| Friday, 14th August 2026, 7:12 pm

അവര്‍ മൊഴി മാറ്റാന്‍ ഇടപെട്ടു, ഭീഷണിപ്പെടുത്തി: മലയാള സര്‍വകലാശാലയിലെ ജാതി വിവേചനം വെളിപ്പെടുത്തിയ തനിക്കെതിരെ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതായി ഗവേഷക വിദ്യാര്‍ത്ഥിനി

റെന്വര്‍

മലയാളം സര്‍വകലാശാലയില്‍ താന്‍ നേരിട്ട വിവേചനങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ തുറന്നു പറഞ്ഞ ശേഷം സര്‍വകലാശാല അധികൃതര്‍ തനിക്കെതിരെ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ഗവേഷക വിദ്യാര്‍ത്ഥിനി അനഖ ശശി. തനിക്കെതിരെ സര്‍വകലാശാലയില്‍ നിന്ന് അക്കാദമികവും ജാതീയവുമായ വിവേചനങ്ങള്‍ നേരിട്ടതായി അനഖ ശശി കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞിരുന്നു.

വെളിപ്പെടുത്തലിന് ശേഷം സര്‍വകലാശാല രജിസ്ട്രാര്‍ തനിക്കെതിരെ കള്ളങ്ങള്‍ പ്രചരിപ്പിച്ചെന്ന് അനഖ ഡൂള്‍ന്യൂസിനോട് പറഞ്ഞു. താന്‍ ഗവേഷണത്തിന്റെ സിനോപ്‌സിസ് സമര്‍പ്പിച്ചതാണെന്നും എന്നാല്‍ അത് സമര്‍പ്പിച്ചില്ല എന്ന് രജിസ്ട്രാര്‍ കള്ളം പറഞ്ഞെന്നും അനഖ പറയുന്നു. സിനോപ്‌സിസ് കൊടുത്തു എന്നതിന്റെ രേഖ തന്റെ കൈയിലുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഗൈഡിനെ താന്‍ മൂന്ന് തവണ മാറ്റി നല്‍കി എന്നാണ് രജിസ്ട്രാര്‍ പറയുന്നത്. എന്നാല്‍ തന്റെ ഡോക്ടോറിയല്‍ കമ്മിറ്റി ചേര്‍ന്നിട്ടില്ലെന്നും അത് ചേരാതെ എങ്ങനെയാണ് മൂന്ന് തവണ ഗൈഡിനെ മാറ്റുക എന്ന് രജിസ്റ്റര്‍ കെ.എം. ഭരതന്‍ വ്യക്തമാക്കണമെന്നും അനഖ ആവശ്യപ്പെട്ടു. ഇങ്ങനെ മാറ്റി നല്‍കിയതിനുള്ള ഒഫീഷ്യല്‍ രേഖകള്‍ അന്നത്തെ ഡേറ്റില്‍ തന്നെ അദ്ദേഹം കാണിക്കേണ്ടതാണ്. ഇത്തരത്തില്‍ ഒരു രേഖ കാണിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും അനഖ പറഞ്ഞു.

തന്റെ പരാതികളില്‍ അന്വേഷണം നടത്തിയെന്നും അതിന്റെ മെമ്മോ തന്നെയും അമ്മയെയും കാണിച്ചെന്നും യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ കെ.എം. ഭരതന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ തനിക്കും അമ്മിക്കും അത്തരം മൊമ്മോ ഒന്നും അവര്‍ കാണിച്ചു തന്നില്ലെന്നും അനഖ പറഞ്ഞു. തെറ്റിധാരണ പടര്‍ത്താനുള്ള നീക്കമാണ് സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും അനഖ പറഞ്ഞു.

ഗൈഡായിരുന്ന ഡോക്ടര്‍ അരുണ്‍ ബാബുവിന് ഞാന്‍ തെരഞ്ഞെടുത്ത (മൈക്രോ പ്ലാസ്റ്റിക്) വിഷയത്തില്‍ വൈദഗ്ത്യം ഇല്ല എന്ന് കെ.എം ഭരതന്‍ പറയുന്നു. എന്നാല്‍ യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ മൈക്രോ പ്ലാസ്റ്റിക്കില്‍ അരുണ്‍ ബാബു വിദഗ്ധനാണ് എന്ന് കൊടുത്തിട്ടുണ്ടെന്നും അനഖ പറഞ്ഞു.

