായിരിക്കുമെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതിനെ വിമര്‍ശിച്ചുള്ള പോസ്റ്റുകളും കമന്റുകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഡി.വൈ.എഫ്.ഐ അവരുടെ സമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് അത് സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഭാരവാഹികളെ ഡി.വൈ.എഫ്.ഐ സമ്മേളനത്തിലാണ് തീരുമാനിക്കേണ്ടതെന്നും ഇപ്പോള്‍ സമ്മേളനത്തിന് മുമ്പ് തന്നെ തീരുമാനിക്കുകയും അത് വാര്‍ത്തയാവുകയും ചെയ്‌തെന്നും ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത് സമ്മേളനത്തിന്റെയും സമ്മേളനം തിരഞ്ഞെടുത്ത സംസ്ഥാനക്കമ്മിറ്റിയുടെയും പ്രസക്തി പൊതുസമൂഹത്തില്‍ വട്ടപ്പൂജ്യമാക്കിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
‘ഡി.വൈ.എഫ്.ഐയുടെ ഭരണഘടന പ്രകാരം ആ സംഘടനയുടെ സംസ്ഥാന കമ്മിറ്റിയാണ് പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ള ഭാരവാഹികളെ തീരുമാനിക്കേണ്ടത്. ആ ഭാരവാഹികളെ സമ്മേളനം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുമ്പേ, ആ സ്റ്റേറ്റ് കമ്മിറ്റി രൂപീകരിക്കുന്നതിനും മുമ്പേ, മറ്റെവിടെയോ നിശ്ചയിച്ചുവെന്ന് വാര്‍ത്ത വരുന്നു. അതേ വാര്‍ത്ത സ്ഥിരീകരിക്കപ്പെടുന്ന തീരുമാനം പുറത്തുവരുന്നു,’ എന്നും പോസ്റ്റില്‍ പറയുന്നു.
ഡി.വൈ.എഫ്.ഐ സമ്മേളനത്തിന് ഏറെ ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ഭാരവാഹികളെക്കുറിച്ച്
തീരുമാനമുണ്ടായതും വാര്‍ത്ത ചോര്‍ന്നതും അനുചിതമായി എന്നും ഈ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
‘ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും ആരൊക്കെ എന്ന് സംഘടനയുടെ സംസ്ഥാന സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങള്‍ പുറത്ത് വിടുന്നത് എങ്ങനെ’ എന്ന് ചോദിച്ചുകൊണ്ടുള്ള പോസ്റ്റും ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സംസ്ഥാനസമ്മേളനത്തില്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മാധ്യമങ്ങള്‍ മുന്‍കൂട്ടി പുറത്ത് വിട്ട അതേ പേരുകാര്‍ തന്നെ ഭാരവാഹികള്‍ എന്ന് പ്രസ്ഥാനം പ്രഖ്യാപിക്കുന്നത് എങ്ങനെയെന്നും പോസ്റ്റില്‍ ചോദിക്കുന്നു.
ഇങ്ങനെ എത്രകാലം മുന്നോട്ട് പോകാന്‍ കഴിയുമെന്നും മാധ്യമങ്ങള്‍ വ്യാജ വിവരങ്ങള്‍ പചരിപ്പിക്കുന്നു എന്ന് പറഞ്ഞവര്‍ ഇപ്പോഴാരായെന്നും ചോദിച്ചാണ് ഈ പോസ്റ്റ് അവസാനിക്കുന്നത്.
ഇന്നലെയയായിരുന്നു (ഓഗസ്റ്റ് 22, ശനി) ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ സംഘടനയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പ്രസിഡന്റായി ചിന്ത ജെറോമിനെയും സെക്രട്ടറിയായി എം. വിജിനിനെയും തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുക്കുകയായിരുന്നു. മറ്റ് ഭാരവാഹികളെയും 92 അംഗ സംസ്ഥാന സമിതിയെയും 25 സെക്രട്ടറിയേറ്റിനെയും ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
Content Highlight: Response of pro CPIM Social Media Users after Announcing Chintha Gerome as DYFI State Secretary