കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയ സ്ത്രീ മരണപ്പെട്ടു. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവാണ് മരണപ്പെട്ടത്. സംഭവത്തിൽ ഗുരുതര അനാസ്ഥയാണ് നടന്നതെന്ന വിമർശനം ഉയരുന്നുണ്ട്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് ഒന്നരമണിക്കൂറാണ്. കെട്ടിടത്തിൽ ആരുമുണ്ടായിരുന്നില്ലെന്ന് മന്ത്രി വി. എൻ. വാസവനും ആരോഗ്യ മന്ത്രി വീണാ ജോർജും പറഞ്ഞതിന് പിന്നാലെയായിരുന്നു ബിന്ദുവിനെ കണ്ടെത്തിയത്.
കെട്ടിടം തകര്‍ന്നതിന് പിന്നാലെ ഒരാളെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ബിന്ദുവിനെ കാണാനില്ലെന്നാരോപിച്ച് ഭര്‍ത്താവാണ് പരാതി നല്‍കിയത്. കുളിക്കാന്‍ പോയതിനാല്‍ ബിന്ദു ഫോണ്‍ കയ്യില്‍ കരുതിയില്ലെന്നും ഭര്‍ത്താവ് വിശ്രുതന്‍ പറയുന്നു.
13ാം വാര്‍ഡിലാണ് ബിന്ദു പോയതെന്നും 13, 14 വാര്‍ഡിലുള്ളവര്‍ 14-ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നും ഇവര്‍ പറയുന്നു. കാഷ്യാലിറ്റിയില്‍ അടക്കം തെരച്ചില്‍ നടത്തിയിട്ടും ബിന്ദുവിനെ കണ്ടെത്തിയിരുന്നില്ല. പിന്നാലെ സ്ത്രീയുടെ ശരീരം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് മരണപ്പെട്ടത് ബിന്ദുവാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.
ജൂലൈ ഒന്നിനാണ് ഭര്‍ത്താവ് വിശ്രുതനൊപ്പം ബിന്ദു മകളുടെ ചികിത്സക്കായി ആശുപത്രിയിലെത്തിയത്. മകളെ ശസ്ത്രക്രിയക്കായി ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നുണ്ട്. രക്ഷാപ്രവർത്തനം നടത്തണമെന്ന് ചാണ്ടി ഉമ്മൻ അടക്കമുള്ള കോൺഗ്രസ് നേതാക്കാൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ ഇതിന് തയാറായില്ലെന്ന് ആക്ഷേപമുണ്ട്. പഴയ കെട്ടിടമാണ് തകർന്നുവീണതെന്ന വാദം തെറ്റാണെന്നും ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും രക്ഷാപ്രവർത്തനം നടക്കട്ടെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് 14-ാം വാർഡിന്റെ ഒരു ഭാഗം തകർന്നത്. 14-ാം വാർഡിൻ്റെ അടച്ചിട്ട ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞു വീണത്.
അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) ആണ് പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്‌റ്റാൻഡറായി നിൽക്കുകയായിരുന്നു അലീന. പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു. 10,11,14 വാർഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടൻ ഒഴിപ്പിച്ചിരുന്നു.
Content Highlight: Rescue operation delayed by an hour and a half; Woman pulled out of collapsed medical college building dies