Details of Arun Babu on University Website

ഈ വിഷയത്തില്‍ ഡൂള്‍ന്യൂസ് സര്‍വകലാശാല രജിസ്ട്രാര്‍ കെ.എം. ഭരതന്റെ പ്രതികരണം തേടിയിരുന്നു. സര്‍വകലാശാല കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടിയുണ്ടെന്നാണ് രജിസ്ട്രാര്‍ പ്രതികരിച്ചത്.

‘വിദ്യാര്‍ത്ഥിയുടെ പരാതി എസ്.സി- എസ്.ടി സെല്‍ പരാതി അന്വേഷിക്കുകയും പരാതിക്ക് ആധാരമായ വസ്തുതകളുടെയും തെളിവുകളുടെയും അഭാവത്തില്‍ പരാതി പരിഗണിക്കാന്‍ ആവില്ലെന്ന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കുകയും സര്‍വകലാശാല ഭരണസമിതി അത് അംഗീകരിക്കുകയും ഇക്കാര്യം വിദ്യാര്‍ത്ഥിയെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്,’ എന്നാണ് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

രണ്ട് അധ്യാപകര്‍ക്കും മറ്റൊരു വിദ്യാര്‍ത്ഥിക്കും എതിരെ ഈ വിദ്യാര്‍ത്ഥി പരാതി നല്‍കിയിട്ടുണ്ടെന്നും അവ തെളിവുകളുടെ പിന്‍ബലവും ഇല്ലാതെ നല്‍കിയിട്ടുള്ള പരാതികളാണെന്നും സര്‍വകലാശലയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മറ്റു കുട്ടികളും സമാന പ്രശ്‌നങ്ങള്‍ നേരിട്ടു

സര്‍വകലാശാലയില്‍ വേറെയും കുട്ടികള്‍ സമാന പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നെന്ന് അനഖ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. പലര്‍ക്കും പുറത്ത് പറയാന്‍ ഭയമുണ്ട്. സര്‍വകലാശാല അധ്യാപകരില്‍ നിന്നും അധിതൃതരില്‍ നിന്നും പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി പലരും വോയ്‌സ് മെസേജ് അയച്ചിരുന്നു. അധ്യാപകരോ സര്‍വകലാശാല അധികൃതരോ തങ്ങളെ ഉപദ്രവിക്കുമോ എന്നും തങ്ങളെ തോല്‍പിക്കുമോ എന്നും അവര്‍ ഭയപ്പെടുന്നു. ഫെലോഷിപ്പ് തടഞ്ഞുവെക്കുന്നത് പോലുള്ള പ്രതികാര നടപടികള്‍ അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടാവുമോ എന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഭയമുണ്ടെന്നും അനഖ ചൂണ്ടിക്കാട്ടി.

Malayalam University Logo

നിലവില്‍ തന്നെ കൂടാതെ രണ്ട് വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയില്‍ നിന്ന് അവര്‍ക്ക് നേര്‍ക്കുണ്ടായ വിവേചനങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ തയ്യാറായത്. സര്‍വകലാശാല അധികൃതരുടെ ഉപദ്രവങ്ങള്‍ കാരണം കോഴ്‌സ് പാതി വഴിയില്‍ ഉപേക്ഷിക്കുകയും പിന്നീട് എം.ജി സര്‍വകലാശലയില്‍ പി.എച്ച്.ഡിക്ക് ചേരുകയും ചെയ്ത വിദ്യാര്‍ത്ഥിനിയാണ് ഇതില്‍ ഒരാള്‍. പി.ജി കോഴ്‌സ് പൂര്‍ത്തിയാക്കിയ രേഷ്മ എന്ന വിദ്യാര്‍ത്ഥിനിയാണ് തുറന്നു പറയാന്‍ തയ്യാറായ മറ്റൊരാളെന്നും അനഖ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് സര്‍വകലാശാലയില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിട്ടെന്നാണ് താന്‍ മനസ്സിലാക്കിയതെന്നും അനഖ പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിമാസ ഫെലോഷിപ്പ് തടഞ്ഞുവെക്കാന്‍ അധ്യാപകര്‍ക്ക് കഴിയും. പി.എച്ച്.ഡി പൂര്‍ത്തിയാക്കുന്നത് തടയാനും അവര്‍ക്ക് സാധിക്കും. അതിനാല്‍ സര്‍വകലാശാലയില്‍ നിന്നുള്ള മോശം അനുഭവങ്ങള്‍ തുറന്നു പറയാന്‍ വിദ്യാര്‍ത്ഥികള്‍ ഭയപ്പെടുന്നുവെന്നും അനഖ ചൂണ്ടിക്കാട്ടി.

