| Sunday, 21st September 2025, 3:25 pm

ഖരഗ്‌പൂർ ഐ.ഐ.ടിയിൽ ഗവേഷകനെ മരിച്ച നിലയിൽ കണ്ടെത്തി; ഈ വർഷം ക്യാമ്പസിൽ ഉണ്ടായ അഞ്ചാമത്തെ മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: ഖരഗ്പൂർ ഐ.ഐ.ടിയിൽ ഗവേഷകനെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് റാഞ്ചി നിവാസിയായ ഹർഷ് കുമാർ പാണ്ഡെ (27)യെയാണ് ശനിയാഴ്ച ബി. ആർ അംബേദ്‌കർ ഹാളിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെക്കാനിക്കൽ എഞ്ചിനീയറിങ് പി.എച്ച്.ഡി വിദ്യാർത്ഥിയായിരുന്നു പാണ്ഡെ.

‘മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും മുറി പൊളിച്ച് അകത്ത് കയറിയപ്പോൾ സീലിങ്ങിൽ തൂങ്ങികിടക്കുന്ന നിലയിലായിരുന്നു പാണ്ഡെയുടെ മൃതദേഹം കണ്ടത്,’ ഐ.ഐ.ടി ഖരഗ്പൂർ വക്താവ് പറഞ്ഞു.

പാണ്ഡെയുടെ മാതാപിതാക്കൾക്ക് അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയം പരിശോധിക്കുന്നതിന് ഒരു വസ്തുതാന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ടെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

ഈ വർഷം ഐ.ഐ.ടിയിൽ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ ആത്മഹത്യാ കേസാണിത്. ക്യാമ്പസിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ തടയാൻ അധികൃതർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അടുത്തിടെ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിച്ചിരുന്നെന്നും ഐ.ഐ.ടി ഖരഗ്പൂർ ഡയറക്ടർ സുമൻ ചക്രവർത്തി പറഞ്ഞു.

ജൂലൈ 21 ന് മധ്യപ്രദേശ് സ്വദേശി ഇലക്ട്രിക്കൽ എഞ്ചിനീയറിംങിൽ രണ്ടാം വർഷ വിദ്യാർത്ഥിയായ ചന്ദ്രദീപും, ജൂലൈ 18 ന് നാലാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംങ് വിദ്യാർത്ഥിയായ റിതം മൊണ്ടലിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Content Highlight: Researcher found dead at IIT Kharagpur; fifth death on campus this year

We use cookies to give you the best possible experience. Learn more