| Wednesday, 4th November 2026, 10:29 pm

ട്രംപിന്റെയും നെതന്യാഹുവിന്റെയും നയങ്ങള്‍ പരാജയപ്പെട്ടതിന്റെ മറ്റൊരു തെളിവ്: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇറാന്‍

റെന്വര്‍ പി

ടെഹ്‌റാന്‍: ട്രംപിന്റെയും നെതന്യാഹുവിന്റെയും നയങ്ങള്‍ പരാജയപ്പെട്ടുവെന്നതിന്റെ മറ്റൊരു തെളിവാണ് യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ഇറാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ജനറല്‍ റെസ തലൈനിക്. എക്‌സ് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ആഗോള അഹങ്കാരത്തിന്റെ, പ്രത്യേകിച്ച് അമേരിക്കയുടെ, കുറ്റകൃത്യങ്ങളെ പുനപരിശോധിക്കാനും, ഇടപെടല്‍ നയങ്ങളെ ചെറുക്കാനുള്ള പ്രതിജ്ഞ പുതുക്കാനുമുള്ള ഒരു അവസരമാണിത്. ട്രംപിന്റെയും നെതന്യാഹുവിന്റെയും യുദ്ധോത്സുക നയങ്ങളുടെ പരാജയവും, ആഗോളതലത്തില്‍ അവരുടെ ആധിപത്യം തകര്‍ന്നുകൊണ്ടിരിക്കുന്ന പ്രവണതയും ഇന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍, ഇറാനിയന്‍ ജനതയുടെ ദൃഢനിശ്ചയം സ്വതന്ത്ര രാഷ്ട്രങ്ങള്‍ക്ക് മുമ്പെന്നത്തേക്കാളും വലിയ പ്രചോദനമാണ്,’ അദ്ദേഹം കുറിച്ചു.

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വന്‍ വിജയം നേടിയെങ്കിലും, യു.എസ് ഇറാനുമായുള്ള ഏറ്റുമുട്ടല്‍ തുടരുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനേയി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റെസ തലൈനികിന്റെ പ്രതികരണം.

‘രാഷ്ട്രീയ പക്ഷങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍’ അമേരിക്കയെ ‘ഇറാനിയന്‍ ജനതയോടുള്ള ശത്രുതയില്‍ നിന്ന് പിന്തിരിപ്പിക്കും’ എന്ന വാദത്തെ ഖാംനഇ തള്ളിക്കളഞ്ഞിരുന്നു. ഇറാനിയന്‍ ജനതയുടെ നിരുപാധികമായ കീഴടങ്ങലാണ് യു.എസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്വയം സൃഷ്ടിച്ച ഒരു വിവാദത്തിന് ശേഷം യു.എസ് തിരിച്ചുവരാനാവാത്ത തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. അവരുടെ പതനത്തിന്റെ പ്രക്രിയ വേഗത്തിലായിരിക്കുന്നുവെന്നും ഖാംനഇ പറഞ്ഞിരുന്നു. ഇറാനെതിരെ യു.എസും ഇസ്രഈലും നടത്തുന്ന യുദ്ധത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഖാംനഇയുടെ പരാമര്‍ശം.

അതേസമയം, അമേരിക്കക്കാര്‍ ‘യുദ്ധം വേണ്ട’ എന്ന് പറഞ്ഞതാണ് മിഡ് ടേം തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പാര്‍ട്ടി പരാജയപ്പെടാന്‍ കാരണമെന്ന് യു.എസുമായുള്ള ചര്‍ച്ചകളില്‍ ഇറാനു വേണ്ടി നേതൃത്വം നല്‍കുന്ന മുഹമ്മദ് ബാഗര്‍ ഘാലിബാഫ് അഭിപ്രായപ്പെട്ടു.

മനസാക്ഷിയാകട്ടെ, ജീവിതച്ചെലവാകട്ടെ അമേരിക്കക്കാര്‍ ‘യുദ്ധം വേണ്ട’ എന്ന് പറഞ്ഞിരിക്കുന്നു. ഞങ്ങള്‍ ഈ സന്ദേശത്തെ പിന്തുണയ്ക്കുവെന്നും ഘാലിബാഫ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.

Content Highlight: Response of Iran Leaders Abour US Mid Term Election

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more