| Tuesday, 23rd September 2025, 12:22 pm

'വ്യാജ ഹിന്ദു ദൈവം' അമേരിക്കയിലെ ഹനുമാന്‍ പ്രതിമക്കെതിരെ വിവാദ പരാമര്‍ശവുമായി റിപ്പബ്ലിക്കന്‍ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസിലെ ടെക്സസിലുള്ള സ്റ്റാച്യൂ ഓഫ് യൂണിയന്‍ എന്നറിയപ്പെടുന്ന ഹനുമാന്‍ പ്രതിമക്കെതിരെ വിവാദ പരാമര്‍ശവുമായി റിപ്പബ്ലിക്കന്‍ നേതാവ് അലക്സാണ്ടര്‍ ഡങ്കന്‍.

ക്രിസ്ത്യന്‍ രാഷ്ട്രമായ അമേരിക്ക എന്തിനാണ് വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിച്ചതെന്നായിരുന്നു ഡങ്കന്റെ ചോദ്യം

‘ടെക്സസില്‍ വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കുന്നത് എന്തിനാണ്? നമ്മുടേത് ഒരു ക്രിസ്ത്യന്‍ രാഷ്ട്രമാണ്,’ ഡങ്കന്‍ എക്സില്‍ കുറിച്ചു. ടെക്സസിലെ ഷുഗര്‍ ലാന്‍ഡ് നഗരത്തിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന പ്രതിമയുടെ വീഡിയോയും ഇതിനൊപ്പം ഡങ്കന്‍ പോസ്റ്റ് ചെയ്തു. എച്ച് 1 ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഡങ്കന്റെ പരാമര്‍ശം.

എന്നാല്‍ റിപ്പബ്ലിക്കന്‍ നേതാവിന്റെ പ്രസ്താവനക്കെതിരെ നിരവധി പേര് രംഗത്ത് വന്നു. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ പ്രസ്താവനയെ ഹിന്ദു വിരുദ്ധവും പ്രകോപനപരവുമാണെന്ന് വിശേഷിപ്പിച്ചു. ഡങ്കനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അവര്‍ ഔദ്യോഗികമായി പരാതി നല്‍കി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ടാഗ് ചെയ്ത എക്സില്‍ പോസ്റ്റില്‍ നിങ്ങളുടെ പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പരസ്യമായി ലംഘിക്കുന്ന സനറ്റ് സ്ഥാനാര്‍ത്ഥിയെ ശിക്ഷിക്കുമോയെന്നും ചോദിച്ചു.

ഏത് മതവും ആചരിക്കാനുള്ള സ്വാതന്ത്ര്യം യു.എസ് ഭരണഘടന നല്‍കുന്നുണ്ടെന്ന് വിമര്‍ശകര്‍ ഡങ്കനെ ഓര്‍മിപ്പിച്ചു.

നിങ്ങള്‍ ഹിന്ദുവല്ല എന്നതുകൊണ്ട് അത് തെറ്റാണെന്ന് അര്‍ത്ഥമാക്കുന്നില്ല. യേശു ഭൂമിയില്‍ വരുന്നതിന് ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വേദങ്ങള്‍ എഴുതപ്പെട്ടു. അതിനാല്‍ നിങ്ങളുടെ മതത്തിന് മുമ്പുള്ള മതത്തെ ബഹുമാനിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യുന്നത് ബുദ്ധിപരമായിരിക്കുമെന്ന് ഒരാള്‍ എക്സില്‍ കുറിച്ചു.

വ്യാജ ഹിന്ദു ദൈവം എന്നതുകൊണ്ട് എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും മറ്റൊരാള്‍ ചോദിച്ചു.

മറ്റൊരു പോസ്റ്റില്‍ ഡങ്കന്‍ ബൈബിളിനെ ഉദ്ധരിച്ച് ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. ആകാശത്തിലോ ഭൂമിയിലോ കടലിലോ ഉള്ള ഒന്നിന്റെയും വിഗ്രഹമോ പ്രതിമയോ സ്വയം ഉണ്ടാക്കരുത് എന്നും പറഞ്ഞിരുന്നു.

2004 ഓഗസ്റ്റ് 18നാണ് ഹനുമാന്‍ പ്രതിമയുടെ അനാച്ഛാദനം നടന്നത്. അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണിത്. ശ്രീരാമനെയും സീതയെയും ഒന്നിപ്പിക്കുന്നതില്‍ ഹനുമാന്റെ പങ്കിനെ അനുസ്മരിപ്പിച്ചാണ് സ്റ്റാച്യൂ ഓഫ് യൂണിയന്‍ എന്ന പേരിട്ടത്.

Content Highlight: Republican leader makes controversial remarks against Hanuman statue in America, calling it ‘fake Hindu god’

We use cookies to give you the best possible experience. Learn more