13 വര്‍ഷത്തോളം നല്ലൊരു തിയേറ്റര്‍ ഹിറ്റില്ലാതെ മോശം അവസ്ഥയിലൂടെ പൊയ്‌ക്കൊണ്ടിരുന്ന സൂര്യയുടെ അതിഗംഭീര തിരിച്ചുവരവിനാണ് 2026 സാക്ഷ്യം വഹിച്ചത്. ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ കറുപ്പ് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയപ്പോള്‍ പിന്നാലെയെത്തിയ വിശ്വനാഥ് ആന്‍ഡ് സണ്‍സും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
തമിഴ് സിനിമാചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവാണ് സൂര്യ നടത്തിയത്. കറുപ്പിന്റെയും വിശ്വനാഥിന്റെയും വിജയം വരാനിരിക്കുന്ന സിനിമകളുടെ പ്രതീക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. മലയാളിയായ ജിത്തു മാധവനൊപ്പമാണ് സൂര്യ അടുത്തതായി കൈകോര്‍ക്കുന്നത്. സൂര്യ 47 എന്ന് താത്കാലിക ടൈറ്റില്‍ നല്‍കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ ഒഫിഷ്യലായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ലീക്കായി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സീന്‍ എന്നാകും ചിത്രത്തിന്റെ പേര് എന്നാണ് ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ് ടച്ചുള്ള രീതിയില്‍ ‘Scene-uh’ എന്നാകും ടൈറ്റിലെന്നും ചില പേജുകള്‍ പ്രവചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പും ഇത്തരത്തില്‍ സൂര്യ 47ന്റെ ടൈറ്റിലിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഗലാട്ട എന്നാണ് അന്ന് ഉയര്‍ന്നുകേട്ട പേര്. ജിത്തു മാധവന്റെ ശൈലിയില്‍ ആ ടൈറ്റില്‍ സിനിമക്ക് അനുയോജ്യമാകുമെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ഗലാട്ടയാണോ സീന്‍ ആണോ എന്ന് വരുംദവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചേക്കും.
സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്ന പശ്ചാത്തലത്തില്‍ തന്റെ പിറന്നാളിന് ആഘോഷങ്ങളൊന്നും വേണ്ടെന്ന് സൂര്യ തീരുമാനിച്ചതോടെ ടീസര്‍ റിലീസ് മാറ്റിവെച്ചു. വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് അടുത്തയാഴ്ച ടീസര്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറെക്കാലത്തിന് ശേഷം സൂര്യ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. തമിഴ് സിനിമയാണെങ്കിലും സൂര്യ 47ന്റെ കാസ്റ്റിലും ക്രൂവിലും മലയാളികളുടെ നീണ്ട നിരയാണുള്ളത്. നസ്രിയയാണ് ചിത്രത്തിലെ നായിക. മോളിവുഡിലെ പുത്തന്‍ സെന്‍സേഷന്‍ നസ്‌ലെനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട് സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം.
Content Highlight: Reports that Suriya 47 movie title might be Scene-uh