| Saturday, 20th December 2025, 6:42 am

അന്‍പുസെല്‍വന്‍, ദുരൈസിങ്കം, ജിത്തു മാധവനൊപ്പം ചേരുമ്പോഴും കിടിലന്‍ പേരുമായി സൂര്യ

അമര്‍നാഥ് എം.

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ 47ന്റെ പ്രൊമോ ഷൂട്ട് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ സെറ്റില്‍ സൂര്യ ജോയിന്‍ ചെയ്തതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഷൂട്ടാണ് അണിയറപ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്. ജനുവരി ഒന്നിന് ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഏറെക്കാലത്തിന് ശേഷം സൂര്യ പൊലീസ് വേഷമണിയുന്നു എന്നതാണ് സൂര്യ 47ന്റെ ഏറ്റവും വലിയ പ്രത്യേകത. 2017ല്‍ പുറത്തിറങ്ങിയ സിങ്കം 3യിലാണ് സൂര്യ അവസാനമായി കാക്കിയണിഞ്ഞത്. ചിത്രം തരക്കേടില്ലാത്ത വിജയം സ്വന്തമാക്കിയെങ്കിലും സിങ്കം ഫ്രാഞ്ചൈസിയിലെ ഏറ്റവും മോശം ചിത്രമെന്ന അഭിപ്രായവും നേടിയത്.

സൂര്യ 47ല്‍ സൂര്യയുടെ കഥാപാത്രത്തിന്റെ പേരാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. പുറത്തുവന്ന വീഡിയോയില്‍ സൂര്യയുടെ നെയിം ബാഡ്ജില്‍ കഥാപാത്രത്തിന്റെ പേര് ചിലര്‍ കണ്ടുപിടിച്ചു. ഷണ്മുഖന്‍ എന്നാണ് സൂര്യയുടെ കഥാപാത്രത്തിന്റെ പേരെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം. കരിയറില്‍ കാക്കിയണിഞ്ഞപ്പോഴെല്ലാം ഐക്കോണിക് കഥാപാത്രങ്ങളായിരുന്നു സൂര്യയില്‍ നിന്ന് ലഭിച്ചത്.

ഗൗതം മേനോന്‍ സംവിധാനം ചെയ്ത കാക്ക കാക്കയിലെ അന്‍പുസെല്‍വനും സിങ്കത്തിലെ ദുരൈസിങ്കവും സിനിമാപ്രേമികള്‍ക്കിടയിലെ കള്‍ട്ട് കഥാപാത്രങ്ങളാണ്. ഷണ്മുഖവും അത്തരത്തില്‍ ഐക്കോണിക്കാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ മുമ്പ് ചെയ്തതുപോലെ കംപ്ലീറ്റ് റഫ് ആയിട്ടുള്ള കഥാപാത്രമാകില്ല സൂര്യ 47ലേതെന്നും റിപ്പോര്‍ട്ടുണ്ട്.

ജിത്തു മാധവന്റെ സ്ഥിരം ശൈലിയിലുള്ള കോമിക് ടൈപ്പ് കഥാപാത്രമാകും സൂര്യയുടേതെന്നാണ് കരുതുന്നത്. നല്ല സംവിധായകരുടെ കൈയില്‍ കിട്ടുമ്പോഴെല്ലാം ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന സൂര്യ ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. തമിഴ് ചിത്രമാണെങ്കിലും കഥ നടക്കുന്നത് കേരളത്തിലാണ്.

തമിഴ്‌നാട്ടില്‍ നിന്ന് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ലഭിച്ച് കേരളത്തിലെത്തുന്ന പൊലീസ് ഓഫീസറായാണ് സൂര്യ ഈ ചിത്രത്തില്‍ വേഷമിടുന്നത്. കേരളത്തില്‍ അയാള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാകുമെന്നാണ് ചിത്രം പറയുന്നത്. നസ്രിയ നസീം നായികയായെത്തുന്ന ചിത്രത്തില്‍ നസ്‌ലെനും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. സൂര്യയുടെ പുതിയ പ്രൊഡക്ഷന്‍ ഹൗസായ ഴഗരം സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Reports that Suriya’s character name in Suriya 47 is Shanmughan

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more