| Wednesday, 29th July 2026, 6:10 pm

എല്ലാവരും ലാലേട്ടനെ പ്രതീക്ഷിച്ച് ഇരിക്കുമ്പോള്‍ വൈശാഖും രാജുവേട്ടനും വേറൊരാളെ ഇറക്കിവിടും... റെയിന്‍ ഫൈറ്റില്‍ കൈയടി നേടാന്‍ ടൊവി

അമര്‍നാഥ് എം.

ഓണം റിലീസുകളോടെ തിയേറ്ററുകളില്‍ വീണ്ടും ജന സാഗരമാകുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. ദൃശ്യം 3ക്ക് ശേഷം എടുത്തുപറയാന്‍ വലിയൊരു ഹിറ്റില്ലാതിരിക്കുന്ന കേരള ബോക്‌സ് ഓഫീസിനെ ഇളക്കിമറിക്കാന്‍ മൂന്ന് വമ്പന്‍ സിനിമകളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. മൂന്നും വ്യത്യസ്ത ഴോണറിലുള്ളതാണെന്നതും ഹൈപ്പ് ഉയര്‍ത്തുന്നു.

ഓണം റിലീസുകളില്‍ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളിലൊന്നാണ് ഖലീഫ. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും പ്രതീക്ഷ നല്‍കുന്നവയായിരുന്നു. ആക്ഷന്‍ ത്രില്ലറായൊരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിയുടെ വ്യത്യസ്ത ഗെറ്റപ്പുകള്‍ ശ്രദ്ധ നേടിയിരുന്നു. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തിയതോടെ ഹൈപ്പ് ഇരട്ടിയായി.

സ്വര്‍ണക്കടത്തും അതുമായി ബന്ധപ്പെട്ട ഗ്യാങ് വാറുമാണ് ഖലീഫയുടെ പ്രമേയം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന അമീര്‍ അലിയുടെ മുത്തശ്ശനായ മാമ്പറക്കല്‍ അഹമ്മദ് അലിയായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. 15 മിനിറ്റോളം വരുന്ന ഭാഗങ്ങളാണ് ഖലീഫയില്‍ മോഹന്‍ലാലിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനൊപ്പം ചിത്രത്തിലെ മറ്റൊരു അതിഥിവേഷവും സിനിമാപേജുകളില്‍ ചര്‍ച്ചയാകുന്നുണ്ട്.

ടൊവിനോ തോമസും ഖലീഫയുടെ ഭാഗമാണെന്ന് ആദ്യം മുതലേ റൂമറുകളുണ്ടായിരുന്നു. അതിനെ ശരിവെക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒരൊറ്റ ഫൈറ്റ് സീനില്‍ മാത്രമാകും ടൊവിനോ പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ചിത്രത്തില്‍ ഏറെ ഹൈപ്പുള്ള റെയിന്‍ ഫൈറ്റില്‍ പൃഥ്വിക്കൊപ്പം ടൊവിനോയുമുണ്ടെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലീന്‍ ബോഡിയില്‍ മലബാറിലെ ‘ചെത്ത് പയ്യന്റെ’ ഗെറ്റപ്പില്‍ ടൊവിനോ എത്തുമ്പോള്‍ തിയേറ്ററുകള്‍ പൂരപ്പറമ്പാകുമെന്ന് ഉറപ്പാണ്. പള്ളിച്ചട്ടമ്പിയില്‍ വര്‍ക്കാകാതെ പോയ പൃഥ്വി- ടൊവിനോ കോമ്പോ ഖലീഫയില്‍ കൈയടി നേടുമെന്നാണ് പ്രതീക്ഷ. മോഹന്‍ലാലിനെ വരെ റിവീല്‍ ചെയ്ത അണിയറപ്രവര്‍ത്തകര്‍ ടൊവിനോയെ രഹസ്യമായി വെക്കുന്നത് ഹൈപ്പ് ഉയര്‍ത്തുകയാണ്.

40 കോടിക്കടുത്ത് ചെലവഴിച്ചാണ് ഖലീഫ അണിയിച്ചൊരുക്കിയത്. പോക്കിരി രാജക്ക് ശേഷം പൃഥ്വിയും വൈശാഖും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഖലീഫക്കുണ്ട്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ജേക്‌സ് ബിജോയ്‌യുടെ സംഗീതത്തില്‍ ഒരുങ്ങിയ ഖലീഫയുടെ ഗ്ലിംപ്‌സ് വൈറലായിരുന്നു. ഓഗസ്റ്റ് 20ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Reports that Tovino’s guest role in Khalifa will make big impact in that movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more