ഇന്ത്യന്‍ സിനിമയുടെ അഭിമാന പ്രൊജക്ടായി കണക്കാക്കപ്പെടുന്ന പ്രൊജക്ടാണ് SSMB 29. ആര്‍.ആര്‍.ആറിന് ശേഷം എസ്. എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ റിവീല്‍ ഇവന്റിനായി സിനിമാലോകം കാത്തിരിക്കുകയാണ്. നവംബര്‍ 15ന് ഹൈദരബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടക്കുന്ന ഗ്രാന്‍ഡ് പരിപാടിയില്‍ വെച്ചാണ് ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്യുക.
ഷൂട്ട് പകുതിയായ ചിത്രം റൈറ്റ്‌സിലൂടെ മാത്രം വമ്പന്‍ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ടൈറ്റില്‍ റിവീല്‍ ഇവന്റിന്റെ സ്ട്രീമിങ് ടൈറ്റ്‌സ് ജിയോ ഹോട്‌സ്റ്റാറാണ് നേടിയത്. 150 കോടിയാണ് ടൈറ്റില്‍ റിവീലിന്റെ റൈറ്റ്‌സ്. ഷൂട്ട് ആരംഭിച്ചപ്പോള്‍ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സിനായി നെറ്റ്ഫ്‌ളിക്‌സ് അണിയറപ്രവര്‍ത്തകരെ സമീപിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
750 കോടിയാണ് ചിത്രത്തിനായി നെറ്റ്ഫ്‌ളിക്‌സ് ചെലവാക്കിയ തുകയെന്നും പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമുയര്‍ന്ന സ്ട്രീമിങ് റൈറ്റ്‌സ് നേടിയ ചിത്രം പുഷ്പ 2വാണ്. 275 കോടിക്കാണ് പുഷ്പയെ നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത്. പുഷ്പയുടെ ഇരട്ടിയിലധികം തുകക്ക് SSMB 29നെ നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയാല്‍ ചരിത്രമാകുമെന്നാണ് വിലയിരുത്തല്‍.
ഈ രണ്ട് റൈറ്റ്‌സും കൂടി ചേരുമ്പോള്‍ 900 കോടിയാണ് SSMB 29 സ്വന്തമാക്കിയത്. 1000 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസിന് മുമ്പ് തന്നെ ചിത്രം ബജറ്റ് തിരിച്ചുപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യന്‍ സിനിമയിലെ പല കളക്ഷന്‍ റെക്കോഡുകളും SSMB 29ന് മുന്നില്‍ തകര്‍ന്ന് വീഴുമെന്ന് ഉറപ്പാണ്.
ഒഡിഷയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. പിന്നീട് യു.കെ, കെനിയ, ഹൈദരബാദ് എന്നിവിടങ്ങളിലായി മറ്റ് ഷെഡ്യൂളുകളും പുരോഗമിക്കുകയാണ്. യു.എസ്, ടാന്‍സാനിയ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാകും അടുത്ത ഷെഡ്യൂളുകളെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൈദരാബാദില്‍ 58 കോടിക്ക് വാരണസി നഗരത്തിന്റെ സെറ്റ് നിര്‍മിച്ചത് വലിയ വാര്‍ത്തയായിരുന്നു.
അതേസമയം റാമോജി ഫിലിം സിറ്റിയില്‍ ടൈറ്റില്‍ റിവീല്‍ ഇവന്റിനുള്ള പരിപാടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ലോകസിനിമയിലെ ഇതിഹാസം ജെയിംസ് കാമറൂണാകും ടൈറ്റില്‍ പുറത്തുവിടുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയിലെ പല വമ്പന്മാരും ചടങ്ങില്‍ സന്നിഹിതരാകും. ഗ്ലോബ്‌ട്രോട്ടര്‍ എന്ന ടാഗ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരിക്കുകയാണ്.
Content Highlight: Reports that SSMB 29 got 900 crores through digital and title reveal event rights