| Sunday, 9th August 2026, 7:54 pm

ഡൂംസ്‌ഡേയില്‍ സ്‌പൈഡര്‍മാനുമുണ്ട്, പക്ഷേ ചെറിയൊരു ട്വിസ്റ്റ്... സിരപ്പാന തരമാന സംഭവം ലോഡിങ്

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും ഗംഭീര സിനിമാനുഭവമാകുമെന്ന് ഉറപ്പിച്ച് പറയാവുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയതും ഹൈപ്പുള്ളതുമായ ഡൂംസ്‌ഡേ വന്‍ സംഭവമാണെന്ന് ഓരോ അപ്‌ഡേറ്റിലും ഉറപ്പുനല്‍കുന്നുണ്ട്. അടുത്തിടെ പുറത്തുവിട്ട ട്രെയ്‌ലര്‍ ആരാധകരെ അത്ഭുതപ്പെടുത്തി.

മാര്‍വല്‍, എക്‌സ്‌മെന്‍, ഫന്റാസ്റ്റിക് ഫോര്‍ എന്നീ കോമിക്‌സുകളിലെ പല വമ്പന്മാരും ഡൂംസ്‌ഡേയില്‍ അണിനിരക്കുന്നുണ്ട്. ക്യാപ്റ്റന്‍ അമേരിക്ക, തോര്‍, ലോക്കി, തണ്ടര്‍ബോള്‍ട്ട്‌സ്, ഷാങ് ചി തുടങ്ങിയവരെല്ലാം ഡോക്ടര്‍ ഡൂമിനെ നേരിടുമ്പോള്‍ തിയേറ്ററില്‍ തീപാറുമെന്ന് ഉറപ്പാണ്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ പലരും ആകാംക്ഷയോടെ കാത്തിരുന്നത് സ്‌പൈഡര്‍മാന്റെ സാന്നിധ്യത്തെക്കുറിച്ചാണ്.

സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയില്‍ ഇതിന്റെ സൂചനയുണ്ടാകുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഡൂംസ്‌ഡേയുടെ ഓപ്പണിങ് സീനില്‍ സ്‌പൈഡര്‍മാന്‍ പ്രത്യക്ഷപ്പെട്ടേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ഇതില്‍ ചെറിയൊരു ട്വിസ്റ്റുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍വലിന്റെ നിലവിലെ സ്‌പൈഡര്‍മാനായ ടോം ഹോളണ്ടല്ല ഡൂംസ്‌ഡേയില്‍ എത്തുന്നത്. പകരം സിനിമാപ്രേമികളുടെ നൊസ്റ്റാള്‍ജിക് പീറ്റര്‍ പാര്‍ക്കറായ ടോബി മഗ്വെയര്‍ ഡൂംസ്‌ഡേയിലെത്തുന്നുണ്ടെന്ന് പറയപ്പെടുന്നു. എക്‌സ് മെന്നിലെ കഥാപാത്രങ്ങള്‍ ടോബിയുടെ സ്‌പൈഡര്‍മാന്റെ യൂണിവേഴ്‌സ് നശിപ്പിക്കുന്നതാണ് ഡൂംസ്‌ഡേയുടെ ഓപ്പണിങ് സീനെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മള്‍ട്ടിവേഴ്‌സ് സാഗയിലൂടെ വലിയൊരു സാധ്യത മാര്‍വല്‍ തുടങ്ങിവെച്ചത് ഡൂംസ്‌ഡേയിലും തുടരുമെന്നാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്ലാ യൂണിവേഴ്‌സുകളെയും ഇല്ലാതാക്കന്‍ ശ്രമിക്കുന്ന ശക്തനായ വില്ലനാണ് ഡോക്ടര്‍ ഡൂം. ഇത്രയും പവര്‍ഫുള്ളായ വില്ലനെ നേരിടാന്‍ എല്ലാവരും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ കഥ.

വളര്‍ത്തുമകളെ സംരക്ഷിക്കുന്ന തോര്‍, ടൈം ട്രാവല്‍ ചെയ്ത് നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ക്യാപ്റ്റന്‍ അമേരിക്ക, വില്ലനില്‍ നിന്ന് ലോകത്തെ സംരക്ഷിക്കുന്നവനായി മാറുന്ന ലോക്കി എന്നിവര്‍ക്ക് ഡൂമിനെ നേരിടാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഡിസംബര്‍ 18ന് ഡൂംസ്‌ഡേ തിയേറ്ററുകളിലെത്തും.

വന്‍ ഹൈപ്പിലെത്തുന്ന ഡൂംസ്‌ഡേക്ക് ബോക്‌സ് ഓഫീസിലെ പോരാട്ടം എളുപ്പമാകില്ല. ഹോളിവുഡിലെ മറ്റൊരു വമ്പന്‍ ചിത്രമായ ഡ്യൂണ്‍ 3യും ഡിസംബര്‍ 18നാണ് പ്രദര്‍ശനത്തിനെത്തുന്നത്. ലോകത്തിലെ സകല ഐമാക്‌സ് സ്‌ക്രീനുകളും ഡ്യൂണ്‍ 3 സ്വന്തമാക്കിയിരിക്കുകയാണ്. രണ്ട് സിനിമകളും ഏറ്റുമുട്ടുമ്പോള്‍ ആര് വിജയിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Reports that Toby Maguire will appear on Avengers Doomsday

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more