| Saturday, 19th September 2026, 3:55 pm

200 ദിവസത്തില്‍ കൂടുതല്‍ ഷൂട്ടിങ്, ഏറ്റവും കൂടുതല്‍ സമയമെടുത്ത് ചെയ്ത മലയാള സിനിമ ടിക്കി ടാക്കയോ?

അമര്‍നാഥ് എം.

പ്രേം നസീറിന്റെ കാലത്ത് രണ്ടാഴ്ച സമയം കൊണ്ട് ഒരു സിനിമ ഷൂട്ട് ചെയ്ത് തീര്‍ക്കുന്നതായിരുന്നു പതിവ്. ഈയടുത്ത കാലം വരെ ഇതേ ട്രെന്‍ഡ് തുടര്‍ന്നുപോയിരുന്നു. രണ്ടാഴ്ചയില്‍ നിന്ന് ഒന്നരമാസത്തിലേക്ക് ഷൂട്ടിങ് ദിവസത്തിന്റെ എണ്ണം കൂടിയതാണ് വലിയ മാറ്റം. എന്നാല്‍ ഇന്‍ഡസ്ട്രിയുടെ റേഞ്ച് വലുതാകുന്നതിനനുസരിച്ച് സിനിമ പൂര്‍ത്തിയാക്കാനെടുക്കുന്ന ദിവസങ്ങളുടെ എണ്ണത്തിലും മാറ്റം വരുന്നുണ്ട്.

സമീപകാലത്ത് ഏറ്റവുമധികം സമയമെടുത്ത് പൂര്‍ത്തിയാക്കിയ ചിത്രമേതെന്നാണ് പുതിയ ചര്‍ച്ച. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമായ ടിക്കി ടാക്കയാണ് ലിസ്റ്റില്‍ ഒന്നാമതെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു. 209 ദിവസത്തോളമായിരുന്നു ടിക്കി ടാക്കയുടെ ഷൂട്ടെന്ന് അടുത്തിടെ ആസിഫ് പറഞ്ഞതോടെയാണ് ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.

എഴ് മാസത്തിനടുത്ത് ഒരു സിനിമയുടെ ഷൂട്ട് നീളുക എന്നത് അപൂര്‍വമായ കാര്യമാണ്. പല ഷെഡ്യൂളുകളിലായാണ് ചിത്രം പൂര്‍ത്തിയായത്. എന്നാല്‍ ടിക്കി ടാക്കയെക്കാള് കൂടുതല്‍ സമയമെടുത്ത് പൂര്‍ത്തിയാക്കിയ സിനിമ കത്തനാരാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ജയസൂര്യ നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ട് 217 ദിവസത്തോളം നീണ്ടുനിന്നെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളായ എമ്പുരാനും ഐ ആം ഗെയിമുമെല്ലാം 120 ദിവസത്തിലേറെ ഷൂട്ട് ചെയ്തിരുന്നെന്നും പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ പലരും ചൂണ്ടിക്കാണിക്കുന്നു. പൃഥ്വിയുടെ കൃത്യമായ കണക്കുകൂട്ടല്‍ കൊണ്ടാണ് എമ്പുരാന്‍ പോലൊരു വലിയ ചിത്രം 120 ദിവസത്തില്‍ പൂര്‍ത്തിയായതെന്ന് അഭിപ്രായപ്പെടുന്നുണ്ട്.

ഷൂട്ടിങ് ദിവസത്തിന്റെ എണ്ണം നോക്കിയിട്ട് ഗംഭീര സിനിമയായിരിക്കുമെന്ന് കരുതേണ്ടെന്നും ഐ ആം ഗെയിം അതിന് ഉദാഹരണമാണെന്നും ചിലര്‍ പരിഹസിക്കുന്നു. 180 ദിവസത്തിനടുത്ത് ഷൂട്ട് ചെയ്ത ഐ ആം ഗെയിമിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഗംഭീരമായ ഫസ്റ്റ് ഹാഫും ശരാശരിയിലൊതുങ്ങിയ സെക്കന്‍ഡ് ഹാഫുമാണ് ചിത്രത്തിന് തിരിച്ചടിയായത്.

ഐ ആം ഗെയിമിന് ലഭിച്ച തിരിച്ചടി ടിക്കി ടാക്കക്കും ലഭിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ആസിഫിന് പുറമെ വലിയൊരു താരനിര ടിക്കി ടാക്കയില്‍ അണിനിരക്കുന്നു. വാമിക ഗബ്ബി, ഹരിശ്രീ അശോകന്‍, നസ്‌ലെന്‍, ലുക്മാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഈ വര്‍ഷം അവസാനം ടിക്കി ടാക്ക തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Reports that Tiki Taka movie had shoot of 200 days

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more