| Friday, 3rd April 2026, 7:08 am

റീല്‍സെടുത്ത് നടന്ന പിള്ളേരുടെ വക ബോക്‌സ് ഓഫീസിന് റീത്ത്, പുതുമുഖ സംവിധായകന്റെയും നായകന്മാരുടെയും വക റെക്കോഡ് ഓപ്പണിങ്

അമര്‍നാഥ് എം.

സമ്മര്‍ റിലീസുകളോടെ ബോക്‌സ് ഓഫീസിന് വീണ്ടും ഉണര്‍വ് വന്നിരിക്കുകയാണ്. ആട് 3ക്ക് ശേഷം തിയേറ്ററുകളെ വീണ്ടും പൂരപ്പറമ്പാക്കുകയാണ് കഴിഞ്ഞദിവസം പ്രദര്‍ശനത്തിനെത്തിയ വാഴ 2. മികച്ച പ്രതികരണങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യഭാഗത്തെക്കാള്‍ ഗംഭീരമെന്നാണ് പലരും വാഴ 2നെ വിശേഷിപ്പിക്കുന്നത്.

ആദ്യഭാഗത്തില്‍ രണ്ടോ മൂന്നോ സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഹാഷിറും ഗ്യാങ്ങുമാണ് വാഴ 2ലെ പ്രധാന താരങ്ങള്‍. കോമഡിക്കും ഇമോഷനുകള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രത്തെ യൂത്ത് ഏറ്റെടുത്തുകഴിഞ്ഞു. ആദ്യദിനം തന്നെ റെക്കോഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് 10 കോടിക്ക് മുകളില്‍ ആദ്യദിനം വേള്‍ഡ്‌വൈഡ് കളക്ഷനില്‍ സ്വന്തമാക്കിയിട്ടുണ്ട്.

പുതുമുഖ സംവിധായകനും നായകനുമൊന്നിച്ച സിനിമക്ക് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവുമുയര്‍ന്ന കളക്ഷനാകും ഇതെന്നും ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. കേരളത്തില്‍ നിന്ന് മാത്രം അഞ്ച് കോടിക്ക് മുകളില്‍ ചിത്രം നേടിയേക്കുമെന്നും ട്രാക്കര്‍മാര്‍ വിലയിരുത്തുന്നുണ്ട്. ഔദ്യോഗിക കളക്ഷന്‍ ഉച്ചയോടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും.

ആദ്യ വീക്കെന്‍ഡില്‍ തന്നെ 30 മുതല്‍ 40 കോടി വരെ നേടാന്‍ സാധ്യതയുണ്ടെന്നും എല്ലാം ഒത്തുവന്നാല്‍ ഈ വര്‍ഷം മലയാളത്തിലെ രണ്ടാമത്തെ നൂറുകോടി ചിത്രമായി വാഴ 2 മാറിയേക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അടുത്തയാഴ്ച തിയേറ്ററുകളിലെത്തുന്ന സിനിമകളുടെ റിപ്പോര്‍ട്ടും വാഴ 2ന് പ്രധാനമാണെന്നും ബോക്‌സ് ഓഫീസ് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

സംവിധാനം ചെയ്ത ആദ്യചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ സവിന്‍ സ ഇന്‍ഡസ്ട്രിയെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. ആദ്യഭാഗത്തില്‍ കേട്ട വിമര്‍ശനങ്ങളെ വിലക്കെടുത്ത് രണ്ടാം ഭാഗത്തില്‍ അതെല്ലാം തിരുത്തിയ റൈറ്റര്‍ വിപിന്‍ ദാസിനെയും പലരും പ്രശംസിക്കുന്നുണ്ട്. ദൃശ്യം 3 റിലീസ് മാറ്റിയതും വാഴ 2ന് ഗുണം ചെയ്തിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഒരുപിടി താരങ്ങളാണ് വാഴ 2ല്‍ അണിനിരക്കുന്നത്. ഹാഷിര്‍, അലന്‍, വിനായക്, അജിന്‍, അമീന്‍, നിഹാല്‍, ദേവരാജ് എന്നിവര്‍ക്കൊപ്പം ബിജുക്കുട്ടന്‍, സുധീഷ്, വിജയ് ബാബു, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. യൂത്ത് ഓഡിയന്‍സിന്റെ പള്‍സറിഞ്ഞുകൊണ്ട് തന്നെയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിട്ടുള്ളത്.

Content Highlight: Reports that Vaazha 2 movie collected more than 10 crores on first day

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more