അധ്യാപകര്‍ക്കും സീനിയര്‍ വിദ്യാര്‍ത്ഥിനിക്കുമെതിരായ പരാതികള്‍

സര്‍വകലാശാലയിലെ പരിസ്ഥിതിപഠന സ്‌കൂളിലാണ് അനഖ ഗവേഷണം ചെയ്യുന്നത്. ആ വിഭാഗത്തിലെ അധ്യാപകനായ ഡോ അരുണ്‍ ബാബു, ഡോ. ജൈനി വര്‍ഗീസ് എന്നിവര്‍ക്കെതിരെയായിരുന്നു അനഖ പരാതി നല്‍കിയത്. അരുണ്‍ ബാബു തനിക്ക് റിസര്‍ച്ചിനായുള്ള ഉപകരണങ്ങള്‍ അനുവദിക്കാതിരുന്നെന്നും ജാതീയ അധിക്ഷേപം ഉള്‍പ്പെടെ നടത്തിയിരുന്നെന്നും അനഖ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞിരുന്നു. സര്‍വകലാശാലയില്‍ നിന്ന് ഉപകരണങ്ങള്‍ നല്‍കാത്ത നിലപാട് അധ്യാപിക ഡോ. ജൈനി വര്‍ഗീസും സ്വീകരിച്ചിരുന്നെന്നും അനഖ പറയുന്നു.

‘ഫെല്ലോഷിപ്പ് ഉള്ളതല്ലേ, ലക്ഷങ്ങള്‍ വിലയുള്ള മെഷീനുകള്‍ ഒറ്റയ്ക്ക് വാങ്ങി ചെയ്‌തോളണം’ എന്ന നിലപാടാണ് ജൈനി വര്‍ഗീസും അരുണ്‍ ബാബുവും എടുത്തതെന്ന് അനഖ പറഞ്ഞു.

Anakha Sasi

ഡോ. ജൈനിക്കെതിരെ മുമ്പും പലരും പരാതി പറഞ്ഞിട്ടുണ്ടെന്ന് ഗവേഷണ വിഭാഗത്തിലെ ഒരു ജീവനക്കാരന്‍ തന്നോട് മുമ്പ് വാക്കാല്‍ പറഞ്ഞിരുന്നുവെന്നും അനഖ പറഞ്ഞു. എന്നാല്‍ തന്റെ പരാതിയിലുള്ള അന്വേഷണത്തില്‍ ആ ജീവനക്കാരന്‍ ഇക്കാര്യം പറയാന്‍ തയ്യാറില്ല. തന്റെ പരാതിയിലെ അന്വേഷണത്തില്‍ ആ ജീവനക്കാരന്‍ സര്‍വകലാശാലക്ക് അനുകൂലമായി മൊഴി മാറ്റിയെന്നും അനഖ വ്യക്തമാക്കി.

നാല് വര്‍ഷം മുമ്പാണ് അരുണ്‍ ബാബു സര്‍വകലാശാലയില്‍ ജോയിന്‍ ചെയ്തത്. അരുണിനെതിരെ താനും രേഷ്മ എന്ന പി.ജി വിദ്യാര്‍ത്ഥിനികളും ഇതുവരെ പരാതികള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അനഖ പറഞ്ഞു.

അധ്യപകര്‍ക്ക് പുറമെ ഒരു സീനിയര്‍ വിദ്യാര്‍ത്ഥിനിക്കെതിരെയും സര്‍വകലാശാലയില്‍ അനഖ പരാതി നല്‍കിയിരുന്നു. റാഗിങ്, ജാതീയ അതിക്രമങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

ഈ വിഷയത്തില്‍ ജൈനി വര്‍ഗീസ് അരുണ്‍ ബാബു എന്നീ അധ്യാപകരുടെ പ്രതികരണം ഡൂള്‍ന്യൂസ് തേടിയിരുന്നു. തങ്ങള്‍ക്കെതിരെ ഉയരുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് ഇരുവരും പറഞ്ഞു.

‘അങ്ങനെ ഉള്ള കാര്യങ്ങളൊന്നും നടന്നിട്ടില്ല. വ്യാജമായ കാര്യങ്ങളാണ് പറയുന്നത്,’ എന്ന് ഗവേഷക വിദ്യാര്‍ത്ഥി അനഖ ഉന്നയിച്ച പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡോ. അരുണ്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്നുവെന്നും അധ്യാപകന്‍ പ്രതികരിച്ചു.

