ന്യൂദല്ഹി: എസ്.ഐ.ആര് ക്രമക്കേടുകള് ചൂണ്ടിക്കാട്ടി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില് വ്യാഴാഴ്ച ‘പ്രസ് ക്ലബ് ഓഫ് ഇന്ത്യ’യില് നടത്തിയ പത്രസമ്മേളനം തടസപ്പെടുത്തി റിപബ്ലിക് ടി.വി റിപ്പോര്ട്ടര്മാര്. സംയമനം പാലിക്കാന് സാധിച്ചില്ലെങ്കില് പുറത്തേക്കിറങ്ങാന് മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരുന്ന നേഹ ബോറ ആവശ്യപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്ത്തകരും ബഹളം വെച്ചവരോട് ഇറങ്ങിപ്പോകാന് പറഞ്ഞു.
ഐസ പ്രസിഡന്റ് നേഹ ബോറ, സി.ജെ.പി നേതാവ് അഭിജീത് ദീപ്കെ, നടനും സാമൂഹിക പ്രവര്ത്തകനുമായ പ്രകാശ് രാജ്, എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാംഗ് തുടങ്ങിയവര് മാധ്യമങ്ങളോട് സംസാരിച്ചു
എത്രയൊക്കെ പൊലീസ് തടയാന് ശ്രമിച്ചാലും പ്രതിഷേധം മുന്നോട്ട് തന്നെ പോകുമെന്ന് പറഞ്ഞ നേഹ ബോറ അതിനുശേഷം ഒരു കവിത ചൊല്ലാന് തുടങ്ങവെ സംസാരം തടസപ്പെടുത്തിക്കൊണ്ട് റിപ്പോര്ട്ടര്മാര് സംസാരിക്കാന് തുടങ്ങുകയായിരുന്നു.
ബംഗ്ലാദേശിലെ പോലെ അരാജകത്വം സൃഷ്ടിക്കാന് ശ്രമിക്കുകയാണോ എന്ന് ചോദിച്ച റിപ്പോര്ട്ടര്മാരോട് സംസാരിച്ച ശേഷം ചോദ്യങ്ങള്ക്ക് മറുപടി പറയാമെന്ന് നേഹ ബോറ പറഞ്ഞു. എന്നിട്ടും തുടര്ച്ചയായി ബഹളം വെച്ച റിപ്പോര്ട്ടര്മാരെ പുറത്തേക്കിറക്കാന് പ്രസ് ക്ലബ്ബിനോട് നേഹ ആവശ്യപ്പെട്ടു.
സ്ഥലത്തുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്ത്തകര് ബഹളം വെച്ച റിപ്പോര്ട്ടര്മാരോട് സംയമനം പാലിക്കാന് പറഞ്ഞിരുന്നു. അവര് അവരുടെ സ്റ്റുഡിയോയില് ചെയ്യുന്നതാണ് ഇവിടെയും ചെയ്യുന്നതെന്ന് പറഞ്ഞ നേഹ ബോറ പത്രസമ്മേളനം തുടര്ന്നു.
പ്രതിഷേധങ്ങള് റിപ്പോര്ട്ട് ചെയ്യുന്ന മാധ്യമപ്രവര്ത്തകരെ അധികൃതര് ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ നേഹ ബോറ മാധ്യമപ്രവര്ത്തകര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു. തങ്ങള്ക്കും ദശലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഉപകരണങ്ങള്ക്കും ഭീഷണിയുണ്ടായിട്ടും പ്രതിഷേധം റിപ്പോര്ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്ക്ക് നന്ദി പറഞ്ഞു.
‘മാധ്യമപ്രവര്ത്തകരില് നിന്ന് ക്യാമറകള് പിടിച്ചുവാങ്ങുന്നതും, പ്രതിഷേധം റിപ്പോര്ട്ട് ചെയ്താല് ക്യാമറ തിരികെ ലഭിക്കില്ലെന്ന് അവരോട് പറയുന്നതും ഞങ്ങള് കണ്ടു,’ നേഹ ബോറ പറഞ്ഞു.
