ലഖ്നൗ: പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധി, സമാജ് വാദി പാര്ട്ടി നേതാവ് അഖിലേഷ് യാദവ്, എലോണ് മസ്ക് തുടങ്ങിയവരെ രാവണന്റെ പത്ത് തലകളായി കാണിച്ചുകൊണ്ടുള്ള ദസറ പോസ്റ്ററില് ബി.ജെ.പിക്കെതിരെ വിമര്ശനവുമായി അഖിലേഷ് യാദവ്. ബി.ജെ.പി അംഗങ്ങളുടെ ലക്ഷ്യം പോസ്റ്റര് മുകളില് പതിക്കുക എന്നത് മാത്രമായിരുന്നില്ലെന്നും അതിനു താഴെ സ്ഥാപിച്ചിരുന്ന ശ്രീരാമന്റെ പോസ്റ്റര് മറച്ചുവെക്കുക എന്നതായിരുന്നെന്നും അഖിലേഷ് എക്സ് പോസ്റ്റില് പറഞ്ഞു.
ശ്രീരാമന്റെ ചിത്രം കണ്ടാല് ജനങ്ങള്ക്ക് ബി.ജെ.പി നേതാക്കള് നടത്തിയ രാമക്ഷേത്ര തട്ടിപ്പ് ഓര്മ വരും. ഇതിനാലാണ് ശ്രീരാമന്റെ ചിത്രം മറച്ചുവെക്കുന്നതെന്നും അഖിലേഷ് കുറിച്ചു.
‘ബി.ജെ.പി അംഗങ്ങളുടെ ലക്ഷ്യം പോസ്റ്റര് മുകളില് പതിക്കുക എന്നത് മാത്രമായിരുന്നില്ല. മറിച്ച് അതിനു താഴെ സ്ഥാപിച്ചിരുന്ന ശ്രീരാമന്റെ പോസ്റ്റര് മറച്ചുവെക്കുക എന്നത് കൂടിയായിരുന്നു.
കാരണം, ഇന്ന് ശ്രീരാമന്റെ ചിത്രം കാണുമ്പോള്, അയോധ്യയിലെ രാം ലല്ല ക്ഷേത്രത്തില് ബി.ജെ.പിയും അവരുടെ കൂട്ടാളികളും നടത്തിയ മോഷണം ആളുകള്ക്ക് ഓര്മ വരുന്നു. ഈ തിരിച്ചറിവ് ബി.ജെ.പി സംഘത്തിനെതിരായ ജനരോഷം കൂടുതല് ശക്തമാക്കുകയാണ് ചെയ്യുന്നത്,’ അഖിലേഷ് കുറിച്ചു.
ലഖ്നൗവില് രാമചരിതമാനസവുമായി ബന്ധപ്പെട്ട വിഷയത്തില് ലാത്തിച്ചാര്ജിന് ഉത്തരവിട്ടതും ഇതേ ബി.ജെ.പി സംഘം തന്നെയായിരുന്നു എന്നത് ഓര്ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
‘രാമക്ഷേത്രത്തിലെ മോഷണം കാരണം അഗാധമായി വേദനിക്കപ്പെട്ട ഒരു ഭക്തന്, ഇത്തവണ രാവണന്റെ കോലത്തിനൊപ്പം, കാണിക്കകളും സംഭാവനകളും മറ്റും കവര്ന്നതിന് ഉത്തരവാദികളായ മൂന്ന് അസുരന്മാരെ പ്രതിനിധീകരിക്കുന്ന കോലങ്ങളും കത്തിച്ചേക്കുമോ എന്ന് ബി.ജെ.പി ഭയപ്പെടുന്നു,’ എന്നും അഖിലേഷ് കുറിച്ചു.
പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധിയും അഖിലേഷ് യാദവും അടക്കമുള്ളവരെ രാവണന്റെ തലകളാക്കി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകള് ലഖ്നൗ നഗരത്തില് അടക്കം പ്രത്യക്ഷപ്പെട്ടത്. ഇത്തരമൊരു പോസ്റ്റര് നീക്കുമ്പോള് അതിന് താഴെ ശ്രീരാമന്റെ ചിത്രമുള്ള മറ്റൊരു പോസ്റ്ററുള്ളതായി കാണുന്ന വീഡിയോയും അഖിലേഷ് എക്സില് പങ്കുവെച്ചിട്ടുണ്ട്.
സനാതന ഭാരതത്തിന്റെ ശത്രുവായ രാവണന് എന്ന കാപ്ഷനോട് കൂടിയാണ് അഖിലേഷ് അടക്കമുള്ളവരെ രാവണന്റെ പത്ത് തലകളില് ചിത്രീകരിച്ചുള്ള
പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സനാതന് രക്ഷാ സംഘടനയാണ് ബോര്ഡുകള് സ്ഥാപിച്ചത്.
Content Highlight: Response of Akhilesh Yadav on Hoardings depicting Rahul, Akhilesh as Ravana’s heads in Lucknow