| Thursday, 9th October 2025, 8:28 pm

ഇതാണോ ടൈറ്റില്‍? ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ലീക്കായി SSMB 29ന്റെ ടൈറ്റില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയുടെ റേഞ്ച് ലോകസിനിമക്ക് മുമ്പില്‍ വ്യക്തമാക്കാന്‍ പോകുന്ന പ്രൊജക്ടായാണ് രാജമൗലിയുടെ അടുത്ത ചിത്രത്തെ പലരും കണക്കാക്കുന്നത്. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവുമായി രാജമൗലി കൈകോര്‍ക്കുന്ന ചിത്രത്തിന് SSMB 29 എന്നാണ് താത്കാലികമായി നല്‍കിയിരിക്കുന്ന ടൈറ്റില്‍. മഹേഷ് ബാബുവിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

അനൗണ്‍സ് ചെയ്ത് രണ്ട് വര്‍ഷത്തോടടുക്കുമ്പോഴും ചിത്രത്തിന്റെ ഫസ്റ്റ് ലുക്കോ ടൈറ്റിലോ പുറത്തുവിട്ടിട്ടില്ല. മഹേഷ് ബാബുവിന്റെയോ രാജമൗലിയുടെയോ പിറന്നാല്‍ ദിനത്തില്‍ ടൈറ്റില്‍ പുറത്തുവിടുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അണിയറപ്രവര്‍ത്തകരുടെ പ്ലാന്‍ മറ്റൊന്നായിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് തന്നെ ഗ്രാന്‍ഡ് ഇവന്റാക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.

നവംബര്‍ 16ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിടുമെന്നാണ് അറിയിച്ചത്. എന്നാല്‍ ടൈറ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പേ സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിന്റെ ടൈറ്റില്‍ ലീക്കായെന്നാണ് റിപ്പോര്‍ട്ടുകള്‍. വാരണാസി എന്നാണ് ചിത്രത്തിന്റെ പേരെന്ന് സോഷ്യല്‍ മീഡിയയിലെ സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വന്‍ ബജറ്റില്‍ പാന്‍ വേള്‍ഡ് ലെവലില്‍ പ്രൊമോഷന്‍ കൊടുത്ത് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഇതാണോയെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ രാജമൗലി സിനിമയിലാണ് വിശ്വസിക്കുന്നതെന്നും ടൈറ്റില്‍ ഏതായാലും കാര്യമില്ലെന്നും ചിലര്‍ മറുപടി നല്കുന്നുണ്ട്. 30 കോടി ബജറ്റിലെടുത്ത ചിത്രത്തിന് ഈച്ച എന്നാണ് രാജമൗലി പേരിട്ടതെന്നും ആ സിനിമ ബ്ലോക്ക്ബസ്റ്ററായെന്നും മറുപടികളുയരുന്നുണ്ട്.

വാരണസിയില്‍ ആരംഭിച്ച് ലോകം മുഴുവന്‍ ചുറ്റിവരുന്ന കഥയാണ് ചിത്രത്തിന്റേതെന്നും അതിനാലാണ് വാരണാസി എന്ന് ടൈറ്റില്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുമ്പ് ജെന്‍ 63 എന്നാകും ടൈറ്റിലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിത്രത്തിനായി ഹൈദരബാദില്‍ 48 കോടി ബജറ്റില്‍ യഥാര്‍ത്ഥ വാരണാസി പുനസൃഷ്ടിച്ചത് വലിയ വാര്‍ത്തയായിരുന്നു. യഥാര്‍ത്ഥ വാരണാസിയില്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിനാലാണ് സെറ്റിട്ടതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ടൈറ്റില്‍ റിവീലിനൊപ്പം ചിത്രത്തിന്റെ പ്രൊമോഷന്‍ ഗ്ലിംപ്‌സും പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹേഷ് ബാബുവിനൊപ്പം പൃഥ്വിരാജും പ്രിയങ്ക ചോപ്രയും അണിനിരക്കുന്ന പ്രൊമോ വീഡിയോ ഷൂട്ട് ചെയ്‌തെന്നും സി.ജി വര്‍ക്കുകള്‍ മാത്രമാണ് ബാക്കിയെന്നും കേള്‍ക്കുന്നു. മുംബൈയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഇവന്റില്‍ ഹോളിവുഡിലെ വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പങ്കെടുക്കുമെന്നും അദ്ദേഹമാണ് ടൈറ്റില്‍ പ്രഖ്യാപിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. ഒഡിഷയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. പിന്നീട് ഹൈദരബാദ്, ലണ്ടന്‍, കെനിയ, ടാന്‍സാനിയ എന്നിവിടങ്ങളില്‍ മറ്റ് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി. യു.എസ്, മെക്‌സിക്കോ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാകും അടുത്ത ഷെഡ്യൂളെന്ന് കേള്‍ക്കുന്നു. 2027 ഒടുവില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.

Content Highlight: Reports that SSMB 29 titled as Varanasi and it has leaked before announcement

We use cookies to give you the best possible experience. Learn more