| Thursday, 14th May 2026, 2:49 pm

അത് കൂടി ഞാന്‍ കൊടുക്കാം; ചര്‍ച്ചയായി കെ.സിയുടെ പ്രതികരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയതിനെ സ്വാഗതം ചെയ്‌തെങ്കിലും കെ.സി. വേണുഗോപാലിന്റെ മറ്റൊരു പ്രതികരണം ചര്‍ച്ചയാവുന്നു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വേണുഗോപാല്‍ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്തത്. ഇതിന് ശേഷം അദ്ദേഹം തിരിച്ച് പോകും മുമ്പായി മാധ്യമ പ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

എ.ഐ.സി.സി സെക്രട്ടറി സ്ഥാനത്ത് തുടരുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. അത് കൂടി ഞാന്‍ കൊടുക്കാം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്നായിരുന്നു തിരിച്ച് പോകവെ ഈ ചോദ്യത്തിന് വേണുഗോപാലിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയ തീരുമാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു. എം.എല്‍.എമാരുടെ പിന്തുണ താങ്കള്‍ക്കായിരുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അത്തരം കാര്യങ്ങള്‍ക്കൊന്നും ഇനി പ്രസക്തിയില്ല എന്ന് വേണുഗോപാല്‍ മറുപടി നല്‍കി. വി.ഡി. സതീശന് പൂര്‍ണ പിന്തുണ നല്‍കില്ലേ എന്ന ചോദ്യത്തിന് അതില്‍ ഒരു സംശയവുമില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ലേ എന്ന ചോദ്യത്തിന് എന്താ സംശയമെന്ന് കെ.സി മറുപടി നല്‍കി. എ.ഐ.സി.സിയില്‍ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്തിട്ടാണോ മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത്തരം പ്രശ്നങ്ങള്‍ക്കൊന്നും മറുപടി നല്‍കേണ്ട കാര്യമില്ലെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.

അതേസമയം, സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.ചെന്നിത്തല തന്റെ അതൃപ്തി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. തന്റെ സീനിയോരിറ്റി പരിഗണിച്ചിട്ടില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവഗണന നേരിട്ടെന്നുമുള്ള പരാതികള്‍ ചെന്നിത്തല ദേശീയ നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചതായി വിവിധ മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ചെന്നിത്തലയുടെ തീരുമാനമെന്നാണ് അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നുള്ള വിവരം. ചെന്നിത്തല മന്ത്രിസഭയില്‍ ഭാഗമാവില്ലെന്നും അവര്‍ വ്യക്തമാക്കി.

കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടത്. ഇതില്‍ ഒടുവില്‍ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു.

Content Highlight: Response of KC Venugopal on Question by Media about AICC General Secretary Position

Latest Stories

We use cookies to give you the best possible experience. Learn more