മൂന്ന് പതിറ്റാണ്ടിലധികമായി തമിഴ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് വിജയ്. തമിഴകത്തിന്റെ ദളപതിയായി മാറിയ വിജയ്‌യുടെ ഓരോ സിനിമയും ഇന്‍ഡസ്ട്രിയില്‍ വലിയ ബിസിനസ് ഉണ്ടാക്കാറുണ്ട്. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ സിനിമാജീവിതത്തോട് വിടപറഞ്ഞ് പൂര്‍ണമായും രാഷ്ട്രീയപ്രവര്‍ത്തിനിറങ്ങുന്നെന്ന വിജയ്‌യുടെ തീരുമാനം ആരാധകരില്‍ ഞെട്ടലുണ്ടാക്കി.
വിജയ്‌യുടെ ഫെയര്‍വെല്‍ ചിത്രമായി തിയേറ്ററുകളിലെത്തുന്ന ജന നായകന്‍ പരമാവധി ആഘോഷമാക്കാനാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. ചിത്രത്തിലെ ആദ്യ ഗാനത്തിന് മികച്ച വരവേല്പായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സിനിമാപേജുകളിലെ ചര്‍ച്ചാവിഷയം. ജന നായകന് വേണ്ടി ആദ്യം പ്ലാന്‍ ചെയ്ത ക്ലൈമാക്‌സ് വിജയ് ഇടപെട്ട് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.
കത്തി പോലെ അങ്ങേയറ്റം ഇമോഷണലായിട്ടുള്ള ഒരു ക്ലൈമാക്‌സാണ് സംവിധായകന്‍ എച്ച്. വിനോദ് ആദ്യം ഉദ്ദേശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ തന്റെ അവസാന ചിത്രം കാണാനെത്തുന്ന ആരാധകര്‍ കരഞ്ഞുകൊണ്ട് തിയേറ്റര്‍ വിടരുതെന്ന് വിജയ് നിര്‍ദേശിച്ചെന്നും വളരെ ജോളിയായിട്ടുള്ള രീതിയില്‍ സിനിമ അവസാനിപ്പിക്കണമെന്ന് വിനോദിനോട് ആവശ്യപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്.
സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയ ഒരു റഫറന്‍സ് വിജയ്‌യുടെ അടുത്ത് നിന്നുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരിയറിന്റെ രണ്ടാം പകുതിയില്‍ വലിയ ഇംപാക്ട് സമ്മാനിച്ച സംവിധായകരായ അറ്റ്‌ലീ, ലോകേഷ് കനകരാജ്, നെല്‍സണ്‍ എന്നിവരും ക്ലൈമാക്‌സിലുണ്ടാകുമെന്നും അനിരുദ്ധിന്റെ ഫാസ്റ്റ് നമ്പറില്‍ വിജയ് വക കിടിലന്‍ ഡാന്‍സും ഉണ്ടാകുമെന്നാണ് റൂമറുകള്‍.
‘ദളപതി കച്ചേരി’യില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള എന്‍ഡ് ക്രെഡിറ്റ് സീനുകള്‍ തിയേറ്ററുകള്‍ പൂരപ്പറമ്പാക്കുമെന്നാണ് കരുതുന്നത്. സംവിധായകന്‍ എച്ച്. വിനോദും നിര്‍മാതാവ് വെങ്കടും വിജയ്‌യോടൊപ്പം ചേര്‍ന്ന് ചുവടുവെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വണ്‍ ലാസ്റ്റ് ഡാന്‍സ് എന്ന ടാഗ് ലൈനിലെത്തുന്ന ജന നായകന്‍ ആരാധകര്‍ക്ക് മറക്കാനാകാത്ത സിനിമാനുഭവമാകുമെന്നാണ് കണക്കുകൂട്ടുന്നത്.
രണ്ട് ഗെറ്റപ്പിലാണ് വിജയ് ജന നായകനില്‍ പ്രത്യക്ഷപ്പെടുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിനൊപ്പം പൊലീസ് ഗെറ്റപ്പിലുമെത്തുന്ന കഥാപാത്രമാണ് വിജയ്‌യുടേത്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ക്രൗഡ്പുള്ളറുടെ അവസാന ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ഇംപാക്ടുണ്ടാക്കുമെന്നാണ് കരുതുന്നത്. ജനുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Reports that Vijay requested to change the climax of Jana Nayagan