100 ശതമാനം കെട്ടിച്ചമച്ച കഥകളാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്നും ഒരു ശതമാനം പോലും അതില്‍ സത്യമില്ലെന്നും ഡോ ജൈനിയും പ്രതികരിച്ചു. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് ഇതെന്നും അവര്‍ പറഞ്ഞു.

ഫീല്‍ഡ് വര്‍ക്കില്‍ നിന്ന് വിലക്കി; ലാബിലെ ഉപകരണങ്ങള്‍ കഴുകിപ്പിച്ചു

തന്നെ ഫീല്‍ഡ് വര്‍ക്കില്‍ നിന്ന് വിലക്കി എന്നതായിരുന്നു അനഖ അധ്യാപകര്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളിലൊന്ന്. ഉപകരണങ്ങള്‍ അനുവദിക്കാതെയാണ് തന്നെ ഫീല്‍ഡ് വര്‍ക്കില്‍ നിന്ന് വിലക്കുന്നത്. എന്നിട്ട് ഫെലോഷിപ്പ് ലഭിച്ച പണം കൊണ്ട് ഉപകരണങ്ങള്‍ വാങ്ങേണ്ടി വന്നു. ആ ഉപകരണങ്ങളുമായി ഫീല്‍ഡ് വര്‍ക്ക് നടത്താനും അരുണ്‍ ബാബു സമ്മതിച്ചില്ല.

തന്നോട് പൈലറ്റ് ഫീല്‍ഡ് വര്‍ക്ക് ചെയ്യാന്‍ അരുണ്‍ബാബു പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഫീല്‍ഡ് വര്‍ക്കിന് പോയപ്പോള്‍ അരുണ്‍ ബാബു അത് വിലക്കിയെന്നും ആദ്യം പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ചെന്നും അനഖ പറഞ്ഞു. അരുണ്‍ ബാബുവിന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍ തന്റെ പക്കലുണ്ടെന്നും അനഖ പറഞ്ഞു.

Visual From Lab  

സര്‍വകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഉപയോഗിക്കാന്‍ കൊള്ളാത്ത ലാബ് സൗകര്യങ്ങളാണുണ്ടായിരുന്നതെന്നും അനഖ പറഞ്ഞിരുന്നു. ലാബ് അസിസ്റ്റന്റ് ഇല്ലാത്തതിനാല്‍ മുഴുവന്‍ സാധനങ്ങളും കഴുകി തുടച്ചു വെക്കാനും എടുത്താല്‍ പൊങ്ങാത്ത വലിയ പെട്ടികള്‍ ചുമക്കാനും തന്നെയും മറ്റൊരു പെണ്‍കുട്ടിയെയുമാണ് ഉപയോഗിച്ചത്. റസ്റ്റ് ഇല്ലാതെ രാവിലെ 9.45 മുതല്‍ വൈകിട്ട് 5 മണി വരെ പണിയെടുപ്പിക്കുകയും ശനിയാഴ്ചകളില്‍ പോലും വന്ന് പൊടി തുടപ്പിക്കുകയും ചെയ്തിരുന്നെന്നും അനഖ വെളിപ്പെടുത്തിയിരുന്നു.

അന്നത്തെ ഡയറക്ടര്‍ ഡോ. അരുണ്‍ ബാബുവും ഡോ. ജൈനി വര്‍ഗീസുമായിരുന്നു. രാവിലെ മുതല്‍ പണിയെടുപ്പിച്ച ശേഷം ഉച്ചഭക്ഷണത്തിനായി വെറും 15 മിനിറ്റ് മാത്രമാണ് നല്‍കിയിരുന്നതെന്നും അനഖ പറഞ്ഞിരുന്നു. ഗവേഷണത്തിനിടയില്‍ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ ഫെല്ലോഷിപ്പും യു.ജി.സി നെറ്റും തനിക്ക് ലഭിച്ചു. എന്നാല്‍ ഇത് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകരെ കൂടുതല്‍ അസ്വസ്ഥരാക്കിയെന്നും അനഖ പറഞ്ഞിരുന്നു.

