| Saturday, 1st November 2025, 9:37 am

ഇത്തവണ സിങ്ക് സൗണ്ടില്ല ? കളങ്കാവലില്‍ മമ്മൂട്ടി ഡബ്ബ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കളങ്കാവല്‍ തിയേറ്ററുകളിലേക്കെത്തുകയാണ്. മെയ് മാസത്തില്‍ റിലീസാകുമെന്നറിയിച്ച ചിത്രം മമ്മൂട്ടിയുടെ ഇടവേള കാരണം വൈകുകയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ നവംബറില്‍ ചിത്രം പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

ഇപ്പോഴിതാ ചിത്രം സിങ്ക് സൗണ്ടിലല്ല ഒരുങ്ങുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിനായി മമ്മൂട്ടി ഡബ്ബ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടിയുടെ ഒരു സിനിമ സിങ്ക് സൗണ്ടില്‍ അല്ലാതെ പുറത്തിറങ്ങുന്നത് കളങ്കാവലിലാണ്. 2021ല്‍ പുറത്തിറങ്ങിയ ദി പ്രീസ്റ്റ് മുതലാണ് മമ്മൂട്ടി സ്ഥിരമായി സിങ്ക് സൗണ്ട് സിനിമകളില്‍ ഉപയോഗിച്ചത്. ഭ്രമയുഗത്തില്‍ ഇതിനൊരു മാറ്റം വന്നിരുന്നു.

ആദ്യമെല്ലാം സിങ്ക് സൗണ്ടിനോട് എല്ലാവര്‍ക്കും താത്പര്യമുണ്ടായിരുന്നെങ്കിലും പിന്നീട് പലരും സിങ്ക് സൗണ്ടിനെതിരെ സംസാരിക്കാന്‍ ആരംഭിച്ചു. സംഭാഷണങ്ങളില്‍ വ്യക്തതയില്ലാത്തതിനാലാണ് പലരും സിങ്ക് സൗണ്ടിനെ എതിര്‍ത്തത്. സിനിമക്ക് കൂടുതല്‍ റിയാലിറ്റി തോന്നിപ്പിക്കുമെങ്കിലും മിക്ക പ്രേക്ഷകര്‍ക്കും ഈ രീതി അത്ര സ്വീകാര്യമല്ലായിരുന്നു.

മമ്മൂട്ടിയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്, ബസൂക്ക എന്നീ സിനിമകളില്‍ സിങ്ക് സൗണ്ട് അരോചകമായി അനുഭവപ്പെട്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ കളങ്കാവലില്‍ സിങ്ക് സൗണ്ട് ഒഴിവാക്കിയത് നന്നായെന്നും പലരും അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അധികം വൈകാതെ പുറത്തിറങ്ങും.

ഇതുവരെ കാണാത്ത തരത്തില്‍ വ്യത്യസ്തമായ വേഷത്തിലാണ് മമ്മൂട്ടി കളങ്കാവലില്‍ പ്രത്യക്ഷപ്പെടുന്നത്. നെഗറ്റീവ് ഷേഡുള്ള വില്ലനാണ് മമ്മൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനായകനാണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്യുന്നത്. ഇരുവരും തമ്മിലുള്ള ഗംഭീര പ്രകടനം തന്നെയാകും കളങ്കാവലിന്റെ ഹൈലൈറ്റെന്നാണ് ആരാധകര്‍ കരുതുന്നത്.

നവാഗതനായ ജിതിന്‍ കെ. ജോസാണ് ചിത്രത്തിന്റെ സംവിധായകന്‍. ക്യാമറക്ക് മുന്നിലും പിന്നിലും വമ്പന്മാരാണ് അണിനിരന്നിട്ടുള്ളത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയാണ് കളങ്കാവലിന്റെ നിര്‍മാണം. മീര ജാസ്മിന്‍, രജിഷ വിജയന്‍, ഗായത്രി അരുണ്‍, അസീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നവംബര്‍ 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Content Highlight: Reports that there won’t be using sync sound in Kalamkaaval movie

We use cookies to give you the best possible experience. Learn more