| Friday, 6th November 2026, 8:19 am

ഒഡീഷ വിന്യസിച്ചത് 16 പ്ലറ്റൂണ്‍ പൊലീസിനെ: എന്നിട്ടും അതിര്‍ത്തി കടന്ന് ആന്ധ്രയില്‍ വോട്ട് ചെയ്ത് കൊട്ടിയ നിവാസികള്‍

ദേവിക ജയചന്ദ്രന്‍

ഭുവനേശ്വര്‍: ഒഡിഷയും ആന്ധ്രപ്രദേശും തമ്മില്‍ ദീര്‍ഘകാലമായി അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന കോട്ടിയയില്‍ നിന്നുള്ള വോട്ടര്‍മാര്‍ വ്യാഴാഴ്ച ഒഡീഷയുടെ അതിര്‍ത്തി കടന്ന് ആന്ധ്രാപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. വോട്ടര്‍മാരുടെ അതിര്‍ത്തി കടന്നുള്ള യാത്ര തടയാന്‍ ഒഡീഷ സര്‍ക്കാര്‍ 16 പ്ലറ്റൂണ്‍ പൊലീസിനെയാണ് വിന്യസിച്ചിരുന്നത്. ഒപ്പം മൂന്ന് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ആന്ധ്രപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ മണ്ഡല്‍ പരിഷത്ത് ടെറിട്ടോറിയല്‍ കോണ്‍സ്റ്റിറ്റുവന്‍സി, ജില്ലാ പരിഷത്ത് ടെറിട്ടോറിയല്‍ കോണ്‍സ്റ്റിറ്റുവന്‍സി തിരഞ്ഞെടുപ്പുകളിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്. കോട്ടിയ ഗ്രാമവാസികള്‍ക്കായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സംസ്ഥാന അതിര്‍ത്തിക്കുള്ളിലെ സരിക്കിയില്‍ പോളിങ് ബൂത്ത് സജ്ജീകരിച്ചിരുന്നു.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആന്ധ്രാപ്രദേശിലെ നേതാക്കള്‍ പണം നല്‍കിയെന്ന് ഒഡീഷയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചു. എന്നാല്‍ ഇത്തവണ ഒഡീഷയുടെ അതിര്‍ത്തിക്കുള്ളില്‍ ആന്ധ്രാപ്രദേശിന് പോളിങ് ബൂത്ത് സ്ഥാപിക്കാന്‍ കഴിയാതിരുന്നത് ഒഡീഷയുടെ വിജയമാണെന്ന് ബിജു ജനതാദള്‍ നേതാവ് ഭൃഗു മൊഹാപാത്ര പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒഡീഷയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിര്‍ത്തികളില്‍ ക്യാമ്പ് ചെയ്ത് സംസ്ഥാനത്തിനുള്ളില്‍ ആന്ധ്രാപ്രദേശ് പോളിങ് ബൂത്തുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ ശ്രമിച്ചിരുന്നു. സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുള്ള എതിര്‍പ്പുകളും തടസങ്ങളും മറികടന്ന് 35 ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെക്ക് പോസ്റ്റുകളില്‍ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സേനകള്‍ തമ്മില്‍ തര്‍ക്കവും പിടിവലിയും ഉണ്ടായി. സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പിരിമുറുക്കവും ഏറ്റുമുട്ടലും വഷളായ സാഹചര്യത്തിലും ആന്ധ്രാപ്രദേശ് കൊട്ടിയയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ആശങ്കാജനകമാണെന്ന് നവംബര്‍ നാലിന് പുറത്തിറക്കിയ പ്രസ്താവനയില്‍ ഒഡിഷ.

ഒഡീഷയിലെ കോരാപുട്ട് ജില്ലയിലും ആന്ധ്രാപ്രദേശിലെ പാര്‍വതിപുരം മന്യം ജില്ലയിലും സ്ഥിതി ചെയ്യുന്ന 21 അതിര്‍ത്തിഗ്രാമങ്ങളാണ് തര്‍ക്കത്തിന് കാരണമായ കോട്ടിയ പ്രദേശത്ത് ഉള്‍പ്പെടുന്നത്. സ്വാതന്ത്രത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ തന്നെ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് ഒഡീഷയും ആന്ധ്രാപ്രദേശും അധികാരപരിധി അവകാശപ്പെടുന്നു. നിലവില്‍ ഗ്രാമങ്ങള്‍ കോരപുട്ടിലെ പൊട്ടാങ്കി നിയോജകമണ്ഡലത്തിലെ കൊട്ടിയ പഞ്ചായത്തിന്റെ ഭാഗമാണ്.

1950 മുതല്‍ കൊട്ടിയ ഗ്രാമത്തിന്റെ അധികാരപരിധിയെച്ചൊല്ലി ഇരുസംസ്ഥാനങ്ങളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. സംസ്ഥാന പുനസംഘടനയ്ക്ക് ശേഷം 1955ല്‍ ഗ്രാമങ്ങളില്‍ നിന്ന് നികുതി പിരിക്കാന്‍ ആന്ധ്രാപ്രദേശ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. 1954ലെയും 1967ലെയും തെരഞ്ഞെടുപ്പുകളില്‍ ചില ഗ്രാമങ്ങളിലുള്ളവര്‍ ഇരു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു. തര്‍ക്കവുമായി ബന്ധപ്പെട്ട് 1968ല്‍ ഒഡിഷ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

1968ല്‍ സമര്‍പ്പച്ച ഒറിജിനല്‍ കേസ് 2006 മാര്‍ച്ച് 30ന് സുപ്രീം കോടതി തീര്‍പ്പാക്കി. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം തര്‍ക്കത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കോടതിയ്ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയായിരുന്നു നടപടി. അനുച്ഛേദം 131 പ്രകാരം പാര്‍ലമെന്റാണ് ഇത്തരം തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അധികാരികള്‍ തര്‍ക്കം പരിഗണിക്കുന്നത് വരെ നിലവിലെ സ്ഥിതി തുടരണമെന്ന് കോടതി നിര്‍ദേശിച്ചു.

കൊട്ടിയ ഗ്രാമസമൂഹത്തിലെ താമസക്കാര്‍ ഇരു സംസ്ഥാനങ്ങളിലെയും ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ട്. ചിലരുടെ കൈവശം ഇരു സംസ്ഥാനങ്ങളിലെയും തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ട്.

Content Highlight: Residents of disputed villages in Kotia cross Odisha border to vote in Andhra Pradesh polls.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more