പരസ്യമായി ജാതി ചോദിച്ചു

പരസ്യമായി ജാതി ചോദിക്കുന്ന സ്വഭാവമുള്ളയാളാണ് ഡോ. അരുണ്‍ ബാബുവെന്നും അനഖ പറയുന്നു. ക്ലാസില്‍ തന്റെ ജാതി ചോദിച്ച് പറയിപ്പിക്കുകയും എനിക്ക് ഫെല്ലോഷിപ്പ് കിട്ടിയത് ജാതി കാരണമാണെന്ന് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

കോഴ്‌സ് സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോളും തന്നെ അധ്യാപകന്‍ അധിക്ഷേപിച്ചെന്നും അനഖ പറഞ്ഞു. ‘നിന്നെയൊക്കെ പി.എച്ച്.ഡി ചെയ്യിച്ചോളാം എന്ന് പറഞ്ഞ് ഞാന്‍ വീട്ടില്‍ വന്ന് വിളിച്ചിട്ട് വന്നതല്ലല്ലോ. ഇവിടെ പഠിക്കണമെന്നുണ്ടെങ്കില്‍ ഞാന്‍ പറയുന്ന പലതും അനുസരിക്കേണ്ടി വരും. അല്ലെങ്കില്‍ നിര്‍ത്തി പൊക്കോ. നിന്നെപ്പോലെയുള്ളവര് വല്ല ഇഗ്നോയിലോ ഒക്കെ പഠിച്ചാല്‍ മതി,’ എന്ന് പറഞ്ഞാണ് അധ്യാപകന്‍ അന്ന് തന്നെ അധിക്ഷേപിച്ചെന്നും അനഖ പറഞ്ഞു.

ഭീഷണി കാരണം മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ ജീവനൊടുക്കാന്‍ ശ്രമിച്ചു

ഫെല്ലോഷിപ്പ് തടഞ്ഞുവെക്കുമെന്നും ഫസ്റ്റ് ഇയര്‍ കിട്ടിയ തുക തിരിച്ചടപ്പിക്കുമെന്നും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും അനഖ അടുത്തിടെ ഒരു മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. നഷ്ടപരിഹാരമായി വലിയ തുക അടപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നു വരുന്ന തന്നെ ഈ ഭീഷണികള്‍ കടുത്ത വിഷാദരോഗത്തിലേക്ക് തള്ളിവിട്ടുവെന്നും അനഖ പറഞ്ഞു.

An Instagram Post Supporting Anakha

മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ രണ്ടുതവണ ജീവനൊടുക്കാന്‍ പോലും ഞാന്‍ ശ്രമിച്ചിരുന്നെും അനഖ പറഞ്ഞു. ഡിപ്രഷന്‍ മരുന്നിന്റെ ഡോസ് വീണ്ടും കൂട്ടേണ്ടി വന്നിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി 2025 ഓഗസ്റ്റ് 8-ന് സര്‍വകലാശാല രജിസ്ട്രാര്‍ക്കും വൈസ് ചാന്‍സിലര്‍ക്കും റിസര്‍ച്ച് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അനഖ പറഞ്ഞു.

ഒരു വര്‍ഷം മുമ്പുള്ള ഡേറ്റിട്ട് റിപ്പോര്‍ട്ട് കെട്ടിച്ചമയ്ക്കാന്‍ ശ്രമം

അധ്യാപകര്‍ക്കെതിരെ 2025ല്‍ സര്‍വകലാശാല എസ്.സി-എസ്.ടി സെല്ലില്‍ നല്‍കിയ പരാതിയില്‍ ഒരു വര്‍ഷത്തോളം അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ലെന്ന് അനഖ ഡൂള്‍ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ മാസത്തെ വെളിപ്പെടുത്തലിന് ശേഷം സര്‍വകലാശാല രജിസ്ട്രാര്‍ ഒരു ചാനലിനോട് പറഞ്ഞത് പരാതിയിലുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തന്നെയും അമ്മയെയും കാണിച്ചു എന്നാണ്. എന്നാല്‍ അത്തരം ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നില്ല. ആ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വേണ്ടി എസ്.സി-എസ്.ടി സെല്‍ ഇപ്പോള്‍ ശ്രമിക്കുകയാണ്. ആ റിപ്പോര്‍ട്ടില്‍ ഒരു വര്‍ഷം മുമ്പുള്ള ഡേറ്റ് ചേര്‍ക്കാനും എസ്.സി-എസ്.ടി സെല്‍ ശ്രമിച്ചുവെന്നും അനഖ പറഞ്ഞു.

പുതുതായി തയ്യാറാക്കാന്‍ ശ്രമിച്ച റിപ്പോര്‍ട്ടിലെ പ്രസ്താവനകളില്‍ ഒപ്പുവെക്കാന്‍ മുമ്പ് മൊഴി നല്‍കിയവരോട് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ പ്രസ്താവനകളില്‍ മൊഴികള്‍ തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ തെറ്റായ മൊഴികളും കഴിഞ്ഞ വര്‍ഷത്തെ തീയതിയും കണ്ടതിനാല്‍ അവര്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചെന്നും അനഖ പറഞ്ഞു.

