| Monday, 29th June 2026, 2:41 pm

രഘു ശ്മശാനം കമ്മിറ്റി അംഗം: നാരായണന്റെ സംസ്‌കാരം നടത്തിയത് സേവാ ഭാരതിയെന്ന പ്രചാരണം തള്ളി ഇര്‍ഫാന

സിജൊ

കാസര്‍ഗോഡ്: കാന്‍സര്‍ ബാധിച്ച് മരിച്ച മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നാരായണന്റെ സംസ്‌കാരചടങ്ങിനെക്കുറിച്ച് സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ തള്ളി മുസ്‌ലിം ലീഗ് നേതാവും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗവുമായ ഇര്‍ഫാന ഇഖ്ബാല്‍. നാരായണന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയതും ചിതക്ക് തീക്കൊളുത്തിയതും ഇര്‍ഫാനയായിരുന്നു. ഇക്കാര്യം ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.

കാസര്‍ഗോട്ടെ ഷെയ്ഖ് സഈദ് ട്രസ്റ്റിന്റെയും ട്രസ്റ്റിന് കീഴിലുള്ള വൃദ്ധ സദനത്തിന്റെയും സ്ഥാപക കൂടിയാണ് ജില്ലാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇഖ്ബാല്‍. നാരായണന്റെ സംരക്ഷണ ചുമതല ട്രസ്റ്റ് ഏറ്റെടുത്തതിനെത്തുടര്‍ന്നാണ് ഇര്‍ഫാന സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. എന്നാല്‍ സേവാ ഭാരതിയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയതെന്നും ഇര്‍ഫാന ഈ സംഭവത്തില്‍ പേരെടുക്കാന്‍ ശ്രമിക്കുകയാണെന്നും സംഘപരിവാര്‍ അനുകൂലികള്‍ അവകാശപ്പെട്ടിരുന്നു.

സേവാഭാരതിയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയതെന്ന വാദം തള്ളുന്നതായി ഇര്‍ഫാന വ്യക്തമാക്കി. ഷെയ്ഖ് സഈദ് ട്രസ്റ്റാണ് സംസ്‌കാര ചടങ്ങുകള്‍ക്കായി മുന്‍കൈയെടുത്തതെന്നും അവര്‍ പറഞ്ഞു. കാസര്‍ഗോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

സേവാഭാരതി നോതാവായ രഘു എന്നയാള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെന്ന് സേവാ ഭാരതിയാണ് ചടങ്ങ് നടത്തിയതെന്ന അവകാശ വാദം സ്ഥാപിക്കാനായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ രഘു എന്നയാള്‍ ശ്മശാനം കമ്മിറ്റി അംഗമായതിനാലാണ് സംസ്‌കാര ചടങ്ങ് നടക്കുമ്പോള്‍ അടുത്തുണ്ടായിരുന്നതെന്ന് ഇര്‍ഫാന പറഞ്ഞു.

നാരായണന്‍ എന്ന വ്യക്തിയെ ദഹിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളില്‍ താനും ഭര്‍ത്താവ് കെ.എഫ്. ഇഖ്ബാല്‍, ട്രസ്റ്റ് പി.ആര്‍.ഒ, കോഓര്‍ഡിനേറ്റര്‍, ആംബുലന്‍സ് ഡ്രൈവര്‍ തുടങ്ങിയവരുമുണ്ട്. പൊതു ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. അതിനാല്‍ അവിടെ ശ്മശാനത്തിന്റെ കമ്മിറ്റി അംഗമായ രഘു എന്ന വ്യക്തിയുമുണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ഒരു മാസം മുമ്പ് നാരായണനെ ഷെയ്ഖ് സഈദ് ട്രസ്റ്റിന് കീഴിലുള്ള ഓള്‍ഡ് ഏജ് ഹോം ഏറ്റെടുക്കണമെന്ന കോള്‍ വന്ന ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഇര്‍ഫാന വ്യക്തമാക്കി.

ആദ്യം അദ്ദേഹത്തെ ഏറ്റെടുക്കാന്‍ വന്നപ്പോള്‍ ആരോഗ്യ നില വഷളായിരുന്നതിനാല്‍ പൊലീസിനെയും ജില്ലാ കലക്ടറെയും ബന്ധപ്പെട്ടു. തുടര്‍ന്ന് കലക്ടര്‍ വഴി അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാരായണന് കാന്‍സറിന്റെ അവസാന ഘട്ടമായിരുന്നതിനാല്‍ കൂടുതല്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നും ഇര്‍ഫാന പറഞ്ഞു.

നാരായണന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. അദ്ദേഹം ചികിത്സയ്ക്ക് ശേഷം അതിജീവിക്കുകയായിരുന്നെങ്കില്‍ ട്രസ്റ്റിലേക്ക് ഏറ്റെടുക്കാമെന്ന് കരുതിയിരുന്നു. അക്കാര്യം നാരായണന്റെ സഹോദരി കമലക്ക് വാക്ക് കൊടുത്തിരുന്നുവെന്നും ഇര്‍ഫാന പറഞ്ഞു.

നാരായണന്‍ മരിച്ച വിവരം അറിഞ്ഞപ്പോള്‍ സഹോദരി കമലയെ വിളിച്ച് മൃതദേഹം കൊണ്ടുപോകുമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ മൃതദേഹം കൊണ്ടുപോകാന്‍ അവര്‍ തയ്യാറായില്ല. ആദ്യം തന്നെ അവര്‍ക്ക് വാക്ക് കൊടുത്തതുകൊണ്ട് ബാക്കി കാര്യങ്ങള്‍ ട്രസ്റ്റ് ഏറ്റെടുക്കാം എന്ന് കരുതിയാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.

മതാചാരങ്ങള്‍ പ്രകാരമാണ് ഓരോ സംസ്‌കാര ചടങ്ങും നടത്താറ്. നാരായണന്‍ ഹിന്ദുവായതിനാല്‍ ഹിന്ദു ആചാരം പ്രകാരം സംസ്‌കാരം നടത്താന്‍ തീരുമാനിച്ചിരുന്നു. അതിനായി കൊണ്ടയൂര്‍ സ്വാമി എന്നയാളെ ബന്ധപ്പെട്ടിരുന്നുവെന്നും ഇര്‍ഫാന പറഞ്ഞു.

ട്രസ്റ്റില്‍ ജാതി മത വ്യത്യാസമില്ലാതെയാണ് എല്ലാം പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിനെ ഒന്ന് വേറെ രീതിയിലേക്ക് കൊണ്ടുപോവാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവരോട് ഒന്നും പറയാനില്ലെന്നും ഇര്‍ഫാന പറഞ്ഞു.

Content Highlight:   Response of League woman leader who performs last rites of former RSS worker on Comments of right wing

സിജൊ

We use cookies to give you the best possible experience. Learn more