| Monday, 8th December 2025, 3:12 pm

മലയാളി സംവിധായകരെ ശ്ശി പിടിച്ചെന്ന് തോന്നുന്നു, ജിത്തു മാധവന് ശേഷം വീണ്ടും മലയാളി സംവിധായകനുമായി കൈകോര്‍ക്കാന്‍ സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ കുറച്ചുകാലമായി കേട്ടുകൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് സൂര്യയുടെ പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം നടന്നു. ആവേശം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയാണ് നായകന്‍. കേരളത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന തമിഴ് ചിത്രമാകും സൂര്യ 47.

ജിത്തു മാധവന് ശേഷം മറ്റൊരു മലയാള സംവിധായകനൊപ്പം സൂര്യ കൈകോര്‍ക്കാന്‍ പോകുന്നു എന്നതാണ് പുതിയ ചര്‍ച്ച. ചുരുക്കം സിനിമകള്‍ കൊണ്ട് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ രാഹുല്‍ സദാശിവനൊപ്പമാണ് സൂര്യ കൈകോര്‍ക്കുകയെന്നാണ് റിപ്പോര്‍ട്ട്. രാഹുലിന്റെ സ്ഥിരം ശൈലിയിലുള്ള ഹൊറര്‍ സബ്‌ജെക്ട് തന്നെയാകും ഈ ചിത്രമെന്നും റിപ്പോര്‍ട്ടുണ്ട്.

സൂര്യ 47ന് ശേഷം ഒരു സിനിമ കൂടി ചെയ്തതിന് ശേഷമാകും രാഹുല്‍- സൂര്യ പ്രൊജക്ട് ഓണാവുകയെന്നുമാണ് പുറത്തുവരുന്ന വിവരം. വര്‍ഷത്തില്‍ രണ്ട് സിനിമ എന്ന നിലയില്‍ കരിയര്‍ പ്ലാന്‍ ചെയ്യുന്ന സൂര്യയുടെ ലൈനപ്പില്‍ വമ്പന്‍ സംവിധായകരാണ്. തമിഴിന് പുറത്തുള്ള മികച്ച സംവിധായകരുമായി കൈകോര്‍ക്കുകയാകും സൂര്യയുടെ ലക്ഷ്യം.

നിലവില്‍ ഷൂട്ട് പുരോഗമിക്കുന്ന സൂര്യ 46 അണിയിച്ചൊരുക്കുന്നത് തെലുങ്ക് സംവിധായകന്‍ വെങ്കി അട്‌ലൂരിയാണ്. 2026 മേയില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ജിത്തു മാധവന്‍- സൂര്യ പ്രൊജക്ട് 2026 ദീപാവലി റിലീസാണ് ലക്ഷ്യം വെക്കുന്നത്. ചിത്രത്തിന്റെ ക്രൂവില്‍ പകുതിയും മലയാളികളാണെന്നത് ശ്രദ്ധേയമാണ്.

നസ്രിയയാണ് ചിത്രത്തിലെ നായിക. മലയാളത്തിലെ സെന്‍സേഷണല്‍ താരം നസ്‌ലെനും സൂര്യ 47ന്റെ ഭാഗമാകുന്നുണ്ട്. സുഷിന്‍ ശ്യാം സംഗീതവും ഉണ്ണി പാലോട് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. മഷര്‍ ഹംസയാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം. തമിഴ്‌നാട്ടില്‍ നിന്ന് കൊച്ചിയിലേക്ക് ട്രാന്‍സ്ഫറായി വരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്.

ഏറെക്കാലത്തിന് ശേഷം പൊലീസ് വേഷത്തില്‍ സൂര്യ പ്രത്യക്ഷപ്പെടുന്നു എന്നതാണ് സൂര്യ 47ന്റെ പ്രത്യേകത. മുമ്പ് ചെയ്ത സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഫണ്ണി മൂഡിലുള്ള പൊലീസായിട്ടാകും സൂര്യ ഈ ചിത്രത്തില്‍ വേഷമിടുക. ജിത്തു മാധവന്‍ സൂര്യയെ എങ്ങനെ അവതരിപ്പിക്കുമെന്നാണ് ആരാധകര്‍ കാണുന്നത്.

സൂര്യ 47ന്റെ പൂജ

സൂര്യയുടെ ഉടമസ്ഥതയിലുള്ള ഴഗരം സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചിയില്‍ ചിത്രത്തിന്റെ പ്രൊമോ ഷൂട്ട് വരുംദിവസങ്ങളില്‍ പുരോഗമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പാണ് സൂര്യയുടെ അടുത്ത തിയേറ്റര്‍ റിലീസ്. ഷൂട്ട് പൂര്‍ത്തിയായ ചിത്രം ജനുവരിയില്‍ തിയേറ്ററുകളിലെത്തും.

Content Highlight: Reports that Suriya might join hands with Rahul Sadasivan

We use cookies to give you the best possible experience. Learn more