മൊഴി മാറ്റിക്കാന്‍ ശ്രമം, ഒറ്റപ്പെടുത്തുന്നു

മൊഴി നല്‍കിയ ആളുകളെ വിളിച്ച് ഉദ്യോഗസ്ഥര്‍ മൊഴി മാറ്റിപ്പിക്കുകയോ മൊഴി മാറ്റാനുള്ള ശ്രമം നടത്തുകയോ ചെയ്തിട്ടുണ്ടെന്നും അനഖ പറഞ്ഞു.

അധ്യാപകര്‍ ശ്രമിക്കുന്നത് തെളിവ് നശിപ്പിക്കാനാണ്. സാക്ഷി പറഞ്ഞവരെ ഇതിനായി ബന്ധപ്പെടുന്നുണ്ട്. സാക്ഷി പറഞ്ഞ ഒരാളുടെ അച്ഛനെ ഇവര്‍ സ്ഥിരമായി വിളിച്ച് ബുദ്ധിമുട്ടിക്കുകയും അത് അദ്ദേഹത്തിന് ഹൃദയാഘാതം വരുന്ന അവസ്ഥയിലേക്ക് വരെ എത്തിക്കുകയും ചെയ്‌തെന്നും അനഖ അറിയിച്ചു.

Socila Media Post of Anagha About Threatening

തന്നെ കോര്‍ണര്‍ ചെയ്യുന്ന നീക്കങ്ങളാണ് സര്‍വകലാശാല അധികൃതരില്‍ നിന്നുണ്ടായതെന്നും അനഖ പറഞ്ഞു. മുമ്പും സര്‍വകലാശാലയിലെ അനീതികള്‍ക്കെതിരെ പ്രതികരിച്ചവരോട് സമാന സമീപനമാണ് അധികൃതര്‍ സ്വീകരിച്ചത്. നേരത്തെ മറ്റൊരു ഗവേഷക വിദ്യാര്‍ത്ഥിനിക്ക് നേര്‍ക്കുണ്ടായ വിവേചനങ്ങളെക്കുറിച്ച് മൊഴി നല്‍കിയ ഒരു വിദ്യാര്‍ത്ഥിയെ സര്‍വകലാശാല അധികൃതര്‍ ഇതുപോലെ കോര്‍ണര്‍ ചെയ്തതായി കേട്ടിട്ടുണ്ടെന്നും അനഖ പറഞ്ഞു. കൂട്ടമായി ആക്രമണം നേരിടേണ്ട അവസ്ഥയിലേക്കാണ് ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരുക എന്നും അനഖ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിക്കാര്‍ വീട്ടിലേക്ക് വിളിച്ചു സമ്മര്‍ദം ചെലുത്തി

രണ്ട് അധ്യാപകര്‍ക്ക് എതിരെ നല്‍കിയ പരാതിക്ക് പുറമെ ഒരു സീനിയര്‍ വിദ്യാര്‍ത്ഥിനിക്കെതിരെയും താന്‍ പരാതി നല്‍കിയിരുന്നതായി അനഖ പറഞ്ഞു. എസ്.എഫ്.ഐ നേതാവായ വിദ്യാര്‍ത്ഥിനിക്കെതിരെയായിരുന്നു പരാതിയെന്നും അനഖ അറിയിച്ചു.

ആ വിദ്യാര്‍ത്ഥിനിക്കെതിരെ പരാതി നല്‍കിയപ്പോള്‍ തന്നെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള നീക്കങ്ങളും സര്‍വകശാല ജീവനക്കാര്‍ നടത്തി. സര്‍വകലാശാലയിലെ പാര്‍ട്ടി നേതാവായ ഒരു ജീവനക്കാരന്‍ അവിടത്തെ ഏരിയ സെക്രട്ടറി വഴി തന്റെ നാട്ടിലെ ഏരിയ സെക്രട്ടറിയെ ബന്ധപ്പെട്ടു. തന്റെ അമ്മയോട് ആ ഏരിയ സെക്രട്ടറി സംസാരിക്കുകയും ഈ കേസില്‍ നിന്ന് മകളെ പിന്മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെന്നും അനഖ വ്യക്തമാക്കി.

