| Wednesday, 11th January 2023, 1:20 pm

വാരിസില്‍ എന്റേത് വലിയ കഥാപാത്രമൊന്നുമല്ല; അഭിനയിക്കാനുള്ള ഏക കാരണം വിജയ് മാത്രമാണ്: രശ്മിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധക മനം കവര്‍ന്ന നടിയാണ് രശ്മിക മന്ദാന. തെലുങ്ക്, കന്നഡ,തമിഴ് സിനിമകളില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. വിജയ് നായകനായ വാരിസാണ് രശ്മികയുടെ പുതിയ ചിത്രം.

തന്റെ ഇഷ്ടതാരമായ വിജയെ കുറിച്ചും അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള കാരണത്തെ കുറിച്ചുമൊക്കെ പറയുകയാണ് രശ്മിക. ബോളിവുഡ് ബബ്ബിളിനോട് സംസാരിക്കുകയായിരുന്നു രശ്മിക.

ചെറുപ്പത്തില്‍ അച്ഛന്റെ കൂടെയാണ് ആദ്യമായി വിജയുടെ സിനിമ കാണാന്‍ പോയതെന്നും അന്ന് മുതല്‍ തനിക്ക് അദ്ദേഹത്തോട് സ്‌നേഹവും ആരാധനയുമാണെന്നും താരം പറയുന്നു. വാരിസില്‍ താന്‍ അഭിനയിക്കാനുള്ള ഏക കാരണം വിജയ് മാത്രമാണെന്നും രശ്മിക അഭിമുഖത്തില്‍ പറഞ്ഞു.

‘ഒരുപക്ഷേ ഞാനായിരിക്കും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധിക. എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണാറുണ്ടായിരുന്നു. ഒരു ദിവസം ഞാനും അച്ഛന്റെ കൂടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ പോയി. കണ്ടപ്പോള്‍ തന്നെ എനിക്ക് അദ്ദേഹത്തോട് വലിയ സ്‌നേഹവും ആരാധനയും തോന്നി.

അതിന് ശേഷം അദ്ദേഹത്തിനൊപ്പം ഒരു സിനിമയെങ്കിലും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു, പ്രാര്‍ത്ഥിച്ചിരുന്നു. അങ്ങനെ അത് സംഭവിച്ചു. വാരിസില്‍ ആദ്യമായി ഞങ്ങള്‍ ഷൂട്ട് ചെയ്തത് ഒരു ഗാനരംഗമായിരുന്നു. ഞാന്‍ വളരെ എക്‌സിറ്റിഡ് ആയിരുന്നു. എന്റെ മുഴുവന്‍ എഫോര്‍ട്ടും കൊടുത്ത് ചെയ്ത സോങ്ങ് ആണത്.

സത്യത്തില്‍ ഒരു ശാന്തനായ സ്വഭാവക്കാരനാണ് അദ്ദേഹം. പക്ഷെ ഞാന്‍ അദ്ദേഹത്തെക്കൊണ്ട് ഒരു പാട് സംസാരിപ്പിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ ഒരുപാട് അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ വളരെ ചിയര്‍ഫുള്‍ ആയിട്ടുള്ള ആളാണ്. എല്ലാവരോടും ഒരുപാട് സംസാരിക്കും.

പക്ഷെ അദ്ദേഹം അധികം സംസാരിക്കാത്ത ആളാണ്. എങ്കിലും അദ്ദേഹത്തെക്കൊണ്ട് ഞാന്‍ സംസാരിപ്പിച്ചു. സെറ്റിലുള്ള എല്ലാവരും ചോദിക്കുമായിരുന്നു നിങ്ങള്‍ക്കിത് എങ്ങനെ സാധിച്ചുവെന്ന്. ഈ സിനിമ കാരണം എനിക്ക് അദ്ദേഹവുമായി ഒരു പാട് നല്ല നിമിഷങ്ങള്‍ ലഭിച്ചു. വാരിസ് ഒരു ക്യാരക്ടര്‍ ടു ക്യാരക്ടര്‍ ഡ്രിവന്‍ ഫിലിം അല്ല. അദ്ദേഹവുമൊത്ത് വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ ഈ സിനിമ ചെയ്തത്’, രശ്മിക പറഞ്ഞു.

വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഇമോഷണല്‍ ഫാമിലി എന്റര്‍ടെയ്നര്‍ ആണ് വാരിസ്. ചിത്രം ഈ മാസം 11നാണ് തീയേറ്ററുകളില്‍ എത്തിയത്.. വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാര്‍,പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

Content Highlight: Actress Resmika Mandana about vijay and Varisu Movie

Latest Stories

We use cookies to give you the best possible experience. Learn more