| Wednesday, 11th February 2026, 10:23 pm

ആശാന്‍ അങ്കമാലിയിലാണെങ്കില്‍ ശിഷ്യന്‍ കൊല്ലത്ത്, പുതുമുഖങ്ങളെ വെച്ച് ലോക്കല്‍ അടിപ്പടവുമായി ടിനു പാപ്പച്ചന്‍

അമര്‍നാഥ് എം.

കണ്ടുശീലിച്ച മേക്കിങ്ങില്‍ നിന്ന് വ്യത്യസ്തമായി സിനിമകള്‍ ചെയ്ത് സിനിമാപ്രേമികളെ ഞെട്ടിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. തനിക്കിഷ്ടമുള്ള രീതിയില്‍ സിനിമയൊരുക്കുന്ന എല്‍.ജെ.പിയുടെ ശിഷ്യന്മാര്‍ക്കും ഇന്‍ഡസ്ട്രിയില്‍ ആരാധകരുണ്ട്. വെറും മൂന്ന് സിനിമകള്‍ കൊണ്ട് മലയാളത്തില്‍ സ്വന്തം സ്ഥാനം നേടിയ ടിനു പാപ്പച്ചനാണ് ലിജോയുടെ ശിഷ്യരില്‍ പ്രധാനി.

ടിനുവിന്റെ ഏറ്റവും പുതിയ ചിത്രമായ കൊല്ലം കോട്ട കമ്പനിയുടെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സജിന്‍ ഗോപു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് പോലെയുള്ള ചിത്രമാകും കൊല്ലം കോട്ട കമ്പനിയുടേതെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്ലം കോട്ട കമ്പനി Photo: Reddit

ഒറ്റ രാത്രിയില്‍ നടക്കുന്ന കഥയാണ് കൊല്ലം കോട്ട കമ്പനിയുടേത്. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് സജിന്‍ അവതരിപ്പിക്കുന്നത്. വില്ലനായ പൊലീസിനെ നേരിടുന്ന നാല് ചെറുപ്പക്കാരുടെ കഥയായിരിക്കും ചിത്രത്തിന്റേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ടൗണിന്റെ പശ്ചാത്തലത്തില്‍ ലോക്കല്‍ ആക്ഷന്‍ ത്രില്ലറാകും ചിത്രമെന്നും റിപ്പോര്‍ട്ടുണ്ട്.

എല്‍.ജെ.പി അങ്കമാലി പശ്ചാത്തലമാക്കി ലോക്കല്‍ ഗ്യാങ്‌സ്റ്റര്‍ ചിത്രമൊരുക്കി ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചിരുന്നു. 80ലധികം പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസ് ബോക്‌സ് ഓഫീസിലും വലിയ വിജയമായി മാറി. ആശാന്‍ നേടിയ വിജയം ശിഷ്യനും ആവര്‍ത്തിക്കാനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

ഏകദേശം രണ്ട് വര്‍ഷത്തെ ഗ്യാപ്പിന് ശേഷമാണ് ടിനു പാപ്പച്ചന്‍ മറ്റൊരു ചിത്രവുമായി എത്തുന്നത്. 2023ല്‍ റിലീസായ ചാവേര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന്റെ പ്രൊമോഷന്റെ സമയത്ത് ടിനു പറഞ്ഞ വാക്കുകള്‍ ട്രോള്‍ മെറ്റീരിയലായി മാറിയിരുന്നു. മോഹന്‍ലാലിന്റെ ഇന്‍ട്രോയ്ക്ക് തിയേറ്റര്‍ കുലുങ്ങുമെന്നായിരുന്നു ടിനു പറഞ്ഞത്. മലൈക്കോട്ടൈ വാലിബന്റെ റിലീസിന് ശേഷം ടിനു പാപ്പച്ചന്‍ പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നതുമില്ലായിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം ടിനു മറ്റൊരു ചിത്രവുമായി വരുമ്പോള്‍ സിനിമാപ്രേമികള്‍ പ്രതീക്ഷയിലാണ്. ജസ്റ്റിന്‍ പ്രഭാകരാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മാര്‍ക്കോ, ചത്താ പച്ചാ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയ കലൈ കിങ്‌സനാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Reports that Tinu Pappachan’s next movie based on Kollam local gangsters

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more