തനിക്ക് മാനസിക രോഗം ആണെന്ന് വരെ പറഞ്ഞ് പരത്താന്‍ ഈ സര്‍വകലാശാല ജീവനക്കാരന്‍ ശ്രമിച്ചെന്നും അനഖ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ടോയ്‌ലറ്റ് കഴുകിപ്പിച്ചു; പുറത്തുള്ള ആളുകളെ വച്ച് ഉപദ്രവിപ്പിക്കുമെന്ന് ഭീഷണി

എസ്.എഫ്.ഐ നേതാവായ സീനിയര്‍ വിദ്യാര്‍ത്ഥിനി തന്നെ റാഗ് ചെയ്‌തെന്ന് അനഖ പരാതി നല്‍കിയിരുന്നു. തങ്ങള്‍ രണ്ട് പേര്‍ക്കുമായി അനുവദിച്ച ടോയ്‌ലറ്റില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനി ഫ്‌ളഷ് ചെയ്യാതെ പോകുമായിരുന്നുവെന്നും അവരുപയോഗിച്ച ടോയ്‌ലറ്റ് തന്നെക്കൊണ്ട് വൃത്തിയാക്കിപ്പിക്കുമായിരുന്നെന്നും അനഖ പറഞ്ഞു.

താന്‍ പരാതി നല്‍കുമെന്ന ഘട്ടത്തില്‍ പുറത്ത് നിന്നുള്ള ആളുകളെ വച്ച് ഉപദ്രവിപ്പിക്കുമെന്ന് സീനിയര്‍ വിദ്യാര്‍ത്ഥിനി ഭീഷണിപ്പെടുത്തിയെന്നും അനഖ ഡൂള്‍ന്യൂസിനോട് പറഞ്ഞു. താന്‍ വന്നത് മുതലെ ആ വിദ്യാര്‍ത്ഥിനി ഉപദ്രവിച്ചിരുന്നു. തന്നെ പഠിക്കാന്‍ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ അവര്‍ ഇടപെട്ടിരുന്നു. തന്റെ മേശ അടക്കം അവര്‍ പുറത്തേക്ക് മാറ്റിവച്ചതിനാല്‍ ട്രോളി ബാഗ് മേശക്ക് പകരം ഉപയോഗിച്ചാണ് താന്‍ പഠിച്ചിരുന്നതെന്നും അനഖ പറഞ്ഞു.

റാഗിങ് സെല്ലുകാര്‍ മൊഴി മാറ്റാന്‍ നിര്‍ബന്ധിച്ചു

സീനിയര്‍ വിദ്യാര്‍ത്ഥിനിക്കെതിരെ റാഗിങ് പരാതി കൊടുത്തപ്പോള്‍ റാഗിങ് സെല്ലുകാര്‍ തന്നെക്കൊണ്ട് മൊഴി മാറ്റാന്‍ നിര്‍ബന്ധിച്ചുവെന്നും അനഖ അറിയിച്ചു. റാഗിങ് സെല്ലുകാര്‍ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സര്‍വകലാശാല രജിസ്ട്രാര്‍ ഭരതനാണ് സെല്ലിന്റെ നേതൃത്വത്തിലുള്ളത്. സര്‍വകലാശാലയിലെ അധ്യാപകരും പുറത്ത് നിന്നുള്ളവരും അതില്‍ അംഗങ്ങളായിരുന്നു.

സര്‍വകലാശാല അധ്യാപകര്‍ അടക്കമുള്ളവരാണ് തന്നെ പ്രധാനമായും ഭീഷണിപ്പെടുത്തിയതെന്നും അനഖ പറഞ്ഞു. പുറത്തു നിന്നുള്ള അംഗങ്ങളില്‍ ഒരാളും തന്നെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ഇടപെട്ടു. അവര്‍ ചുറ്റും നടന്ന് തെറ്റായ മൊഴിയില്‍ തന്നെക്കൊണ്ട് ഒപ്പുവപ്പിക്കാന്‍ ശ്രമിച്ചെന്നും അനഖ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

തന്നെ റാഗ് ചെയ്തിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥിനി ഒരു തവണ തന്റെ അലമാര പൂട്ടി താക്കോലും കൊണ്ട് പോയെന്നും അന്ന് അലമാറ തുറക്കാന്‍ കഴിയാതെ എസ്റ്റേറ്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയപ്പോള്‍ ആ ഉദ്യോഗസ്ഥനില്‍ നിന്ന് പരുഷമായ പ്രതികരണം നേരിട്ടെന്നും അനഖ പറഞ്ഞു. പരാതി നല്‍കിയശേഷം ഉദ്യോഗസ്ഥന്‍ ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി ഹോസ്റ്റലിലെത്തിയത് താന്‍ സര്‍വകലാശാലയില്‍ പോയ സമയത്താണ്. അത് കാരണം ഒരു തവണ കൂടി താക്കോലിനായി ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടപ്പോഴാണ് പരുഷമായ പ്രതിരണം ഉണ്ടായതെന്നും അനഖ പറഞ്ഞു.