‘രാഷ്ട്രീയ പാര്ട്ടികളുടെ നിര്ദ്ദേശങ്ങള്ക്കനുസരിച്ച് പ്രവര്ത്തിക്കുന്നവര് തങ്ങളുടെ സ്റ്റുഡിയോകളില് ഇരുന്ന് ഉറക്കെ ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു.’പത്രപ്രവര്ത്തനം, രാഷ്ട്രീയ സ്വാധീനം, സത്യം റിപ്പോര്ട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് നേഹ ബോറ സംസാരിച്ചു.
സ്വതന്ത്രമായി റിപ്പോര്ട്ട് ചെയ്യുന്നതിന് പകരം രാഷ്ട്രീയ നിര്ദ്ദേശങ്ങള് അനുസരിക്കുന്ന മാധ്യമപ്രവര്ത്തകരെ അവര് വിമര്ശിക്കുകയും തെരുവിലിറങ്ങി രാജ്യത്ത് നടക്കുന്ന കാര്യങ്ങള് രേഖപ്പെടുത്തുന്ന മാധ്യമപ്രവര്ത്തകരെ അഭിനന്ദിക്കുകയും ചെയ്യുന്നു.
‘അശുതോഷ് രങ്കയെയും സൗരവ് ദാസിനെയും മാത്രമല്ല അഞ്ച് ദിവസത്തെ കസ്റ്റഡിയില് വിട്ടിരിക്കുന്നത്, മുഴുവന് ഇന്ത്യയുടെയും വോട്ടവകാശത്തിന്റെ ശബ്ദത്തെയാണ് തടങ്കലിലിട്ടിരിക്കുന്നത്. നമ്മള് ഒറ്റക്കെട്ടായി നില്ക്കും, ശബ്ദമുയര്ത്തും, നമ്മുടെ അവകാശങ്ങള് സംരക്ഷിക്കാനായി പോരാട്ടം തുടരും. നമ്മുടെ അവകാശങ്ങള് ഭീഷണി നേരിടുമ്പോള് നമ്മള് നിശബ്ദരായിരിക്കില്ല!’, നേഹ ബോറ പറഞ്ഞു.
നീതി തേടിയെത്തുന്നവരെ സംരക്ഷിക്കുന്നതില് പോലീസ് പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തിയ ബോറ, നിയമപാലകര് ക്രമസമാധാനം പാലിക്കുന്നതിന് പകരം പൊതുജനങ്ങളെ ലക്ഷ്യമിടുകയാണെന്ന് പറഞ്ഞു.
‘ഈ രാജ്യത്ത് സംഭവിക്കുന്നത് ഇതാണ്. സാധാരണക്കാര് നീതി തേടി പോലീസിനെ സമീപിക്കുമ്പോള്, ക്രമസമാധാനം പാലിക്കുന്നതിന് പകരം പോലീസ് ഒരു പ്രത്യേക രാഷ്ട്രീയ പാര്ട്ടിയെ പിന്തുണയ്ക്കുകയും പൊതുജനങ്ങളെ അടിച്ചമര്ത്തുകയും ചെയ്യുന്നു. വളരെക്കാലമായി നമ്മള് ഈ രാജ്യത്ത് കണ്ടുവരുന്ന കാര്യങ്ങളുടെ ഒരു ഉത്തമ ഉദാഹരണമാണിത്,’ അവര് കൂട്ടിച്ചേര്ത്തു
ദല്ഹി എ.സി.പി വിവേക് ഭഗത് ഒരു വനിതാ മാധ്യമപ്രവര്ത്തകയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും, അവര് പരാതി നല്കാന് പോലീസിനെ സമീപിച്ചപ്പോള് അവര്ക്കെതിരെ തന്നെ തിരിച്ചൊരു എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തെന്നും ബോറ പറഞ്ഞു.
Content Highlight: Republic Bharat reporters chose ruckus over journalism at the press briefing featuring Neha Bora, Abhijeet Dipke, Prashant Bhushan and others.