| Thursday, 20th August 2026, 11:54 am

തുടര്‍ച്ചയായ മൂന്നാം തവണയും രജിനിക്ക് വില്ലന്‍ തെലുങ്കില്‍ നിന്ന്... ധര്‍മനില്‍ തലൈവര്‍ക്കെതിരെ നില്‍ക്കാന്‍ ടോളിവുഡ് ഹീറോ

അമര്‍നാഥ് എം.

നാല് സംവിധായകരെയും അവര്‍ കൊണ്ടുവന്ന കഥയും മാറ്റിയ ശേഷം രജിനികാന്ത് തെരഞ്ഞെടുത്ത ചിത്രമാണ് ധര്‍മന്‍. രജിനിയെ നായകനാക്കി കമല്‍ ഹാസന്‍ നിര്‍മിക്കുന്ന തലൈവര്‍ 173യുടെ ഷൂട്ട് പുരോഗമിക്കുകയാണ്. തലൈവര്‍ ഡോക്ടര്‍ കുപ്പായത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ കഴിഞ്ഞദിവസം ആരംഭിച്ചു.

കരിയറിലാദ്യമായി ഡോക്ടറുടെ കുപ്പായമണിഞ്ഞ് രജിനി പ്രത്യക്ഷപ്പെടുന്ന സിനിമ എന്ന പ്രത്യേകതയും ധര്‍മനുണ്ട്. ചന്ദ്രമുഖിയില്‍ താരത്തിന്റെ കഥാപാത്രം ഡോക്ടറാണെങ്കിലും സൈക്ക്യാട്രിസ്റ്റായാണ് വേഷമിട്ടത്. ധര്‍മന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ വ്യത്യസ്തമായ ഗെറ്റപ്പായിരുന്നു സൂപ്പര്‍സ്റ്റാറിന്റേത്. വന്‍ ഹൈപ്പിലാണ് ചിത്രം ഒരുങ്ങുന്നത്.

ഇപ്പോഴിതാ ധര്‍മനിലെ വില്ലന്‍ വേഷം ചെയ്യാന്‍ തെലുങ്ക് സൂപ്പര്‍താരം റാം പൊത്തിനേനിയെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കില്‍ നായകനായി തിളങ്ങിയ റാം പൊത്തിനേനി തലൈവരുടെ വില്ലനായി പ്രത്യക്ഷപ്പെടുമോ എന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്. റാം ഓക്കെ പറയുകയാണെങ്കില്‍ തുടര്‍ച്ചയായ മൂന്നാം തവണയാകും രജിനിക്ക് തെലുങ്ക് നാട്ടില്‍ നിന്ന് വില്ലനെത്തുക.

2024ല്‍ വേട്ടൈയന്‍ എന്ന ചിത്രത്തില്‍ രജിനികാന്തിന്റെ വില്ലനായെത്തിയത് റാണാ ദഗ്ഗുബട്ടിയായിരുന്നു. ശരാശരി വിജയം മാത്രമായിരുന്നു വേട്ടൈയന്‍ നേടിയത്. പിന്നാലെയെത്തിയ കൂലിയിലും തെലുങ്കില്‍ നിന്നായിരുന്നു പ്രതിയോഗി. സൂപ്പര്‍താരം നാഗാര്‍ജുനയായിരുന്നു തലൈവരുടെ വില്ലനായി വേഷമിട്ടത്. ഇപ്പോഴിതാ ധര്‍മനിലും തെലുങ്കില്‍ നിന്നുള്ള വില്ലന്‍ എത്തുകയാണ്.

ഫാമിലി ആക്ഷന്‍ ത്രില്ലറായിട്ടാകും ധര്‍മന്‍ ഒരുങ്ങുക. രജിനിയുടെ മരുമകന്റെ വേഷത്തിലാകും റാം പൊത്തിനേനി പ്രത്യക്ഷപ്പെടുകയെന്നും ഇരുവരും തമ്മിലുള്ള കോണ്‍ഫ്‌ളിക്റ്റാകും ചിത്രത്തിന്റെ കഥയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓ മൈ കടവുളേ, ഡ്രാഗണ്‍ എന്നീ സൂപ്പര്‍ഹിറ്റുകളൊരുക്കിയ അശ്വത് മാരിമുത്തുവാണ് ധര്‍മന്റെ സംവിധായകന്‍.

സിമ്രാനും റാഷി ഖന്നയുമാണ് ചിത്രത്തിലെ നായികമാര്‍. യോഗി ബാബുവും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. അനിരുദ്ധാണ് ധര്‍മന് സംഗീതം ഒരുക്കുന്നത്. കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്. രജിനി- കമല്‍ കോമ്പോ ധര്‍മനില്‍ ഉണ്ടാകുമോ എന്നും പലരും ഉറ്റുനോക്കുന്നു. 2027 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Reports that Telugu star Ram Pothineni plays antagonist role in Dharman movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more