| Sunday, 6th July 2025, 2:33 pm

സുപ്രിംകോടതി ജീവനക്കാരുടെ നിയമനത്തില്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്കും സംവരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രിംകോടതിയിലെ ജീവനക്കാരുടെ നിയമനത്തില്‍ ഒ.ബി.സി വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി സുപ്രിംകോടതി. ജീവനക്കാരുടെ നിയമനത്തിലും പ്രൊമോഷനിലും പട്ടികവര്‍ഗക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും നേരത്തെ സംവരണം ഏര്‍പ്പെടുത്തിയിരുന്നു.

അതിന് പിന്നാലെയാണ് ഒ.ബി.സി വിഭാഗക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്തി കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. മുന്‍ സൈനികര്‍, സ്വാതന്ത്ര്യസമര സേനാനികളുടെ മക്കള്‍ എന്നിവര്‍ക്കും ഈ സംവരണമുണ്ട്.

പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും നിയമനത്തില്‍ സംവരണം നല്‍കും.

കേന്ദ്ര വ്യവസ്ഥകള്‍ക്ക് അനുസരിച്ചായിരിക്കും സംവരണ തോത്. കാലാകാലങ്ങളില്‍ കേന്ദ്രം വരുത്തുന്ന മാറ്റങ്ങളും ഈ ജീവനക്കാര്‍ക്ക് ബാധകമാകും. ആവശ്യമാണെങ്കില്‍ ഈ നയത്തില്‍ ഭേദഗതി വരുത്താനോ പരിഷ്‌കാരങ്ങള്‍ വരുത്താനോ ഒഴിവാക്കലുകള്‍ വരുത്താനോ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടാകും.

ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് ആണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഈ വിഭാഗങ്ങള്‍ക്ക് സുപ്രിംകോടതിയില്‍ സംവരണം ലഭിക്കുന്നത്.

കഴിഞ്ഞ മാസം 24നായിരുന്നു പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും നേരിട്ടുള്ള നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയത്. പട്ടികജാതിക്കാര്‍ക്ക് 15 ശതമാനവും പട്ടികവര്‍ഗക്കാര്‍ക്ക് 7.5 ശതമാനവുമാണ് സംവരണം ഏര്‍പ്പെടുത്തിരുന്നത്.

Content Highlight: Reservation has been made for OBC categories in the appointment of Supreme Court employees

We use cookies to give you the best possible experience. Learn more