| Monday, 31st August 2026, 9:27 pm

ഷൂട്ട് ചെയ്ത് വെച്ചത് ആറ് മണിക്കൂര്‍ ഫൂട്ടേജ്, ടോക്‌സിക് എഡിറ്റ് ചെയ്തത് മൂന്ന് തവണ?

അമര്‍നാഥ് എം.

കന്നഡ സിനിമയെ അടുത്ത ലെവലിലെത്തിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വീരവാദം മുഴക്കിയ ചിത്രമാണ് ടോക്‌സിക്. കെ.ജി.എഫിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിയ യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയത്തിലേക്ക് കുതിക്കുകയാണ്. ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഏറ്റവും വലിയ നഷ്ടമായി ടോക്‌സിക് മാറുമെന്നാണ് കണക്കുകൂട്ടല്‍.

1947 മുതല്‍ 1967 വരെ ഗോവയിലെ അധോലോകത്തിന്റെ കഥയാണ് ടോക്‌സിക് പറയുന്നത്. ഗോവയിലെ സിന്‍ഡിക്കേറ്റിന്റെ തലവനായി മാറിയ രായ എന്ന ഗ്യാങ്‌സ്റ്ററുടെ കഥയാണ് ചിത്രത്തിന്റേത്. യഷ് ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ഒരുതരത്തിലും പ്രേക്ഷകരെ പിടിച്ചിരുത്തിയിട്ടില്ല. മൂന്നേ കാല്‍ മണിക്കൂര്‍ പ്രേക്ഷകരെ ടോര്‍ച്ചര്‍ ചെയ്യുന്ന സിനിമാനുഭവം കൂടിയാണ് ടോക്‌സിക്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒറിജിനല്‍ ഫൂട്ടേജിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. മൊത്തം ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വേര്‍ഷനാണ് ടോക്‌സിക്കിന്റേതായി ഷൂട്ട് ചെയ്തതെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്രയും ദൈര്‍ഘ്യമുള്ള വേര്‍ഷനെ മൂന്നേകാല്‍ മണിക്കൂറിലേക്ക് ചുരുക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓരോ കഥാപാത്രത്തിനും പ്രത്യേകം ഇന്‍ട്രോയും ബാക്ക്‌സ്‌റ്റോറിയും സംവിധായിക ചിത്രീകരിച്ചിട്ടുണ്ടായിരുന്നെന്നും കഥയില്‍ വളരെ പ്രാധാന്യമുള്ള രംഗങ്ങളായിരുന്നു അതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ഭാഗമായി പുറത്തിറക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെന്നും പിന്നീട് ആ തീരുമാനം മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു.

മൂന്ന് വട്ടം വെട്ടിത്തിരുത്തിയ ശേഷമാണ് ഇപ്പോള്‍ കാണുന്ന ഫൈനല്‍ വേര്‍ഷനിലേക്ക് അണിയറപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നതെന്നും മൂവീസ് ഫോര്‍ യു എന്ന പേജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തില്‍ നിന്ന് നീക്കം ചെയ്ത ഭാഗങ്ങള്‍ കാണാനുള്ള അവസരം ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഡിലീറ്റഡ് സീനായോ ഒ.ടി.ടി റിലീസിനൊപ്പമോ കൂട്ടിച്ചേര്‍ത്തേക്കുമെന്നാണ് പ്രതീക്ഷ.

റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ തന്നെ വാഷൗട്ടിന്റെ വക്കിലെത്തിയിരിക്കുകയാണ് ടോക്‌സിക്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് വെറും 240 കോടിയാണ് ചിത്രം നേടിയത്. നിര്‍മാതാവിന് കുറച്ചെങ്കിലും ലാഭം കിട്ടണമെങ്കില്‍ 750 കോടിയെങ്കിലും കളക്ട് ചെയ്യണം. ഇതേ പോക്ക് പോയാല്‍ 300 കോടിക്കടുത്ത് നഷ്ടം ടോക്‌സിക് സമ്മാനിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Reports that Toxic original footage have six hours duration and edited three times

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more