പൊലീസും മൊഴി തിരുത്തി

അരുണ്‍ ബാബു, ജൈനി എന്നീ അധ്യാപകര്‍ക്കും സീനിയര്‍ വിദ്യാര്‍ത്ഥിനിക്കും എസ്റ്റേറ്റ് ഓഫീസര്‍ക്കും എതിരെ താന്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസില്‍ നിന്നും പ്രതികൂല സമീപനമായിരുന്നു ഉണ്ടായതെന്നും അനഖ പറഞ്ഞു.

പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തി ഒരു വനിതാ പൊലീസിന് താന്‍ മൊഴി നല്‍കവെ പുറത്ത് നിന്ന് മറ്റൊരു ഉദ്യോഗസ്ഥ അവിടേക്ക് ഓടിയെത്തി. ആ ഉദ്യോഗസ്ഥ മൊഴി അങ്ങനെ അല്ല എടുക്കേണ്ടത് എന്ന് പറഞ്ഞ് ഇടപെട്ടു. താന്‍ കൊടുത്ത മൊഴി അല്ല ആ ഉദ്യോഗസ്ഥ രേഖപ്പെടുത്തിയത്. റാഗിങ്, എസ്.സി-എസ്.ടി ആക്ട് പ്രകാരമുള്ള വ്യവസ്ഥകള്‍ ഒഴിവാക്കുന്ന തരത്തിലാണ് അവര്‍ ആ മൊഴി രേഖപ്പെടുത്തിയതെന്നും അനഖ വ്യക്തമാക്കി. പൊലീസ് വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ തന്റെ പരാതി എഫ്.ഐ.ആര്‍ ഇടാതെ ഒഴിവാക്കിയെന്നാണ് മനസ്സിലായതെന്നും അനഖ പറഞ്ഞു.

അധ്യാപകന്‍ ഹാജരാവാത്ത ദിവസങ്ങളുടെ അറ്റന്റന്‍സ് രേഖപ്പെടുത്തുന്നു

അരുണ്‍ ബാബു സര്‍വകലാശാലയില്‍ ഹാജരാകാത്ത ദിവസങ്ങളുടെ അറ്റന്റന്‍സ് ഒരുമിച്ച് മാര്‍ക്ക് ചെയ്യാറുണ്ടെന്നും അനഖ പറഞ്ഞു. ഒരുമാസത്തോളം വരാതിരുന്ന് ഇയാള്‍ അറ്റന്റന്‍സ് ഒപ്പിടാറുണ്ട്. ഇത് തെളിയിക്കുന്ന ഫോട്ടോഗ്രാഫുകള്‍ തന്റെ പക്കലുണ്ടെന്നും അനഖ പറഞ്ഞു.

എന്നാല്‍ ഈ വിഷയത്തില്‍ ഡോ. അരുണ്‍ബാബുവിന്റെ പ്രതികരണം ഡൂള്‍ന്യൂസ് തേടിയിരുന്നു. ഇത് കെട്ടിച്ചമച്ച ആരോപണമാണെന്ന് അരുണ്‍ ബാബു പ്രതികരിച്ചു.

സര്‍വകലാശാലയില്‍ ക്രമക്കേട് വ്യാപകമാണെന്നും അനഖ പറഞ്ഞു. അവിടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടി നിയമനങ്ങളാണ് നടന്നത്. അവിടെ തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ പി.എച്ച്.ഡി ഇല്ലാതെ ജോലിക്ക് കയറിയ അധ്യാപകരുണ്ട്. ചിലര്‍ ജോലി കിട്ടിയ ശേഷമാണ് തങ്ങളുടെ വിഷയത്തില്‍ പി.എച്ച്.ഡി എടുത്തതെന്നും അനഖ പറഞ്ഞു.

ഗവേഷക വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിലും ക്രമക്കേടുള്ളതായി അനഖ പറഞ്ഞു. എന്‍ട്രസ് എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കാതെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചാണ് ക്രമക്കേട് നടത്തുന്നതെന്നും അനഖ പറഞ്ഞു.

Content Highlight: Research Student Anakha Sasi Says Caste and Academic Discrimination Faced in Malayalam University

റെന്വര്‍

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more